റിയാദ്: ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാന്റിങിനിടെ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. എന്നാൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

ഗൾഫ് സ്ട്രീം 400 വിമാനമാണ് റൺവേയിൽ നിന്ന് തെന്നിമാറിയത്. രാവിലെ പ്രാദേശിക സമയം 8.10നായിരുന്നു സംഭവമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. ഈ സമയത്ത് അഞ്ച് ജീവനക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവർക്ക് ആർക്കും പരിക്കുകളില്ല.

വിമാനത്താവളത്തിലെ എമർജൻസി റെസ്‌ക്യൂ സംഘം ഉടൻതന്നെ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. സംഭവത്തിന്റെ കാരണങ്ങൾ ഉൾപ്പെടെ കണ്ടെത്താനായി വിദഗ്ധ സംഘത്തിന്റെ അന്വേഷണം ഇതിനോടകം തുടങ്ങിയിട്ടുണ്ട്. അതേസമയം മറ്റ് വിമാനങ്ങളുടെ വരവിനെയും പോക്കിനെയും സംഭവം ഒരുതരത്തിലും ബാധിച്ചില്ലെന്നും വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ പോലെ തന്നെ തുടർന്നുവെന്നും അധികൃതർ അറിയിച്ചു.