കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം അമേരിക്കയാണെന്ന കുറ്റപ്പെടുത്തലുകളാണ് ലോകം മുഴുവൻ പറയുന്നത്. ഒരു കാലത്ത് അമേരിക്ക വൻവിലയിട്ട ഭീകരർ പോലും ഇന്ന് കാബൂൾ തെരുവിൽ വിലസുന്ന കാഴ്‌ച്ചകളാണ് കാണുന്നത്. പ്രാണന് വേണ്ടി പരക്കം പായുന്ന അഫ്ഗാൻ ജനത മറുവശത്തും. ഇതിനിടെ സ്വന്തം ഇമേജ് നന്നാക്കാനുള്ള വഴിതേടി താലിബാനും. എന്താണ് അഫ്ഗാനിസ്ഥാന് മുന്നിലുള്ളതെന്ന് ആർക്കും ഒരു എത്തും പിടിയും ഇല്ലാത്ത അവസ്ഥയാണ്.

യുഎസ് സർക്കാർ 50 ലക്ഷം ഡോളർ വിലയിട്ട ഭീകരൻ ഖാലി അഖ്വാനി കാബൂളിൽ യുഎസ് ഭടന്മാരുടെ കൺമുന്നിലൂടെ സർവതന്ത്ര സ്വതന്ത്രനായി വിലസുന്നു കാഴ്‌ച്ച ലോകത്തെ തന്നെ നടുക്കുന്നുണ്ട്. രാജ്യത്ത് താലിബാൻ മന്ത്രിസഭ രൂപീകരിക്കുന്നതിൽ നിർണായക പങ്കു വഹിക്കുന്ന ഇയാൾ സുരക്ഷാ സൈനികരുടെ അകമ്പടിയോടെയാണ് സഞ്ചാരം.

അഫ്ഗാനിസ്ഥാനിലെ താലിബാൻ മുന്നേറ്റത്തിനു നേതൃത്വം നൽകിയവരിൽ ഒരാളായ ഖാലി അഖ്വാനി കാബൂളിലെ തെരുവിൽ അനുയായികളെ അഭിസംബോധന ചെയ്യുന്ന വിഡിയോ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. സുരക്ഷിതത്വമാണ് പ്രധാന മുൻഗണനയെന്നും അതില്ലെങ്കിൽ ജീവിതമില്ലെന്നും ഇയാൾ പ്രസംഗിക്കുന്നത് വിഡിയോയിൽ വ്യക്തമാണ്.

ഉസാമ ബിൻ ലാദനുമായുള്ള അടുപ്പത്തിന്റെ പേരിലാണ് 2011 ഫെബ്രുവരി 9 ന് ഇയാളെ അമേരിക്ക അടിയന്തരമായി പിടികൂടേണ്ട ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. താലിബാനു ധനശേഖരണം നടത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഖാലി അഖ്വാനി പാക്കിസ്ഥാൻ കേന്ദ്രമാക്കിയാണ് കുറെക്കാലമായി പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ ദിവസം അഫ്ഗാൻ മുൻ പ്രധാനമന്ത്രിയും 'കാബൂൾ കൊലയാളി'യെന്ന് അറിയപ്പെടുന്നയാളുമായ ഗുൽബുദീൻ ഹെക്മത്യാറുമായി ഇയാൾ കൂടിക്കാഴ്ച നടത്തിയിരുന്നു.

അതേസമയം അഫ്ഗാനിലെ സ്ഥിതിഗതികൾ 'ഭയാനകം' എന്നാണ് അഫ്ഗാൻ ചലച്ചിത്ര സംവിധായിക സഹ്‌റ കരീമി വിശേഷിപ്പിച്ചത്. അഫ്ഗാനിസ്ഥാനിൽ എന്താണു നടക്കുന്നതെന്ന് ലോകത്തിനുവേണ്ടി അടയാളപ്പെടുത്തേണ്ടത് പ്രധാനമാണെന്ന് യുക്രെയ്‌നിൽ നിന്നു വിഡിയോ കോളിലൂടെ സംസാരിച്ച അവർ ചൂണ്ടിക്കാട്ടി. 1990ൽ താലിബാൻ അഫ്ഗാൻ ജനതയോട് എങ്ങനെ പെരുമാറിയെന്നതിന്റെ കൃത്യമായ രേഖകളുണ്ട്. ചരിത്രം ആവർത്തിക്കരുത് അവർ ഓർമിപ്പിച്ചു. താലിബാൻ കാബൂൾ പിടിച്ച ദിവസം സഹ്റ കരീമി ഇൻസ്റ്റഗ്രാമിലൂടെ തത്സമയ വിഡിയോ പങ്കുവച്ചതു ലോകശ്രദ്ധ നേടിയിരുന്നു.

സഹ്‌റ കരീമി പറയുന്നു: കഴിഞ്ഞ 15ന് പണമെടുക്കാൻ ഞാനൊരു ബാങ്കിൽ പോയി. ഏറെ കാത്തിരുന്നിട്ടും പണം കിട്ടിയില്ല. ദൂരെ വെടിയൊച്ചകൾ കേൾക്കാമായിരുന്നു. താലിബാൻ കാബൂൾ വളഞ്ഞുകൊണ്ടിരിക്കുകയാണെന്നും വളരെ അടുത്തെത്തിയെന്നും പിന്നീടു ബാങ്ക് മാനേജർ വന്നു പറഞ്ഞു. എത്രയും വേഗം വീട്ടിലേക്കു പോകാൻ നിർദേശിച്ച അദ്ദേഹം പിൻവാതിലിലൂടെ പുറത്തു കടക്കാൻ എന്നെ അനുവദിച്ചു. ഞാൻ ടാക്‌സി പിടിച്ച് വീട്ടിലെത്തി.

താലിബാനു പിടികൊടുക്കാതെ രക്ഷപ്പെടുക എന്നതു പ്രധാനമായിരുന്നു. പക്ഷേ, അഫ്ഗാനിൽ എന്താണു സംഭവിക്കുന്നതെന്ന് ലോകം അറിയേണ്ടത് അതിനെക്കാൾ പ്രധാനമായി എനിക്കു തോന്നി. അതുകൊണ്ടാണ് ലൈവായി ഇൻസ്റ്റഗ്രാമിലെത്തിയത്.' താലിബാൻ കാബൂളിലെത്തുമ്പോൾ ലോകം നിശ്ശബ്ദമായിരുന്നു. അവർ അധികാരം പിടിച്ചെടുക്കുമെന്നും ആരും കരുതിയിരുന്നില്ല: ഹവ്വ മറിയം അയിഷ, അഫ്ഗാൻ വുമൻ ബിഹൈൻഡ് ദ് വീൽ എന്നീ ചലച്ചിത്രങ്ങളിലൂടെ പ്രശസ്തയായ സഹ്റ കരീമി പറഞ്ഞു. അഫ്ഗാൻ ചലച്ചിത്ര സംഘടനയുടെ ഡയറക്ടർ കൂടിയായ അവർ, പ്രതിസന്ധിഘട്ടത്തിൽ തന്റെ രാജ്യത്തെ ജനതയുടെ ശബ്ദമാകാൻ ലോക ചലച്ചിത്ര സമൂഹത്തോട് നേരത്തേ തുറന്ന കത്തിലൂടെ അഭ്യർത്ഥിച്ചിരുന്നു.

കാബൂൾ വിമാനത്താവളത്തിൽ മരണം പതിവാകുമ്പോൾ അമേരിക്കയെ കുറ്റപ്പെടുത്തി താലിബാൻ

അതേസമയം അഫ്ഗാനിസ്താനിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ സ്വന്തം രാജ്യംവിട്ട് രക്ഷപ്പെടാനുള്ള അഫ്ഗാനികളുടെ ശ്രമവും കാബൂൾ വിമാനത്താവളത്തിലുണ്ടായ ദുരന്തങ്ങളും ഞെട്ടലോടെയാണ് ലോകം കണ്ടത്. ഒരാഴ്ചയ്ക്കിടെ രാജ്യം വിടാനുള്ള ശ്രമങ്ങൾക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് കാബൂൾ വിമാനത്താവളത്തിൽ മരിച്ചത് 20 പേർ. നാറ്റോ നയതന്ത്ര ഉദ്യോഗസ്ഥനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഞായറാഴ്ച മാത്രം വിമാനത്താവളത്തിൽ ഏഴ് പേർ മരിച്ചതായി ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. നിലവിലെ സാഹചര്യം ഏറെ വെല്ലുവിളി ഉയർത്തുന്നതാണെന്നും ജനങ്ങൾക്ക് പരമാവധി സുരക്ഷ ഒരുക്കാൻ ശ്രമിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു. അതേസമയം അഫ്ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കുന്ന ദൗത്യം തുടരുകയാണ്. ഇന്ന് മാത്രം മൂന്ന് വിമാനങ്ങളിലായി അഫ്ഗാനിൽ കുടുങ്ങിയ 400 പേരെയാണ് ഇന്ത്യ തിരിച്ചെത്തിച്ചത്.

എന്നാൽ, കാബൂൾ വിമാനത്താവളത്തിലെ സംഘർഷത്തിന് കാരണം യു.എസിന്റെ തിരക്കിട്ട ഒഴിപ്പിക്കൽ നടപടിയാണെന്ന് താലിബാൻ നേതാവ് അബ്ദുൽ ഖഹാർ ബൽഖി പ്രതികരിച്ചു. അഫ്ഗാനിസ്താൻ കീഴടക്കിയ ശേഷം ഇതാദ്യമായി അൽ ജസീറ ടി.വിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് താലിബാൻ നേതാവ് അമേരിക്കക്കെതിരെ രൂക്ഷവിമർശനം നടത്തിയത്.

'ആയിരത്തിലധികം പേരെ തിരക്കിട്ട് ഒഴിപ്പിക്കാൻ യു.എസ് സേന നടത്തിയ ശ്രമങ്ങളാണ് സംഘർഷത്തിനും നിരവധി പേരുടെ മരണത്തിനും ഇടയാക്കിയത്. പുറത്തെ ചെക്ക്‌പോസ്റ്റുകൾ തങ്ങളുടെ നിയന്ത്രണത്തിലാണെങ്കിലും അകത്തുള്ളത് ഇപ്പോഴും യു.എസ് സേനയുടെ നിയന്ത്രണത്തിലാണ്. അതുകൊണ്ടുതന്നെ സുരക്ഷയുമായി ബന്ധപ്പെട്ട് അവരുമായി തങ്ങൾ നിരന്തരം ബന്ധപ്പെടുന്നുണ്ട്'- ബൽഖി പറഞ്ഞു.

അഫ്ഗാനിസ്താനിൽ പുതിയ സർക്കാറിന് രൂപം നൽകാനുള്ള ചർച്ചകൾ നടന്നുവരുകയാണ്. എല്ലാ വിഭാഗത്തെയും ഉൾക്കൊള്ളുന്ന സംവിധാനമായിരിക്കും അത്. തൽപരകക്ഷികളെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകാനാണ് താലിബാന്റെ തീരുമാനം. ജനങ്ങളുടെയും രാജ്യത്തി!!െന്റയും പൊതുതാൽപര്യം മുൻനിർത്തി ആഭ്യന്തരവും അന്തർദേശീയവുമായ സഹകരണം ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താലിബാ!!െന്റ ജന്മസ്ഥലമായി അറിയപ്പെടുന്ന കാബൂളിനെ കൈവിട്ട് രാജ്യതലസ്ഥാനം കാന്തഹാറിലേക്ക് മാറ്റുമോ എന്ന ചോദ്യത്തിന്, സംഭവവികാസങ്ങൾ വളരെ വേഗത്തിലായിരുന്നുവെന്നും എല്ലാ ആളുകളും ആശ്ചര്യപ്പെട്ടിരിക്കുകയാണെന്നുമായിരുന്നു മറുപടി.

അഫ്ഗാൻ ജനത താലിബാനെ വിശ്വാസത്തിലെടുക്കാത്തത് ദൗർഭാഗ്യകരമാണ്. ഞങ്ങൾ രാജ്യത്ത് പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടും ആളുകൾ തിരക്കിട്ട് വിമാനത്താവളത്തിലേക്ക് രക്ഷപ്പെടാനായി പോകുന്നത് അത്ഭുതപ്പെടുത്തുന്നു. അഫ്ഗാൻ ജനത താലിബാനെ ഭീകര സംഘടനയായി കാണുന്നുവെന്ന് വിശ്വസിക്കുന്നില്ല. നേരത്തേ ആസൂത്രണം ചെയ്തല്ല കാബൂളിൽ പ്രവേശിച്ചത്. യഥാർഥത്തിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന രാഷ്ട്രീയ പരിഹാരമാണ് തങ്ങൾ ആവശ്യപ്പെട്ടത്.

പക്ഷേ, സംഭവിച്ചത് മറിച്ചാണ്. യു.എസ് അധിനിവേശ സേന അവരുടെ ഇടങ്ങൾ വിട്ട് തിടുക്കത്തിൽ പിന്മാറുകയായിരുന്നു. തുടർന്ന് കാബൂളിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ നിർബന്ധിതരാവുകയായിരുന്നു. ഇസ്‌ലാമിക നിയമം എല്ലാവർക്കും അറിയുന്ന കാര്യമാണ്. അതിൽ സ്ത്രീകളുടേയോ പുരുഷന്മാരുടെയോ കുട്ടികളുടേയോ അവകാശങ്ങൾ ഹനിക്കുന്ന ഒന്നുമില്ല. എന്നാൽ, ഓരോ വിഭാഗത്തിന്റെയും അവകാശങ്ങൾ എന്തൊക്കെയെന്നത് സംബന്ധിച്ച ചർച്ചകൾ നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.