അബുദാബി: ട്വന്റി 20 ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ നമീബിയക്ക് 161 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുത്തു. 45 റൺസെടുത്ത വിക്കറ്റ് കീപ്പർ മുഹമ്മദ് ഷഹ്സാദാണ് ടോപ് സ്‌കോറർ.

സഹ ഓപ്പണർ ഹസ്രത്തുള്ള സസായി 33 ഉം അവസാന രാജ്യാന്തര മത്സരം കളിക്കുന്ന അസ്ഗാർ അഫ്ഗാൻ 31 ഉം നായകൻ മുഹമ്മദ് നബി 32* ഉം റൺസെടുത്തു. മറുപടി ബാറ്റിങ് ആരംഭിച്ച നമീബിയയ്ക്ക് 16 റൺസ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായി.

ഹസ്റത്തുള്ള സസായിയും മുഹമ്മദ് ഷഹ്സാദും തകർപ്പൻ തുടക്കമാണ് സമ്മാനിച്ചത്. 40 പന്തിൽ 53 റൺസ് കൂട്ടിച്ചേർത്താണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 27 പന്തിൽ നിന്ന് രണ്ടു സിക്സും നാലു ഫോറുമടക്കം 33 റൺസെടുത്ത സസായിയെ ഏഴാം ഓവറിൽ ജെ.ജെ സ്മിത്ത് പുറത്താക്കുകയായിരുന്നു.

മൂന്നാമൻ റഹ്‌മത്തുള്ള ഗുർബാസിന്(4) തിളങ്ങാനായില്ല. വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് ഷഹ്സാദ് തിളങ്ങി. 33 പന്തിൽ മൂന്ന് ബൗണ്ടറിയും രണ്ട് സിക്സും നേടിയ ഷഹ്സാദ് 13-ാം ഓവറിൽ മടങ്ങിയതോടെ അഫ്ഗാൻ പതറി.

നജീബുള്ള സദ്രാൻ ഏഴ് റൺസിൽ മടങ്ങിയപ്പോൾ അവസാന രാജ്യാന്തര മത്സരം കളിക്കുന്ന അസ്ഗാർ അഫ്ഗാന്റെ ബാറ്റിങ് നിർണായകമായി. 23 പന്തിൽ മൂന്ന് ഫോറും ഒരു സിക്സും സഹിതം 31 റൺസ് അഫ്ഗാൻ മുൻ നായകൻ നേടി. നായകൻ മുഹമ്മദ് നബി അവസാന ഓവറുകളിൽ മികച്ചുനിന്നപ്പോൾ അഫ്ഗാനിസ്ഥാൻ 20 ഓവറിൽ 160 റൺസെടുത്തു. നബി 17 പന്തിൽ 32 ഉം ഗുൽബാദിൻ നൈബ് ഒരു റണ്ണുമായി പുറത്താകാതെ നിന്നു.

ടോസ് നേടിയ അഫ്ഗാൻ ക്യാപ്റ്റൻ മുഹമ്മദ് നബി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് അഫ്ഗാൻ ഇറങ്ങിയത്. പൂർണ ഫിറ്റല്ലാത്ത മുജീബ് റഹ്‌മാൻ പുറത്തിരിക്കുമ്പോൾ ഹമിദ് ഹസനാണ് പകരക്കാരൻ.

അതേസമയം നമീബിയ പ്ലേയിങ് ഇലവനിൽ മാറ്റമൊന്നും വരുത്തിയില്ല. ആദ്യ മത്സത്തിൽ നമീബിയ സ്‌കോട്ലൻഡിനെ തോൽപ്പിച്ചിരുന്നു. അഫ്ഗാന് ഒരു ജയവും തോൽവിയുമാണുള്ളത്. സ്‌കോട്ലൻഡിനെ തോൽപ്പിച്ച അവർ രണ്ടാം മത്സരത്തിൽ പാക്കിസ്ഥാനോട് പരാജയപ്പെട്ടു.