തിരുവനന്തപുരം: തിരുവനന്തപുരം: തന്റെ കുടുംബത്തിനുനേരെ ഉയരുന്ന ആരോപണങ്ങൾക്കു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് മന്ത്രി ഇ.പി. ജയരാജൻ പറയുന്നു. സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുത്ത മന്ത്രി തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് താൻ ക്വാറന്റീനിൽ ആയിരുന്നു. എന്നാൽ, ഭാര്യ ക്വാറന്റീനിൽ ആയിരുന്നില്ല. കോവിഡ് പ്രേട്ടോകോൾ ലംഘിച്ച് ഭാര്യ അവർ നേരത്തേ ജോലിചെയ്ത കണ്ണൂരിലെ ബാങ്കിൽ പോയെന്നാണു പ്രചരിപ്പിക്കുന്നത്. പേരക്കുട്ടിയുടെ പിറന്നാൾ പ്രമാണിച്ച് ലോക്കറിലുള്ള കുട്ടികളുടെ ആഭരണം എടുക്കാനാണു പോയത്. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് എല്ലാ ഇടപാടുകളും നടത്തിയതെന്നും മന്ത്രി പറയുന്നു. എന്നാൽ കോവിഡ് പരിശോധനയ്ക്ക് സ്രവം എടുത്താൽ പിന്നെ ക്വാറന്റൈൻ ആണെന്നാണ് ചട്ടം. രാഷ്ട്രീയ എതിരാളികൾക്കെതിരെ സർക്കാർ തന്നെ ഈ തന്ത്രം പുറത്തിറക്കിയിട്ടുണ്ട്. ഇതിന്റെ അനുഭവം ഫെയ്‌സ് ബുക്കിൽ പങ്കുവയ്ക്കുകയാണ് യൂത്ത് കോൺഗ്രസ് നേതാവ് അഡ്വ വിണ എസ് നായർ.

യൂത്ത് കോൺഗ്രസ് നേതാവ് അഡ്വ വിണ എസ് നായരുടെ ഫെയ്‌സ് ബുക്ക് പേജിന്റെ പൂർണ്ണ രൂപം

മന്ത്രിയുടെ ഭാര്യ ക്വാറന്റൈനിൽ അല്ല പോലും.. അവർ പുറത്തു പോയതിൽ തെറ്റില്ല എന്ന് വാദിക്കുന്നവർ അറിയാൻ ഞാൻ എന്റെ അനുഭവം പങ്കുവയ്ക്കുന്നു.

ഓണം ഉത്രാട ദിവസമായിരുന്നു സെക്രട്ടറിയേറ്റിന്റെ മതിൽ ചാടിക്കടന്നതിനു റിജിയെയും എന്നെയും പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഉച്ചയോടെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യമില്ല വകുപ്പ് ചുമത്തി ജയിലിൽ അടയ്ക്കാനായിരുന്നു പൊലീസ് തീരുമാനം. അതിന്റെ മുന്നോടിയായി മെഡിക്കൽ ചെക്കപ്പിനായി ആശുപത്രിയിൽ കൊണ്ടുപോയി കോവിഡ് ടെസ്റ്റ് നടത്തി. രണ്ടുപേർക്കും ടെസ്റ്റ് നെഗറ്റിവ്. കോടതിയിൽ ഹാജരാക്കിയ ഞങ്ങൾക്ക് രാത്രി 11:30 യോടെ ജാമ്യം ലഭിച്ചു.

ഒരു ദിവസം കഴിഞ്ഞു രാവിലെ ഒരു ഫോൺ കോൾ ' ഇത് പൊലീസ് സ്റ്റേഷനിൽ നിന്നുമാണ്, നിങ്ങൾ 14 ദിവസം ക്വറന്റൈനിൽ നിൽക്കുക' എന്നായിരുന്നു ആ തിട്ടുരം. കുറച്ചു സമയം കഴിഞ്ഞയുടൻ എന്റെ അമ്മയുടെ വീട്ടുമുറ്റത്തു പൊലീസ് വണ്ടിയെത്തി. അമ്മയും അമ്മുമ്മയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. അവർ ഭയന്ന് പോയി.

കാര്യം തിരക്കിയപ്പോൾ മകൾ ക്വറന്റിനിലാണ്, അത് അന്വേഷിക്കാൻ വന്നതാണ് എന്നാണ് പൊലീസ് പറഞ്ഞത്. എന്താണ് സംഭവം എന്നറിയാൻ നാട്ടുകാർ വിളിക്കാൻ തുടങ്ങി. അങ്ങിനെ ഞങ്ങൾ സ്ഥലം എസ് ഐയെ വിളിച്ചപ്പോഴാണ് കാര്യം മനസിലായത്. കോവിഡ് ടെസ്റ്റ് ചെയ്താൽ നെഗറ്റിവ് ആണെങ്കിൽ കൂടി കുറഞ്ഞത് 7 ദിവസം ക്വറന്റൈനിൽ പോകണം എന്നാണ് സർക്കാർ നിയമം എന്നാണ് എസ് ഐ പറഞ്ഞത്.

ഈ നിയമം എങ്ങിനെയാണ് മന്ത്രിയുടെ ഭാര്യക്ക് മാത്രം ബാധകമാകാത്തത്. അവർ ക്വറന്റൈനിൽ അല്ല എന്ന് സ്വയം പറയുന്നതിലെ യുക്തി എന്താണ്?? പിന്നെ സ്ത്രീയാണ്..വേട്ടയാടുന്നു എന്നൊക്കെ പറഞ്ഞുകൊണ്ട് നടത്തുന്ന നാടകം അങ്ങ് വാങ്ങിവച്ചാൽ മതി.