പത്തനംതിട്ട: സോളാർ പരാതിക്കാരിയെ താൻ ഫോണിൽ വിളിച്ചിട്ടുണ്ടെന്നും അതൊന്നും നിഷേധിക്കുന്നില്ലെന്നും ആറ്റിങ്ങൽ എംപി അടൂർ പ്രകാശ്. പ്രസ് ക്ലബിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോന്നി മണ്ഡലത്തിലുള്ള മറിയാമ്മ ടീച്ചറിൽ നിന്ന് സോളാർ പാനൽ വച്ചു കൊടുക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ സോളാർ പീഡന പരാതിക്കാരി തട്ടിയെടുത്തിരുന്നു. അത് തിരികെ വാങ്ങി കൊടുക്കാൻ സഹായിക്കണമെന്ന് പറഞ്ഞ് മറിയാമ്മ ടീച്ചർ എന്നെ വിളിച്ചിരുന്നു.

ആ വിവരം പറയാനാണ് സോളാർ പീഡന പരാതിക്കാരിയെ വിളിച്ചത്. അത് അന്നും ഇപ്പോഴും ഞാൻ നിഷേധിക്കുന്നില്ല. ഈ വിവരം അറിഞ്ഞ് ചില മാധ്യമപ്രവർത്തകർ ടീച്ചറുടെ അടുത്ത് ചെന്ന് അടൂർ പ്രകാശിനെതിരേ പറയാൻ ആവശ്യപ്പെട്ടു. എന്നാൽ, 100 പവർ സ്വർണം തന്നാൽ പോലും ഇല്ലാത്തതൊന്നും പറയില്ല എന്ന നിലപാടിൽ ടീച്ചർ ഉറച്ചു നിന്നു. അവരിപ്പോൾ മകന്റെ വീട്ടിലാണ്. തിരുവല്ല വരെ പോയാൽ അവരെ കാണാം.

നിങ്ങൾക്ക് സംശയമുണ്ടെങ്കിൽ പോയി ചോദിക്കൂ. സോളാർ പീഡന കേസ് കോടതിയിലാണല്ലോ? പൊലീസോ കോടതിയോ അന്വേഷിക്കട്ടെ. തെറ്റുകാരനാണെങ്കിൽ എന്നെ ശിക്ഷിക്കട്ടെ. ചുമ്മാ കാടിളക്കി വെടിവച്ചിട്ട് കാര്യമില്ല. ഈ ആക്ഷേപമുന്നയിച്ച വ്യക്തിക്കെതിരേ കേസ്വന്നല്ലോ? പുറംവാതിൽ നിയമനം നടത്തി ലക്ഷങ്ങൾ വാങ്ങിയല്ലോ? എന്നിട്ട് അവർ വന്ന് മുഖ്യമന്ത്രിയുടെ മുന്നിൽ നിൽക്കുന്നു. എന്നിട്ട് ഇവരെ കിട്ടുന്നില്ലെന്ന് പറഞ്ഞ് കോടതിയിൽ റിപ്പോർട്ട് കൊടുക്കുന്നത് നാണക്കേട് അല്ലേ? ഇത് കേരളത്തിന് അപമാനമാണ് എന്ന് അടൂർ പ്രകാശ് പറഞ്ഞു.

കോന്നിയിൽ മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണ്. കെ.സുരേന്ദ്രൻ നാലാം സ്ഥാനത്ത് പോയാലും അതിശയിക്കാനില്ല. കോന്നിയിൽ എൽഡിഎഫ്-ബിജെപി ധാരണയുണ്ട്. കോന്നിയിൽ എൽഡിഎഫിനെ സഹായിക്കുന്നതിന് പകരം മഞ്ചേശ്വരത്ത് എൽഡിഎഫ് ബിജെപിയെ സഹായിക്കും. സംസ്ഥാന അധ്യക്ഷനെ ജയിപ്പിക്കാൻ വേണ്ടിയാണ് ഈ ധാരണ. ഇത് വെറും ആരോപണമല്ല. വാസ്തവമാണ്. തെളിവുകൾ വോട്ട് എണ്ണി കഴിയുമ്പോൾ പുറത്തു വരും.

കോന്നിയിലെ ഉപതെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമെന്താണെന്ന് എന്നെ കൊണ്ട് എന്തിനാണ് പറയിപ്പിക്കുന്നത് എന്നു അടൂർ പ്രകാശ് ചോദിച്ചു. ഇക്കുറി മുന്നണി സംവിധാനം ശക്തമാണ്. മികച്ച പ്രവർത്തനമാണ് നടക്കുന്നത്. റോബിൻ പീറ്ററുടെ വിജയം ഉറപ്പാണ്.
എൽഡിഎഫ് സർക്കാർ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത കോന്നി, വയനാട് മെഡിക്കൽ കോളജുകൾ ബോർഡിൽ മാത്രമാണുള്ളത്. ജനങ്ങളെ പറ്റിക്കുകയാണ് സർക്കാർ ചെയ്യുന്നത്.

മെഡിക്കൽ കോളജ് അനുവദിക്കുന്നതിന് ഇന്ത്യൻ മെഡിക്കൽ കൗൺസിലിന് ചില നിബന്ധനകളുണ്ട്. 300 കിടക്കകളുള്ള ആശുപത്രി വേണമെന്നതാണ് അതിലൊന്ന്. വിവിധ ചികിൽസാ വിഭാഗങ്ങൾ അവിടെ പ്രവർത്തിക്കുന്നുണ്ടാകണം. കോന്നിയിൽ മെഡിക്കൽ കോളജിന് കെട്ടിടമെങ്കിലും ഉണ്ട്. വയനാട്ടിൽ ജില്ലാ ആശുപത്രിക്ക് മെഡിക്കൽ കോളജ് എന്ന ബോർഡ് വച്ച് ജനങ്ങളെ പറ്റിക്കുകയാണ്. കേരളത്തിലെ ജനങ്ങൾ അറിയാൻ വേണ്ടി പറയുന്നു. സർക്കാർ നിങ്ങളെ കബളിപ്പിക്കുകയാണ്.

പുറംവാതിൽ നിയമനം നടത്താൻ വേണ്ടി ജനപ്രതിനിധി എന്ന നിലയിൽ ചില ആളുകൾ കോന്നിയിൽ അഭ്യാസം നടത്തിക്കൊണ്ടിരിക്കുന്നു. സർക്കാർ മെഡിക്കൽ കോളജിൽ കോവിഡിന്റെ പേര് പറഞ്ഞ് ചില ഉദ്യോഗസ്ഥരുമായി ചില നീക്കങ്ങൾ നടത്തുന്നു. സെക്യൂരിറ്റി നിയമന വിവാദം കാരണം കോന്നി മെഡിക്കൽ കോളജ് പ്രിൻസിപ്പാൾ ദീർഘ കാല അവധി എടുത്തു പോയെന്നാണ് അറിയുന്നത്. മെഡിക്കൽ കോളജിൽ സെക്യൂരിറ്റി ജോലിക്ക് വിമുക്തഭടന്മാരെ നിയമിക്കണമെന്നാണ് നിയമം. അങ്ങനെ സൂപ്രണ്ടും പ്രിൻസിപ്പാളും ചേർന്ന് നിയമിച്ച ജീവനക്കാരെയാണ് പറഞ്ഞു വിടാൻ ജനപ്രതിനിധി നിർദേശിച്ചത്. അതിന് കഴിയാത്തതു കൊണ്ടാണ് പ്രിൻസിപ്പാൾ അവധിയിൽ പ്രവേശിച്ചത് എന്നാണ് അറിയുന്നതെന്നും അടൂർ പ്രകാശ് പറഞ്ഞു.

ഇപ്പോൾ വരുന്ന സർവേ റിപ്പോർട്ടുകൾ പൂർണമായി ഉൾക്കൊള്ളുന്നില്ല. കള്ളവോട്ടുകൾ നിരവധിയുണ്ട്. നിയോജക മണ്ഡലം എടുത്തു പരിശോധിച്ചാൽ കള്ളവോട്ടുകളുടെ കൂമ്പാരമാണുള്ളത്. ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിൽ മാത്രം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 1.14 ലക്ഷം കള്ളവോട്ട് ഉണ്ടായിരുന്നു. ഒരാൾക്ക് മൂന്നിടത്ത് വരെ വോട്ടും തിരിച്ചറിയൽ കാർഡും ഉണ്ടായിരുന്നു. ഇതെല്ലാം ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഉണ്ടാക്കിയെടുത്തതാണ്. താൻ ആദ്യം തെളിവുകൾ സഹിതം പരാതി നൽകിയപ്പോൾ കലക്ടർ അംഗീകരിച്ചില്ല. മൂന്നാം നാൾ പരാതി ശരിയാണെന്ന് കലക്ടർ തന്നെ പ്രഖ്യാപിച്ചു. 54,000 കള്ളവോട്ടുകൾ ചെയ്യാൻ കഴിയാത്ത അവസ്ഥ ഉണ്ടായി. അതു കൊണ്ടാണ് ആറ്റിങ്ങൽ മോഡൽ എന്നു കണ്ടെത്തി ഇപ്പോൾ സംസ്ഥാന വ്യാപകമാക്കിയിരിക്കുന്നത് എന്നും ആറ്റിങ്ങൽ എംപി പറഞ്ഞു.