കോഴിക്കോട്: തന്റെ വാർത്താ സമ്മേളനത്തിൽ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനുമായ മുഈനലി അനാവശ്യമായി ഇടപെടുകയായിരുന്നെന്ന് മുസ്ലിം ലീഗിന്റെ അഭിഭാഷക സംഘടനാ നേതാവ് അഡ്വ. മുഹമ്മദ് ഷാ. കിട്ടിയ അവസരം അദ്ദേഹം വ്യക്തിവിരോധം തീർക്കാൻ ഉപയോഗിച്ചുവെന്നും ഷാ പറഞ്ഞു. വ്യക്തിപരമായ വിരോധം തീർക്കാൻ വേണ്ടി അദ്ദേഹം പത്ര സമ്മേളനം ഉപയോഗിച്ചു. വിഷയത്തെക്കുറിച്ച് പഠനം നടത്തിയല്ല സംസാരിക്കുന്നതെന്നും ആരെയെക്കൊയോ കുറിച്ച് എന്തൊക്കെയോ പറയാനുള്ളതെല്ലാം ഒരു മൈക്ക് കിട്ടിയപ്പോൾ അത് പറഞ്ഞെന്നും ഷാ ആരോപിച്ചു.

അദ്ദേഹം എങ്ങനെ എത്തി എന്നറിയില്ല. വാർത്താ സമ്മേളനം നടക്കുമ്പോൾ അവിടെ വന്ന് ചെറിയ കസേരയിൽ ഇരുന്നു. ആരാണെന്ന് ചോദിച്ചപ്പോൾ അദ്ദേഹത്തെ ഞാൻ പരിചയപ്പെടുത്തി. അല്ലാതെ ആ വാർത്താ സമ്മേളനവുമായി അദ്ദേഹത്തിന് യാതൊരു ബന്ധവുമില്ല. അദ്ദേഹം ചെയ്തതും പറഞ്ഞതും ശരിയാണോയെന്ന് അദ്ദേഹം തന്നെ പരിശോധിക്കട്ടെ. അവിടെ വന്ന് അദ്ദേഹത്തിന് വിരോധമുള്ളവരെക്കുറിച്ച് വാർത്താ സമ്മേളനത്തിൽ പറഞ്ഞു എന്നതാണ് സത്യം,' മുഹമ്മദ് ഷാ പറഞ്ഞു.

ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ വിശദീകരണം നൽകാനായിരുന്നു മുഹമ്മദ് ഷാ വാർത്താ സമ്മേളനം വിളിച്ചത്.മുഈനലി തങ്ങളും ഷാക്കൊപ്പമുണ്ടായിരുന്നു. ഷാ സംസാരിക്കുന്നതിടയിൽ ഇദ്ദേഹം ഇടപെട്ടു. 40 വർഷമായി പാർട്ടിയുടെ മുഴുവൻ ഫണ്ടും കൈകാര്യം ചെയ്തിരുന്നത് കുഞ്ഞാലിക്കുട്ടിയാണെന്നും ചന്ദ്രികയിൽ നടക്കുന്നത് വലിയ ക്രമക്കേടാണെന്നും ഇദ്ദേഹം പറഞ്ഞു.

കുഞ്ഞാലിക്കുട്ടിയെ പേടിച്ച് എല്ലാവരും മിണ്ടാതിരിക്കുകയാണ്. ഹൈദരലി തങ്ങളുടെ അസുഖ കാരണം ചന്ദ്രികയിലെ പ്രശ്നങ്ങളാണെന്നും മുഈനലി തങ്ങൾ പറഞ്ഞു. ഇതിനിടെ ലീഗ് പ്രവർത്തകനായ റാഫി പുതിയ കടവ് മുഈനലി തങ്ങൾക്കെതിരെ ശബ്ദമുയർത്തുകയും അസഭ്യം പറയുകയും ചെയ്തു. ഇതോടെ വാർത്താ സമ്മേളനം അലങ്കോലമായി. ബഹളങ്ങൾക്കിടെ ഒരു വിഭാഗം പ്രവർത്തകർ മുഈനലിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.