കാബൂൾ: യുഎസ് സൈന്യം പിന്മാറിയ അഫ്ഗാനിസ്ഥാനെ കാത്തിരിക്കുന്നത് ഇരുണ്ട കാലമാണ്. പ്രാകൃത നിയമങ്ങൾ നടപ്പിലാക്കുന്ന താലിബാന്റെ ക്രൂരകൃത്യങ്ങളുടെ കാലം. അതിന്റെ സൂചനകൾ ആ രാജ്യത്തു നിന്നും പുറത്തുവന്നു കഴിഞ്ഞു. പാട്ടുകേൾക്കാനും ചിരിക്കാനും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുമൊന്നും അവകാശമില്ലാതെ ഇരുണ്ട് കാലത്ത് ജീവിക്കേണ്ട ഗതികേടിലേക്കാണ് അഫ്ഗാനികൾ. ബാമിയാനിൽ ബുദ്ധപ്രതിമകൾ തകർത്ത ഭീകരതയാണ് ഇനി തിരികെ എത്തുക.

അഫ്ഗാനിസ്ഥാനിൽ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന കോമഡി താരത്തെ അതിക്രൂരമായി താലിബാൻ തീവ്രവാദികൾ കൊലപ്പെടുത്തിയതും ഈ ആധുനിക ലോകത്തു ഇരുണ്ട രാജ്യമായി അഫ്ഗാൻ നിൽക്കുമെന്നതിന്റെ തെളിവാണ്. അതിക്രൂരമായാണ് അഫ്ഗാന് ജനതക്ക് തമാശകൾ സമ്മാനിച്ച കൊമേഡിയൻ ഫസൽ മുഹമ്മദിനെ താലിബാൻ തീവ്രവാദികൾ കൊലപ്പെടുത്തിയത്. കണ്ഡഹാറിൽ താമസിക്കുന്ന ഖാഷാ സ്വാൻ എന്നറിയപ്പെടുന്ന ഹാസ്യനടൻ നസർ മുഹമ്മദിനെയാണ് ഭീകരർ വധിച്ചത്.

രാത്രി വീട്ടിൽ നിന്ന് വിളിച്ചിറക്കി തോക്കുധാരികളാണ് ഇദ്ദേഹത്തെ കൊലപ്പെടുത്തിയത്. ഇയാളെ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ പുറത്തായിട്ടുണ്ട്. കൊലപാതകത്തിൽ പങ്കില്ലെന്ന നിലപാടാണ് താലിബാൻ ആദ്യം സ്വീകരിച്ചിരുന്നത്.എന്നാൽ പിന്നീട് കുറ്റം സമ്മതിച്ചു. തമാശ നിറഞ്ഞ വിഡിയോ ക്ലിപ്പുകൾ പോസ്റ്റ് ചെയ്തിരുന്ന ഫസൽ മുഹമ്മദിനെവീട്ടിൽനിന്നു വിളിച്ചുകൊണ്ടുപോയാണ് കൊന്നത്. ഇദ്ദേഹത്തിന്റെ കൈകൾ പിന്നിലേക്കു കെട്ടി കാറിനുള്ളിൽ കയറ്റി മർദിക്കുന്ന വിഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പിന്നീട് മുഹമ്മദിന്റെ മൃതദേഹമാണു ലഭിച്ചത്. ഖാഷയെ മരത്തിൽ കെട്ടിയിട്ട ശേഷം കഴുത്തറുത്തുകൊലപ്പെടുത്തുകയായിരുന്നു.

മുഹമ്മദിന്റെ കൊലപാതകത്തിനെതിരെ സമൂഹമാധ്യമങ്ങൾ വൻരോഷമാണ് ഉയരുന്നത്. ലോകത്തെ ഏറ്റവും ക്രൂരന്മാരാണ് താലിബാനെന്നു പലരും വിമർശിച്ചു. അഫ്ഗാനിസ്ഥാന്റെ 70 ശതമാനവും പിടിച്ചെടുത്തിട്ടുണ്ടെന്ന് അവകാശപ്പെടുന്ന താലിബാൻ അഫ്ഗാൻ സുരക്ഷാ സേനയ്ക്കെതിരെ ആക്രമണം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. സാധാരണക്കാരയ ജനങ്ങൾ സുരക്ഷിത സ്ഥാനത്തേയ്ക്ക് പലായനം ചെയ്യുകയാണിപ്പോൾ. അഫ്ഗാൻ സർക്കാർ രൂപീകരിച്ച അഭയാർഥിക്യാമ്പുകളിൽ ആയിരങ്ങളാണ് എത്തിച്ചേർന്നിട്ടുള്ളത്.

ഖാഷയുടെ കൊലപാതക വിവരം ഇറാൻ ഇന്റർനാഷ്ണലിന്റെ മുതിർന്ന ലേഖകൻ താജുദെൻ സോറഷാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ഖാഷയെ താലിബാൻ തീവ്രവാദികൾ കാറിനുള്ളിൽ വെച്ച് മർദ്ദിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. തീവ്രവാദികളിൽ ഒരാൾ ഖാഷയുടെ മുഖത്ത് അടിക്കുന്നതിന്റെ ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. മെയ്-ജൂൺ മാസത്തിൽ മാത്രം 2400 അഫ്ഗാൻ സിവിലിയന്മാർക്ക് പരിക്കേൽക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടെന്നാണ് യുഎൻ പുറത്തുവിട്ട കണക്ക് വ്യക്തമാക്കുന്നത്.

താലിബാൻ ഭീകരരും അഫ്ഗാൻ സൈന്യവും തമ്മിലുള്ള തുറന്ന പോരിൽ സാധാരണക്കാരുടെയും കുട്ടികളുടെയും എണ്ണത്തിൽ വൻവർധനവാണുള്ളതെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടിൽ പറയുന്നു. മെയ്, ജൂൺ മാസത്തിൽ മാത്രം 2400 അഫ്ഗാൻ പൗരന്മാർ പരിക്കേൽക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടന്ന് യുഎൻ കണക്കുകൾ സൂചിപ്പിച്ചു. ഇപ്പോൾ അഫ്ഗാനിസ്ഥാനിലെ ഗ്രാമപ്രദേശങ്ങളിൽ 85 ശതമാനവും താലിബാന്റെ കയ്യിലാണ്. അഫ്ഗാനിലെ 419 ജില്ലാ കേന്ദ്രങ്ങളിൽ ഭൂരിഭാഗവും താലിബാന്റെ അധീനതയിലായിക്കഴിഞ്ഞു.

താലിബാൻ ക്രൂരമായി സാധാരണക്കാരെ കൊല്ലുന്നതിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്. തങ്ങളുടെ ഊഴം എപ്പോഴെന്ന് കാത്ത് ഭയന്ന് വിറച്ച് കഴിയുകയാണ് അഫ്ഗാനിസ്ഥാനിലെ സാധാരണ ജനങ്ങൾ. കാബൂൾ ഉൾപ്പെടെയുള്ള ഏതാനും നഗരങ്ങൾ മാത്രമേ അഫ്ഗാൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ളൂ. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കാബൂൾ ഉൾപ്പെടെയുള്ള നഗരങ്ങൾ വിട്ടുകൊടുക്കില്ലെന്ന വാശിയിലാണ് അഫ്ഗാൻ സേന.