തിരുവനന്തപുരം: ഓൺലൈൻ റമ്മി കളി ആളുകളുടെ ജീവനെടുക്കുന്ന സംഭവങ്ങൾ വാർത്തകളിൽ നിറയുന്നതിനിടെ ഓൺലൈൻ റമ്മിയുടെ പരസ്യങ്ങൾ കേരളത്തിലെ മുഖ്യധാര പത്രങ്ങളിൽ പരസ്യമായി നിറയുന്നത് വിവാദമാകുന്നു. മാതൃഭൂമിയും മനോരമയും ഉൾപ്പെടെയുള്ള പത്രങ്ങളുടെ ഒന്നാം പേജിലെ പരസ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിലുൾപ്പെടെ വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരിക്കുന്നത്. മനോരമയിലും മാതൃഭൂമിയിലും ഓൺലൈൻ റമ്മി ഫെഡറേഷനായ ടോർഫാണ് ഒന്നാം പേജിൽ മുഴുവൻ സ്ഥലവും പണം കൊടുത്ത് പരസ്യം നൽകുന്നത്. ആളുകളുടെ പണം വൻതോതിൽ നഷ്ടമാക്കുകയും അവരെ ആത്മ​ഹത്യയിലേക്ക് തള്ളിവിടുകയും ചെയ്യുന്ന ഇത്തരം ഓൺലൈൻ ​ഗെയിമുകൾക്കെതിരെ ജനങ്ങളെ ബോധവത്ക്കരിക്കലാണോ അതോ അവരുടെ പണം വാങ്ങി ജനങ്ങളെ ഇത്തരം ​ഗെയിമുകൾക്ക് അടിമകളാക്കുകയാണോ മലയാള പത്രങ്ങളുടെ മാധ്യമ ധർമ്മം എന്ന ചോദ്യമാണ് സൈബർ ഇടങ്ങളിൽ പ്രധാനമായും ഉയരുന്നത്.

കേരളത്തിൽ തന്നെ നിരവധി ആത്മ​ഹത്യക്ക് പിന്നിൽ ഓൺലൈൻ റമ്മി കളിയിലൂടെ നഷ്ടങ്ങൾ ഉണ്ടായതിനെ തുടർന്നാണെന്ന് വാർത്തകൾ പുറത്ത് വന്നിരുന്നു. സാധാരണക്കാരെയും പാവങ്ങളെയും ക്രൂരമായി ചൂഷണം ചെയ്യുന്ന കളിയാണ് ഇതെന്ന വിമർശനം വ്യാപകമാണ്. ഓൺലൈൻ റമ്മികളിയിലൂടെ ഒട്ടേറെപ്പേർക്ക് പണം നഷ്ടമാകുന്നുവെന്നാണ് മനസ്സിലാക്കുന്നതെന്ന് പൊലീസും വ്യക്തമാക്കുന്നു. എന്നാൽ, ആരും പരാതികളുമായി മുന്നോട്ടുവരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ഇതിന് അടിമപ്പെട്ടുപോകുന്നവരെ ബോധവത്കരണത്തിലൂടെ മാത്രമേ പിന്തിരിപ്പിക്കാനാവൂ എന്ന നിലപാടിലാണ് പൊലീസ്. എന്നാൽ, ഈ ബോധവത്ക്കരണം നടത്തേണ്ട പത്രങ്ങളാണ് ഇപ്പോൾ ഇത്തരം കളികളുടെ പ്രചാരകരാകാൻ പണം വാങ്ങി മുന്നോട്ട് വരുന്നത്.

കോവിഡ് അടച്ചിടൽ കാലത്താണ് ഓൺലൈൻ റമ്മികളിക്ക് പ്രചാരം വന്നത്. അതോടൊപ്പം വായ്പനൽകുന്ന മൊബൈൽ ആപ്പുകളും വന്നു. ചെറിയ തുകയ്ക്കുള്ള കളി തുടങ്ങിയവർ പിന്നീടത് വൻതുകയ്ക്കാക്കി. പണം നഷ്ടപ്പെട്ടവർ വായ്പയെടുത്ത് കളിച്ചു. മണിലെൻഡിങ്‌ ആപ്പുകൾ വഴി പണമെടുത്തവരിൽ പലർക്കും ഭീഷണികളും ബ്ലാക്ക്‌മെയിലിങ്ങും നേരിടേണ്ടിവന്നു. വീട്ടുകാരറിയാതെ കളിച്ച് പണം നഷ്ടപ്പെട്ടവർ പരാതികളുമായി എത്തിയതുമില്ല. തിരുവനന്തപുരം കുറ്റിച്ചൽ സ്വദേശി വീനിതിന് 12 ലക്ഷത്തിലധികം നഷ്ടമായി. അദ്ദേഹത്തെ ആദ്യം കാണാതാവുകയും പിന്നീട് ആത്മഹത്യചെയ്ത നിലയിൽ കാണുകയും ചെയ്തതോടെയാണ് ഓൺലൈൻ റമ്മിയുടെ ചതിക്കുഴി പലരും അറിഞ്ഞത്. തിരുവനന്തപുരം ജില്ലാ ട്രഷറി തട്ടിപ്പുകേസിൽ പ്രതിയായ ബിജുലാലിനും ഓൺലൈൻ റമ്മിയിലൂടെ ലക്ഷങ്ങൾ നഷ്ടമായെന്നാണ് പൊലീസിനോട് പറഞ്ഞിരുന്നത്.

ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരേസമയം മൂന്നുകോടി ജനങ്ങൾ ഓൺലൈൻ റമ്മി കളിക്കുന്നു എന്നാണ് ചില പഠനങ്ങൾ പറയുന്നത്. ഓൺലൈൻ റമ്മികളിക്കാനുള്ള ഒട്ടേറെ ആപ്പുകളാണ് പ്ലേസ്റ്റോറിലുള്ളത്. ഇവയുടെ പരസ്യങ്ങൾ സാമൂഹികമാധ്യമങ്ങൾ വഴിയും പ്രചരിക്കുന്നുണ്ട്. കമ്പനി പറയുന്ന നിബന്ധനകൾ അംഗീകരിച്ചാണ് കളി തുടങ്ങേണ്ടത്. ഇവയൊന്നും വായിച്ചുനോക്കാൻ ആരും മെനക്കെടുന്നില്ല. ഓൺലൈൻ ഗെയിമുകൾ നൈപുണ്യം ഉപയോഗിച്ചുള്ള കളിയെന്നതിനാൽ അത് തടയപ്പെട്ടിട്ടുമില്ല. തമിഴ്‌നാട്ടിൽ ഇത് തടയപ്പെട്ടിട്ടുണ്ടെങ്കിലും റമ്മിയിലൂടെ പണം നഷ്ടപ്പെട്ട് ആത്മഹത്യചെയ്തവരുടെ എണ്ണം ഇരുപതോളം വരും.

ഓൺലൈൻ റമ്മി ആപ്പുകളിലൂടെ തന്നെ ഓൺലൈൻ വായ്പാ പരസ്യങ്ങളുമുണ്ട്. 36 ശതമാനംവരെ പലിശയ്ക്ക് നൽകുന്ന പണം സമയത്ത് തിരികെ നൽകിയില്ലെങ്കിൽ ഭീഷണിയാണ്. വായ്പയെടുക്കുന്നയാളുടെ ഫോണിൽനിന്നുള്ള വിവരങ്ങൾ ചോർത്തിയാണ് വാട്സാപ്പ് സന്ദേശങ്ങളും ഭീഷണിയും പ്രചരിക്കുന്നത്. ഓൺലൈൻ റമ്മിയിൽ പലപ്പോഴും മനുഷ്യരല്ല എതിർഭാഗത്ത് കളിക്കുന്നതെന്നാണ് വിദഗ്‌ധർ പറയുന്നത്. ആദ്യഘട്ടത്തിലെ കളിയുടെ രീതി കണ്ടെത്തിക്കഴിഞ്ഞാലുടൻ എതിർഭാഗത്ത് നിർമ്മിതബുദ്ധി അടിസ്ഥാനമാക്കിയുള്ള ആപ്ലിക്കേഷനുകളും പ്രോഗ്രാമുകളുമായിരിക്കും കളി നിയന്ത്രിക്കുന്നത്.

കോടതി കയറിയ റമ്മി കളി

ഓൺലൈൻ റമ്മി കളി തടയണമെന്ന് ആവശ്യപ്പെട്ട് പൊതു പ്രവർത്തകൻ പോളി വടക്കൻ സമർപ്പിച്ച ഹർജിയെ തുടർന്ന് ബ്രാൻഡ് അംബാസിഡർമാർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുകയാണ്. നടൻ അജു വർഗീസ്, നടി തമന്ന, ക്രിക്കറ്റ് താരം വിരാട് കോലി എന്നിവർക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. റമ്മി കളി തടയണമെന്ന ഹർജിയെ തുടർന്നാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിനോടും ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്.

21 ലക്ഷം രൂപ ഓൺലൈൻ റമ്മി കളിയിൽ നഷ്ടപ്പെട്ട യുവാവ് ആത്മഹത്യ ചെയ്തിരുന്നു. ഓൺലൈൻ റമ്മിയിൽ ലക്ഷകണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതിനെ തുടർന്ന് വീടിന് സമീപത്തെ പറമ്പിൽ തൂങ്ങിമരിച്ചത്. തിരുവനന്തപുരം സ്വദേശിയായ വിനീതാണ് ഓൺലൈൻ റമ്മി കളിയിൽ പണം നഷ്ടപ്പെട്ടതിനെ തുടർന്ന് ആത്മഹത്യ ചെയ്തത്. പല പ്രാവശ്യത്തെ കളിയിലൂടെയാണ് വിനീതിന് 21 ലക്ഷം രൂപ നഷ്ടപ്പെട്ടത്. ഏതാണ്ട് ഒരു വർഷത്തോളമായി വിനീത് റമ്മികളിക്ക് അടിമപ്പെട്ട നിലയിലായിരുന്നു. സ്വകാര്യകമ്പനികളിൽ നിന്നെല്ലാം പണം വായ്‌പ്പയെടുത്തിട്ടാണ് വിനീത് ഓൺലൈനായി റമ്മി കളിച്ചിരുന്നത്. എന്നാൽ പല കളികളിലും കൈയിലെ പണം നഷ്ടപ്പെട്ടതോടെ ലക്ഷക്കണക്കിന് രൂപയുടെ കടക്കാരനാവുകയായിരുന്നു.

മറ്റ് പോംവഴികൾ ഇല്ലാതെയായതോടെ ഒരു വിനീത് വീട്ടിൽ നിന്നും ഒളിച്ചോടിപ്പോയിരുന്നു. പൊലീസ് ഇടപെട്ടാണ് വിനീതിനെ അന്ന് കണ്ടെത്തി തിരികെ വീട്ടിലേക്ക് കൊണ്ടുവന്നത്. പക്ഷേ വീട്ടിലേക്ക് തിരികെ എത്തിയിട്ടും വിഷാദത്തിന് അടിമയായിരുന്നു വിനീതെന്നും വീട്ടുകാർ പറയുന്നു. വിനീത് ഏറ്റവും കൂടുതൽ റമ്മി കളിച്ചിരുന്നത് ലോക്ക്ഡൗൺ കാലത്താണ്. എന്നാൽ വീട്ടുകാർ ഇക്കാര്യം അറിയുന്നത് 21 ലക്ഷത്തിന്റെ കടം വന്നതിനു ശേഷമാണ്. പിന്നീട് വീട്ടുകാർ ഇടപെട്ട് കുറച്ച് പണം തിരികെ അടക്കുകയായിരുന്നു. ഐഎസ്ആർഒയിലെ കരാർ ജീവനക്കാരനായിരുന്നു വിനീത്.

ലോക്ഡൗണിൽ പലരും വീടുകളിൽ ഒതുങ്ങി കൂടിയപ്പോഴാണ് നിരവധി ഓൺലൈൻ കളികളും രൂപപ്പെട്ടത്. അത്തരത്തിലുള്ള ഒരു ഓൺലൈൻ ഗെയിംമാണ് റമ്മി. ഓൺലൈൻ റമ്മി കളിയിലൂടെ പലർക്കും നഷ്ടമായത് പണം മാത്രമല്ല, പലരുടെയും ജീവിതവും കൂടിയാണ്. റമ്മി കളിയിലൂടെ ചതികുഴിയിലകപ്പെട്ടത് നിരവധി പേരാണ്. കോഴിക്കോട്ടുള്ള 23 കാരൻ റമ്മി കളിയുടെ മായിക ലോകത്താണ്. മറ്റൊന്നും അയാൾ അറിയുന്നില്ല. ഭർത്താവിന്റെ റമ്മി കളി കാരണം ഒരു വീട്ടമ്മയ്ക്ക് നഷ്ടമായത് ലക്ഷങ്ങളുടെ സമ്പാദ്യം.

റമ്മി കളിയിലൂടെ ജീവിതം കൈവിടുന്നുവെന്ന് അറിയുന്നുണ്ടായിരുന്നു. എന്നാൽ റമ്മി കളിയിലൂടെ തന്നെ ജീവിതം തിരിച്ചു പിടിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസത്തിലായിരുന്നു ചെറുപ്പക്കാർ.കളിയിൽ നിന്ന് കരകയറാൻ കളിയുടെയും കഞ്ചാവിന്റെയും ലഹരി അനുവദിച്ചില്ല. വിഭ്രാന്തിയുടെ മൂർത്താവസ്ഥയിൽ കൂലിപ്പണിക്കാരനായ അച്ഛനേയും കിടപ്പുരോഗിയായ അമ്മയേയും മർദ്ദിക്കുന്നതിൽ വരെ കാര്യങ്ങളെത്തിയെന്ന് ചെറുപ്പക്കാരൻ തുറന്നു പറയുന്നു. സമ്പാദ്യമാകെ ചൂതു കളി കൊണ്ടുപോയ കഥയാണ് വീട്ടമ്മയ്ക്ക് പറയാനുള്ളത്. വില്ലനായത് ഭർത്താവിന്റെ ഓൺലൈൻ ചീട്ടുകളി ശീലം. നഷ്ടമായത് അന്യന്റെ അടുക്കളയിൽ വിയർപ്പൊഴുക്കി സ്വരൂകൂട്ടിയ മൂന്നരലക്ഷം രൂപയാണ്. ഇത്തരം നിരവധി സംഭവങ്ങൾ റിപ്പോർട്ടു ചെയ്തതോടെയാണ് കോടതിയിലേക്ക് കേസ് എത്തിയത്.