കാബൂൾ: അമുസ്ലീങ്ങൾക്ക് മാത്രമല്ല, ഷിയ വിഭാഗത്തിൽ ഉൾപ്പെട്ട മുസ്ലീങ്ങൾക്കും താലിബാന്റെ കീഴിൽ നിൽക്കക്കള്ളിയില്ലെന്നണ് കാബൂൾ വിമാനത്താവളത്തിലെത്തിയ അഞ്ചു സഹോദരിമാർ പറയുന്നത്. താലിബാൻ ഭീകരർ അവരുടെ വീടു തീയിട്ടു നശിപ്പിച്ചപ്പോൾ ജീവനുംകൊണ്ട് ഓടിയെത്തിയതാണ് ഷിയാ വിശ്വാസികളായ ഹസാര വിഭാഗത്തിൽ പെടുന്ന ഇവർ. മദ്ധ്യ അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കുഷ് പർവതനിരകളിലെ ഹസാരാജാഠിലുള്ള ഒരു വംശീയ ന്യുനപക്ഷമാണ് ഹസാരകൾ.

നല്ല തൊലിവെളുപ്പും അതിനൊത്ത ശരീരപ്രകൃതിയുമുള്ള ഹസാരെ പെൺകുട്ടികൾ ഇതിനു മുൻപും പല വിഭാഗങ്ങളുടെയും അക്രമങ്ങൾക്ക് ഇരയായിട്ടുണ്ട്. താലിബാനും അക്കാര്യത്തിൽ വ്യത്യസ്തമായിരുന്നില്ല. തങ്ങൾക്ക് ഇവിടെ സുരക്ഷിതരായി കഴിയാനാവില്ലെന്നും അതിനാൽ അമേരിക്കയിലെക്ക് പോകാൻ ആഗ്രഹിക്കുന്നു എന്നുമാണ് ഹൈസ്‌കൂൾ വിദ്യാർത്ഥിനിയായ അയന ഷേഖ് എന്ന 19 കാരി പറഞ്ഞത്. തന്റൊപ്പം തന്റെ നാല് സഹോദരിമാരും ഒരു സഹോദരനും ഉണ്ടെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ ഇവരിലാർക്കും പാസ്സ്പോർട്ട് ഇല്ല. എന്നാൽ അതൊന്നും അതിജീവനത്തിനു പുതിയ പാതതേടുന്നതിൽ അവർക്ക് തടസ്സമാകുന്നില്ല.

തങ്ങൾ വിശ്വസിക്കുന്ന ദൈവം ഒരു വഴി കാണിച്ചു തരുമെന്ന് പറയുന്ന ഇവർ, കഴിഞ്ഞയാഴ്‌ച്ചവരെ തങ്ങൾ തങ്ങളുടെ വീട്ടിൽ സന്തോഷത്തോടെ കഴിഞ്ഞവരായിരുന്നു എന്നും ഓർമ്മിപ്പിക്കുന്നു. താലിബാൻ ഭീകരർ എത്തി വീടിന് തീവെയ്ക്കുകയായിരുന്നു. അതോടെ തങ്ങളുടെ ജീവനെങ്കിലും രക്ഷിക്കാൻ ഉടൻ നാടുവിടാൻ മാതാപിതാക്കൾ ഇവരോട് ആവശ്യപ്പെടുകയായിരുന്നു. കീഴടക്കിയ ഗ്രാമങ്ങളിൽ നിന്നും പട്ടണങ്ങളിൽ നിന്നും നഗരങ്ങളിൽ നിന്നും താലിബാൻ ഭീകരർ പെൺകുട്ടികളെ ലൈംഗിക അടിമകളാക്കുവാൻ തട്ടിക്കൊണ്ടു പോകുന്നതായ റിപ്പോർട്ടുകൾ വരുന്നുമുണ്ട്.

ഏകദേശം 250 കിലോമീറ്റർ യാത്രചെയ്താണ് അവർ കാബൂൾ വിമാനത്താവളത്തിലെത്തിയത്. അപ്പോൾ മുതൽ അവർ വഴിയരികിലാണ് ഇരുപ്പും ഉറക്കവുമെല്ലാം. 25 കാരനായ സഹോദരൻ മാത്രമാണ് അവരുടെ രക്ഷയ്ക്കായി കൂടെയുള്ളത്. ഇപ്പോൾ കുറച്ച് പണം കൈവശമുണ്ടെന്നും അതുകൊണ്ട് എത്രനാൾ തള്ളിനീക്കാൻ കഴിയുമെന്നറിയില്ലെന്നും അയന പറയുന്നു. താലിബാന്റെ മുൻകാല സർക്കാരിന്റെ ചെയ്തികളെ കുറിച്ച് അന്ന് കുട്ടികളായിരുന്ന തങ്ങൾക്ക് പൂർണ്ണ അറിവില്ലെന്നും എന്നാൽ മാതാപിതാക്കൾ പറഞ്ഞ കാര്യങ്ങൾ ഭയപ്പെടുത്തുന്നതാണെന്നും അയന പറഞ്ഞു. കഴിഞ്ഞ താലിബാൻ സർക്കാർ വീണതിനു ശേഷം അഫ്ഗാനിലെ സ്ത്രീകൾ കൈവരിച്ച പുരോഗതിക്ക് ഉത്തമ ഉദാഹരണങ്ങളാണ് ഈ അഞ്ചു സഹോദരിമാർ.