തിരുവനന്തപുരം: അമ്പിളി ദേവി നൽകിയ ഗാർഹിക പീഡന പരാതിയിൽ സീരിയൽ നടൻ ആദിത്യന്റെ അറസ്റ്റ് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു. ആദിത്യൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥന് നോട്ടീസ് അയച്ചു. ആദിത്യന്റെ ആത്മഹത്യാ ശ്രമത്തിന് ശേഷമാണ് അമ്പിളീ ദേവി പൊലീസിൽ പരാതി നൽകിയത്. സിസിടിവി ദൃശ്യങ്ങൾ സഹിതമായിരുന്നു കേസ് നൽകൽ. ഈ സാഹചര്യത്തിൽ ആദിത്യനെതിരെ പൊലീസ് ജാമ്യമില്ലാ കുറ്റം ചുമത്തിയെന്നാണ് സൂചന.

സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കാണിച്ചാണ് അമ്പിളി ദേവി പരാതി നൽകിയിരിക്കുന്നത്. സൈബർ സെല്ലിനും കരുനാഗപ്പള്ളി എസിപിക്കുമാണ് പരാതി നൽകിയത്. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് തന്റെ സ്ത്രീത്വത്തെ അപമാനിക്കാനാണ് ആദിത്യൻ ശ്രമിക്കുന്നതെന്നും അമ്പിളിദേവി പരാതിപ്പെടുന്നു. ദിവസങ്ങൾക്ക് മുമ്പ് ആദിത്യൻ ജയനെ ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ തൃശ്ശൂർ സ്വരാജ് റൗണ്ടിൽ കണ്ടെത്തിയിരുന്നു. കൈഞരമ്പ് മുറിച്ച നിലയിലാണ് ആദിത്യൻ ജയനെ കണ്ടെത്തിയത്.

അമ്പിളി ദേവിയുടെ വീട്ടിലെത്തി ആദിത്യൻ അക്രമം കാട്ടുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു ആത്മഹത്യാ ശ്രമവും. ഇത് നാടകമാണെന്ന സംശയവും അമ്പിളി ദേവി മറുനാടനോട് പങ്കുവച്ചിരുന്നു. അമ്പിളി ദേവിയുടെയും ആദിത്യൻ ജയന്റെയും കുടുംബപ്രശ്നങ്ങൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വാർത്തയാണ്. ആദിത്യൻ ജയന്റെ ആരോഗ്യ നില പൂർണ്ണ തൃപ്തികരമാണ്. പഴയ ആരോഗ്യ സ്ഥിതിയിലേക്ക് മടങ്ങി വന്നു കഴിഞ്ഞു.

സ്വരാജ് റൗണ്ടിൽ നടുവിലാലിനു സമീപത്താണ് ആദിത്യൻ ആത്മഹത്യയ്ക്ക ശ്രമിച്ച നിലയിൽ കണ്ടത്. കാറിനുള്ളിൽ ആദിത്യൻ ജയൻ തളർന്നു കിടക്കുന്നതു വഴിയാത്രക്കാരാണു കണ്ടത്. ഉടൻ ജനറൽ ആശുപത്രിയിലെത്തിച്ചു. ബ്ലേഡ് ഉപയോഗിച്ച് ഒന്നിലധികം തവണ ഞരമ്പ് മുറിക്കാൻ ശ്രമിച്ച നിലയിലായിരുന്നെന്നു പരിശോധനയിൽ കണ്ടെത്തി. 10 ഉറക്ക ഗുളികകൾ കഴിച്ചിട്ടുണ്ടെന്നും വ്യക്തമായി. അന്തരിച്ച നടൻ ജയന്റെ സഹോദരപുത്രനാണ് ആദിത്യൻ.

ആദിത്യനും നടിയും ഭാര്യയുമായ അമ്പിളീദേവിയും തമ്മിൽ കുറച്ചു കാലമായി നീരസത്തിലാണ്. ആരോപണപ്രത്യാരോപണങ്ങൾ ഇരു കൂട്ടരും ഉന്നയിച്ചിരുന്നു. സാമൂഹിക മാധ്യമങ്ങളിലേക്കും ആക്ഷേപങ്ങൾ നീണ്ടു. ഇതിനിടെയാണ് ആത്മഹത്യാശ്രമം. ആദിത്യനു വഴിവിട്ട ബന്ധങ്ങളുണ്ടെന്നും താൻ അസ്വസ്ഥയാണെന്നും ഭാര്യ ഏതാനും സുഹൃത്തുക്കളോടു പറഞ്ഞിരുന്നുവെന്നാണ് സൂചന. ഇതു സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായി. തന്നെ തെറ്റിദ്ധരിച്ചതാണെന്ന് ആദിത്യൻ മറു കുറിപ്പിട്ടു. ആദിത്യൻ അമ്പിളീദേവിയുടെ വീട്ടിലെത്തി വധിക്കുമെന്നു ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.

തൃശൂരിലെ ഒരു യുവതിയുമായുള്ള സൗഹൃദത്തെ ചൊല്ലി, അമ്പിളി ദേവിയുമായുള്ള വിവാഹ ബന്ധത്തിലെ അസ്വാരസ്യങ്ങൾ അടുത്തിടെ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ആദിത്യൻ വീട്ടിലെത്തി വധഭീഷണി മുഴക്കിയെന്നും വിവാഹമോചനം ആവശ്യപ്പെട്ട് കുഴപ്പങ്ങളുണ്ടാക്കിയെന്നും അമ്പിളി ദേവി ആരോപിച്ചിരുന്നു.ആദിത്യന്റെ പ്രത്യാരോപണങ്ങളും ഉയർന്നിരുന്നു. അമ്പിളിയെ ഭീഷണിപ്പെടുത്തിയിട്ടില്ല എന്നായിരുന്നു ജയൻ പ്രതികരിച്ചത്. ഏതൊരു കുടുംബജീവിതത്തിലും ഉണ്ടാകുന്ന പ്രശ്നങ്ങളാണ് തങ്ങൾക്കിടയിലുണ്ടായതെന്നും അത് വ്യക്തിപരമായി തകർക്കാനുള്ള ആയുധമായി ഉപയോഗിക്കരുതെന്നും ജയൻ പറഞ്ഞിരുന്നു.

ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും, തന്നോട് വിവാഹമോചനം ആവശ്യപ്പെടുന്നുവെന്നും, തനിക്ക് ഭീഷണിയുണ്ടെന്നും അമ്പിളി സോഷ്യൽ മീഡിയ വഴി പ്രതികരിച്ചിരുന്നു. എന്നാൽ സംഭവത്തിൽ പറയുന്ന സ്ത്രീ സുഹൃത്താണെന്നും, ഭാര്യ അമ്പിളിയെ ഭീഷണിപ്പെടുത്തിയിട്ടില്ല എന്ന് ജയനും മറുപടി നൽകിയിരുന്നു. ഏതൊരു കുടുംബ ജീവിതത്തിലും ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ് തങ്ങൾക്കിടിയിലും ഉണ്ടായതെന്നും അതിങ്ങനെ വ്യക്തിപരമായി തകർക്കാനുള്ള ആയുധമായി ഉപയോഗിക്കരുത് എന്നും ജയൻ പറഞ്ഞു. 'ഞാൻ കൊല്ലുമെന്നോ സൈബർ ആക്രമണം നടത്തുമെന്നോ പറഞ്ഞിട്ടില്ല. വ്യാജ ആരോപണങ്ങളാണ് അമ്പിളി ദേവി ഉന്നയിക്കുന്നത്,' എന്നുമാണ് ജയൻ പറഞ്ഞത്.