തിരുവനന്തപുരം : സർക്കാരിനുവേണ്ടി കേരള ഹൈക്കോടതിയിൽ വാദിക്കാൻ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്ന അഭിഭാഷകർക്ക് ഒന്നാം പിണറായി സർക്കാരിന്റെ കാലം മുതൽ ഇതുവരെ ഫീസായി നൽകിയത് 8.72 കോടി രൂപ. ഷുഹൈബ്, കൃപേഷ്, ശരത് ലാൽ കൊലപാതക കേസുകളിലെ സിപിഎം ബന്ധമുള്ള പ്രതികളെ സംരക്ഷിക്കാൻ വേണ്ടി വാദിക്കാൻ അഭിഭാഷകരെ സംസ്ഥാനത്തിന് പുറത്ത് നിന്ന് കൊണ്ട് വന്നതു വഴി സർക്കാർ ഖജനാവിൽ നിന്ന് അഭിഭാഷക ഫീസായി നൽകിയത് 1.74 കോടി രൂപയാണ്.

ഷുഹൈബ് കൊലപാതകത്തിൽ വാദിക്കാനെത്തിയ അഭിഭാഷകർക്ക് ഫീസായി നൽകിയത് 86.40 ലക്ഷമാണെങ്കിൽ പെരിയ കേസിൽ വാദിക്കാൻ വന്ന അഭിഭാഷകർക്ക് നൽകിയത് 88 ലക്ഷം രൂപയാണ്. ഈ കേസുകളിലെ അഭിഭാഷകർക്ക് വിമാന ടിക്കറ്റും ഹോട്ടൽ ബില്ലും നൽകിയതിന് സർക്കാരിന് ചെലവായത് 9.27 ലക്ഷം രൂപയാണ്. സിബിഐ അന്വേഷണം തടയുന്നതിനു വേണ്ടിയാണ് ഈ രണ്ട് കേസിലും ഡൽഹിയിൽ നിന്ന് അഭിഭാഷകരെ സർക്കാർ വരുത്തിയത്.

ജയദീപ് ഗുപ്ത, അമരേന്ദ്ര ശരൺ , വിജയ് ഹൻസാരിയ, ഹരിൻ പി. റാവൽ, പല്ലവ ശിഷോഡിയ, എൻ.വെങ്കട്ടരാമൻ, സി.എസ്. വൈദ്യനാഥൻ, കെ.വി. വിശ്വനാഥൻ, രജ്ഞിത്കുമാർ ,വികാസ് സിൻഹ് , എൻ.എസ്. നാപ്പിനെ , മനീന്ദർ സിങ്, പ്രഭാസ് ബജാജ് തുടങ്ങിയ രാജ്യത്തെ പ്രമുഖ അഭിഭാഷകരെയാണ് സർക്കാരിന് വേണ്ടി വാദിക്കാൻ കേരള ഹൈക്കോടതിയിൽ എത്തിച്ചത്. സംസ്ഥാനത്ത് നിയമ വകുപ്പ് സെക്രട്ടറിയുടെ കീഴിൽ 500 ഓളം ഉദ്യോഗസ്ഥർ സെക്രട്ടേറിയേറ്റിലുണ്ട്.

അഡ്വക്കേറ്റ് ജനറൽ, അഡീഷണൽ അഡ്വക്കേറ്റ് ജനറൽ, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ, സിനിയർ ഗവൺമെന്റ് പ്ലീഡർമാർ , സ്‌പെഷ്യൽ ഗവൺമെന്റ് പ്ലീഡർമാർ , ഗവൺമെന്റ് പ്ലീഡർമാർ ഇങ്ങനെ നീളുന്നു സംസ്ഥാനത്തിന്റെ സ്വന്തം നിയമ വിദഗ്ദ്ധർ . 20 സ്‌പെഷ്യൽ ഗവൺമെന്റ് പ്ലീഡർമാരേയും 53 സീനിയർ ഗവൺമെന്റ് പ്ലീഡർമാരേയും 52 ഗവൺമെന്റ് പ്ലീഡർമാരേയും സർക്കാർ 8 മാസം മുൻപ് നിയമിച്ചിരുന്നു.

ധനമന്ത്രിയുടെ എതിർപ്പ് മറികടന്ന് കഴിഞ്ഞ ആഴ്ച അഡ്വക്കേറ്റ് ജനറലിന് 16 ലക്ഷം രൂപയ്ക്ക് പുതിയ ഇന്നോവ ക്രിസ്റ്റ വാങ്ങാൻ സർക്കാർ അനുമതി നൽകിയിരുന്നു. ശമ്പളവും മറ്റിനങ്ങളിലുമായി കോടികണക്കിന് രൂപയാണ് സംസ്ഥാനത്തിന്റെ സ്വന്തം നിയമ വിദഗ്ദ്ധർക്ക് വേണ്ടി ചെലവഴിക്കുന്നത്. ഖജനാവ് കടകെണിയിലാണ്. ഈ സമായത്താണ് അഡ്വക്കേറ്റ് ജനറലിന് വേണ്ടിയുള്ള കാറു വാങ്ങൽ.

സംസ്ഥാനത്തിന്റെ അഭിഭാഷകരെ കൊണ്ട് കേസ് വാദിപ്പിക്കുന്നതിൽ സർക്കാരിനുള്ള ആത്മവിശ്വാസ കുറവാണ് പുറത്ത് നിന്നുള്ള അഭിഭാഷകരെ കേസ് വാദിക്കാൻ രംഗത്തെത്തിക്കുന്നതിന്റെ പ്രധാന കാരണം. പിന്നെയെന്തിനാണ് കോടികണക്കിന് രൂപ മുടക്കി സർക്കാരിന്റെ സ്വന്തം നിയമ വിദഗ്ധരെ തീറ്റിപോറ്റുന്നു എന്ന ചോദ്യമാണ് ഉയരുന്നത്.