ന്യൂഡൽഹി: കാബൂളിൽ തോക്ക് ചൂണ്ടി ഇന്ത്യൻ വംശജനെ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്. കർതേ പർവാൻ മേഖലയിൽ നിന്നാണ് കഴിഞ്ഞ രാത്രി ഇദ്ദേഹത്തെ കിഡ്‌നാപ്പ് ചെയ്തത്. അകാലിദൾ നേതാല് മൻജിന്ദർ സിർസയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ബൻസുരി ലാൽ എന്ന പ്രാദേശിക വ്യവസായിയെയാണ് തട്ടിക്കൊണ്ടുപോയത്.

ഡൽഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് കൂടിയായ സിർസ കാബൂളിലെ ഹിന്ദു-സിഖ് കുടുംബങ്ങളുമായി ഇക്കാര്യം സംസാരിച്ചിരുന്നു. അവരും ഭീതിയിലാണ്. ബൻസൂരി ലാലിനെ സംഘം അപായപ്പെടുത്തുമെന്ന ആശങ്കയിലാണ് കുടുംബം. ഗോഡൗണിലേക്ക് പോകും വഴിയാണ് തോക്കുധാരികളായ അഞ്ചംഗ സംഘം അദ്ദേഹത്തെ കാറിൽ കയറ്റി കൊണ്ടുപോയത്. കേന്ദ്രസർക്കാരിന്റെ സഹായമാണ് അദ്ദേഹത്തിന്റെ സഹോദരനും മറ്റുസമുദായാംഗങ്ങളും തേടുന്നതെന്ന് സിർസ വീഡിയോയിൽ പറഞ്ഞു. വിദേശ കാര്യമന്ത്രാലയത്തെ സിർസ തന്റെ ട്വീറ്റിൽ ടാഗ് ചെയ്തിട്ടുണ്ട്. സംഭവം അന്വേഷിച്ചുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

കാബൂളിൽ മെഡിക്കൽ ഷോപ്പ് നടത്തിവരികയായിരുന്നു ബൻസുരി ലാൽ അരന്ദ. ബൻസുരി ലാലിന്റെ കുടുംബം ഡൽഹിയിലാണ് താമസിക്കുന്നത്. ബൻസുരി ലാൽ അരന്ദയെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ട് പോയതായി ഇന്ത്യൻ വേൾഡ് ഫോറം പ്രസിഡന്റ് പുനീത് സിങ്ങും നേരത്തെ അറിയിച്ചിരുന്നു. വിദേശകാര്യമന്ത്രാലയത്തെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും വിഷയത്തിൽ എത്രയും വേഗത്തിൽ ഇടപെടൽ ഉണ്ടാകണമെന്നും അഭ്യർത്ഥിച്ചതായി പുനീത് സിങ് പറഞ്ഞു. സംഭവം സംബന്ധിച്ച് അഫ്ഗാനിസ്ഥാനിലെ ഹിന്ദു - സിഖ് സമുദായക്കാർക്ക് വിവരങ്ങൾ നൽകിയതായും പുനിത് സിങ് പറഞ്ഞു. ബൻസുരി ലാലിന്റെ ജീവനക്കാരൻ ഇവരുടെ കൈയിൽ നിന്ന് രക്ഷപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.

താലിബാൻ ഓഗസ്റ്റ് 15 ന് അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്ത ശേഷം നൂറുകണക്കിന് ഇന്ത്യാക്കാരെ അവിടെ നിന്ന് ഒഴിപ്പിച്ചിരുന്നു. കഴിഞ്ഞ മാസം, കാബൂൾ വിമാനത്താവളത്തിലെ ഗേറ്റിന് പുറത്ത് മടക്കയാത്രയ്ക്ക് കാത്തിരിക്കുമ്പോൾ 150 ഇന്ത്യാക്കാരെ താലിബാൻ തട്ടിക്കൊണ്ടുപോയതായി വാർത്തകൾ വന്നിരുന്നു. എന്നാൽ, പതിവ് പരിശോധനയ്ക്കായി പൊലീസുകാർ അവരെ കൂട്ടിയതാണെന്ന് പിന്നീട് വ്യക്തമായി. ഇവരെല്ലാം പിന്നീട് ഇന്ത്യയിലേക്ക് മടങ്ങുകയും ചെയ്തു.