കാബൂൾ: അഫ്ഗാനിസ്ഥാനിൽ ആധിപത്യം ഉറപ്പിച്ചതിന് പിന്നാലെ സ്ത്രീകൾക്ക് മേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി താലിബാൻ. നിയന്ത്രണങ്ങളുടെ ഭാഗമായി സ്ത്രീകൾ ജോലിക്ക് പോകുന്നതിനാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. പൊതുസ്ഥലത്ത് മുഖം മറച്ചില്ലെന്ന പേരിൽ പലയിടത്തും സ്ത്രീകളെ ജോലികളിൽ നിന്നും പിരിച്ചു വിട്ട് തുടങ്ങി.

അഫ്ഗാനിസ്ഥാനിലെ വിവിധ ബാങ്കുകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾ ഇനി മുതൽ ജോലിക്ക് വരേണ്ടതില്ലെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. അഫ്ഗാനിസ്ഥാൻ താലിബാന്റെ അധീനതയിൽ ആയിരുന്ന 1996-2001 കാലഘട്ടത്തിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്.

കഴിഞ്ഞ മാസം കാണ്ഡഹാറിൽ ആയുധധാരികളായ താലിബാൻകാർ ഒരു ബാങ്കിൽ എത്തുകയും അവിടെ ജോലി ചെയ്തിരുന്ന ഒൻപത് വനിതാ ജീവനക്കാരെ അവരുടെ വീടുകളിൽ എത്തിക്കുകയും ഇനി ജോലിക്ക് പോകരുതെന്ന് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. പകരം ബന്ധുവായ പുരുഷനെ ബാങ്കിലേക്ക് ജോലിക്കായി അയക്കുകയും ചെയ്തു. ജോലി നഷ്ടമായ മൂന്ന് സ്ത്രീകളും ബാങ്ക് മാനേജരും ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.



ഹെറാത്തിലെ മറ്റൊരു ബാങ്കിലും സമാന സംഭവം നടന്നിരുന്നു. മൂന്ന് വനിതാ ജീവനക്കാരെ ബാങ്കിലെത്തിയ ആയുധധാരികൾ വീട്ടിലേക്ക് തിരിച്ചയക്കുകയും പകരം ബന്ധുക്കളായ പുരുഷന്മാരെ ബാങ്കിലേക്ക് അയക്കുകയും ചെയ്തിരുന്നു.

സ്ത്രീകളെ ജോലി ചെയ്യാൻ അനുവദിക്കാത്തത് വളരെ വിചിത്രമാണെന്നും അഫ്ഗാനിസ്ഥാനിൽ ഇപ്പോൾ സംഭവിക്കുന്നത് അതാണെന്നും ബാങ്ക് ജീവനക്കാരിയായ നൂർ ഖത്തേര റോയിട്ടേഴ്സിനോട് പറഞ്ഞു.

താലിബാൻ അധീനതയിലുള്ള സ്ഥലങ്ങളിൽ സ്ത്രീകളെ ബാങ്കിൽ ജോലിചെയ്യാൻ അനുവദിക്കണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു. ഇസ്ലാമിക രീതികൾ പ്രാബല്യത്തിൽ വരുത്തിയ ശേഷം ഇസ്ലാമിക നിയമപ്രകാരം ഇക്കാര്യത്തിൽ തീരുമാനം എടുക്കുമെന്നും താലിബാൻ വക്താവ് പറഞ്ഞു. എന്നാൽ ബാങ്കിലുണ്ടായ സംഭവങ്ങളെ കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.

മാധ്യമ രംഗത്തും ആരോഗ്യരംഗത്തും നിയമ നിർവഹണ രംഗത്തും പ്രവർത്തിക്കുന്ന നിരവധി പേർക്ക് അഫ്ഗാൻ കീഴടക്കാനുള്ള താലിബാന്റെ ശ്രമങ്ങൾക്കിടെ ജീവൻ നഷ്ടപ്പെട്ടെന്നും താലിബാൻ സ്ത്രീകളുടെ എല്ലാ സ്വാതന്ത്ര്യവും ഇല്ലാതാക്കുമെന്ന് ആശങ്കയുണ്ടെന്നും അഫ്ഗാൻ സർക്കാരിന്റെ വക്താവ് പറഞ്ഞു.

താലിബാൻ ഭീകരർ പിടിച്ചെടുത്ത പ്രദേശങ്ങളിൽ അവർ നിയോഗിച്ച മേയറാണ് നഗരം ഭരിക്കുന്നത്. ഇസ്ലാമിക് എമിറേറ്റ്സ് ഓഫ് താലിബാൻ എന്നെഴുതിയ വെള്ളക്കൊടി തൂക്കിയ മേയറുടെ ഓഫീസിലിരുന്ന്, പ്രദേശത്തെ നികുതി താലിബാൻ പിരിച്ചു തുടങ്ങിയതായി മേയർ അബ്ദുല്ല മൻസൂർ പറഞ്ഞു. ആയുധങ്ങളുടെ ചുമതല നേരത്തെ ഉണ്ടായിരുന്ന ഇയാൾ ഇപ്പോൾ ജില്ലയിലെ മൊത്തം നികുതി പിരിവിന് നേതൃത്വം നൽകുകയാണ്. അഫ്ഗാൻ സർക്കാറിന്റെ നികുതിയേക്കാൾ കുറവാണ് തങ്ങൾ വാങ്ങുന്നതെന്ന് ഇയാൾ പറയുന്നു. തങ്ങൾ മേയറെ അഭിമുഖം നടത്തുന്ന സമയത്ത് തോക്കേന്തിയ താലിബാൻകാർ ചുറ്റും നിൽക്കുന്നുണ്ടായിരുന്നു എന്നാണ് ബിബിസി റിപ്പോർട്ടിൽ പറയുന്നത്.



താലിബാൻ മുന്നോട്ടുവെക്കുന്ന യാഥാസ്ഥിതിക മതാചാരങ്ങളാണ് ഇപ്പോൾ താലിബാൻ പിടിച്ചെടുത്ത പ്രദേശങ്ങളിലെങ്ങും. ഇവിടത്തെ റേഡിയോ നിലയത്തിൽനിന്നും ഏതു സമയത്തും മതപരമായ പ്രാർത്ഥനകളും മറ്റുമാണ് മുഴങ്ങുന്നത്. പൊതു സ്ഥലങ്ങളിൽ അശ്ലീലം പ്രോൽസാഹിപ്പിക്കുന്ന സംഗീതം തങ്ങൾ നിരോധിച്ചിട്ടതായി മേയർ പറയുന്നു. എന്നാൽ, ആളുകൾ ഏതു പാട്ടുകളാണ് കേൾക്കുന്നത് എന്ന കാര്യത്തിൽ തങ്ങൾ ഇതുവരെ ഇടപെട്ടിട്ടില്ലെന്നാണ് ഇയാൾ പറയുന്നത്. അങ്ങാടിയിൽ വെച്ച് പാട്ടുകേട്ടെന്ന കുറ്റത്തിന് ഒരാളെ പൊരിവെയിലത്ത് നഗ്നപദനായി നടത്തിക്കുകയും അയാൾ ബോധം കെട്ടുവീഴുകയും ചെയ്ത കഥ ആളുകൾ പറഞ്ഞു. എന്നാൽ അത്തരം ഒരു സംഭവവും നടന്നിട്ടില്ലെന്നാണ് മേയർ പറയുന്നത്.

താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്താൽ രണ്ട് പതിറ്റാണ്ടായി സ്ത്രീകൾക്കുള്ള സ്വാതന്ത്ര്യം പലതും നഷ്ടമാകുമെന്നാണ് അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങൾ ആശങ്കപ്പെടുന്നത്. പഠിക്കാനും ജോലി ചെയ്യാനുമുള്ള സ്വാതന്ത്ര്യം സ്ത്രീകൾക്ക് നഷ്ടമാകുമെന്നും ആശങ്കയുണ്ട്.

തങ്ങളാരെയും ബലം പ്രയോഗിച്ച് ബുർഖ ധരിപ്പിക്കുന്നില്ലെന്നും എന്ത് വസ്ത്രം ധരിക്കണമെന്ന് ഉദ്ബോധിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നുമാണ് ഇവിടത്തെ താലിബാൻ കമാണ്ടർ അയിനുദ്ദീൻ പറയുന്നത്. ഇറുകിയ വസ്ത്രങ്ങൾ ധരിച്ചതിന് ഒരു യുവതിയെ താലിബാൻ വധിച്ചുവെന്ന വാർത്തകൾ ചൂണ്ടിക്കാട്ടിയപ്പോൾ താലിബാൻ അത് ചെയ്യില്ലെന്നും ഇയാൾ പറഞ്ഞു.



പോരാട്ടം നടക്കുമ്പോൾ ആളുകൾ കൊല്ലപ്പെടുകയൊക്കെ ചെയ്യുമെന്നും താലിബാൻ പ്രദേശിക കമാണ്ടർ അയിനുദ്ദീൻ പറയുന്നു. അഫ്ഗാനിസ്താനിലെ ആക്രമങ്ങളെ എങ്ങനെ ന്യായീകരിക്കാനാവും എന്ന ചോദ്യത്തിനുള്ള ഉത്തരമായാണ് അഫ്ഗാനിലെ ഏറ്റവും വലിയ നഗരമായ മസ്അരെ ശരീഫിനടുത്ത് താവളമുറപ്പിച്ച താലിബാൻ സംഘത്തിലെ കമാണ്ടർ അയിനുദ്ദീൻ ഇങ്ങനെ മറുപടി നൽകിയത്. താലിബാൻ പിടിച്ചെടുത്ത വടക്കൻ അഫ്ഗാനിസ്താനിലെ പ്രദേശങ്ങളിൽ എത്തിയ ബിബിസി സംഘത്തോടാണ്, അരുംകൊലകളെ താലിബാൻ നേതാവ് ഇങ്ങനെ ന്യായീകരിച്ചത്.

'താലിബാനല്ലേ ആദ്യം ആക്രമണം തുടങ്ങിയത്' എന്ന ചോദ്യത്തിന്, തങ്ങളുടെ സർക്കാറിനെ അട്ടിമറിച്ചത് അമേരിക്ക ആണെന്നും അവരാണ് ആക്രമണം തുടങ്ങിയതെന്നും താലിബാൻ കമാണ്ടർ പറഞ്ഞു. വിദേശ സൈനികർ അഫ്ഗാനിസ്താൻ വിട്ടതിനു പിന്നാലെ ദിവസവും താലിബാൻ ഭീകരർ മുന്നേറിക്കൊണ്ടിരിക്കുകയാണ്. അഫ്ഗാൻ സൈന്യം കരയിലും ആകാശത്തിലുമായി പ്രത്യാക്രമണം നടത്തുന്നുമുണ്ട്. ഒമ്പത് പ്രവിശ്യകൾ പിടിച്ചെടുത്ത് മുന്നേറുന്ന താലിബാൻ മുന്നേറ്റത്തിൽ നൂറു കണക്കിനാളുകളാണ് ഇതുവരെ കൊല്ലപ്പെട്ടത്. ആയിരക്കണക്കിനാളുകൾ സർവ്വതും നഷ്ടപ്പെട്ട് തെരുവിലാണ്. അഫ്ഗാനിലെ ഭരണകൂടം ഇപ്പോഴും പാശ്ചാത്യ സംസ്‌കാരമാണ് പിന്തുടരുന്നതെന്നും അതിനാൽ അവരെ വധിക്കുമെന്നും അയിനുദ്ദീൻ പറഞ്ഞു.

സൂഫി കവിയായ ജലാലുദ്ദീൻ റൂമിയുടെ ജന്മദേശമായ ബൽഖും താലിബാൻ ഭീകരരുടെ കൈയിലാണിപ്പോൾ. നേരത്തെ സർക്കാറിന്റെ നിയന്ത്രണത്തിലായിരുന്നപ്പോഴും ഇവിടത്തെ ഗ്രാമപ്രദേശങ്ങൾ താലിബാൻ ആയിരുന്നു ഭരിച്ചിരുന്നത്. ഇപ്പോൾ, താലിബാൻ മുന്നേറ്റത്തിൽ വീണടിഞ്ഞ 200 ജില്ലാ ആസ്ഥാനങ്ങളിലൊന്നായി ഇതു മാറിയിരിക്കുന്നു. പഷ്തൂൺ വംശജരാണ് ഇവിടെയുള്ള താലിബാൻകാരിലേറെയും. മറ്റ് വംശങ്ങളിൽ നിന്നുള്ളവരെയും താലിബാനിലേക്ക് ചേർക്കുമെന്ന് ഇവിടത്തെ മുതിർന്ന താലിബാൻ നേതാവ് ഹാജി ഹിക്മത്ത് ബിബിസിയോട് പറഞ്ഞു.

സ്ത്രീകൾ പുറത്തിറങ്ങുന്നത് നിരോധിക്കുന്നുവെങ്കിലും ഇവിടെ അതല്ല അവസ്ഥയെന്നാണ് താലിബാൻ നേതൃത്വം പറയുന്നത്. ഇവിടെ സ്ത്രീകളും പെൺകുട്ടികളുമെല്ലാം തെരുവിൽ ഇറങ്ങുന്നുണ്ടെന്നും ജീവിതം സാധാരണ നിലയിലാണെന്നുമാണ് താലിബാൻ നേതാവ് അവകാശപ്പെട്ടത്. ചില സ്ത്രീകൾ പുറത്തിറങ്ങുന്നത് കണ്ടെങ്കിലും കണ്ണൊഴിച്ച് മറ്റ് ശരീരഭാഗങ്ങളെല്ലാം മറക്കുന്ന ബുർഖ ഇടാതെ ആരും പുറത്തിറങ്ങുന്നില്ലെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്തത്. ബുർഖ ധരിക്കാത്ത സ്ത്രീകളെ വണ്ടിയിൽ കയറ്റരുതെന്ന് തങ്ങൾക്ക് നിർദ്ദേശമുണ്ടെന്ന് ഇവിടത്തെ ടാക്സി ഡ്രൈവർമാർ പറയുന്നു.



തങ്ങളാരെയും ബലം പ്രയോഗിച്ച് ബുർഖ ധരിപ്പിക്കുന്നില്ലെന്നും എന്ത് വസ്ത്രം ധരിക്കണമെന്ന് ഉദ്ബോധിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നുമാണ് ഇവിടത്തെ താലിബാൻ കമാണ്ടർ പറയുന്നത്. ഇറുകിയ വസ്ത്രങ്ങൾ ധരിച്ചതിന് ഒരു യുവതിയെ താലിബാൻ വധിച്ചുവെന്ന വാർത്തകൾ ചൂണ്ടിക്കാട്ടിയപ്പോൾ താലിബാൻ അത് ചെയ്യില്ലെന്നും ഇയാൾ പറഞ്ഞു.

സർക്കാർ ഓഫീസുകളടക്കം പിടിച്ചെടുത്ത് എല്ലാ അർത്ഥത്തിലുമുള്ള ഭരണം താലിബാൻ ആരംഭിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു. സർക്കാർ ഓഫീസുകളെല്ലാം ഇപ്പോൾ താലിബാന്റെ നിയന്ത്രണത്തിലാണ്. ചാവേർ ബോംബാക്രമണത്തിൽ ഭാഗികമായി തകർത്ത പ്രാദേശിക പൊലീസ് മേധാവിയുടെ ഓഫീസിലും ഇപ്പോൾ താലിബാനാണ്. തെരുവുകൾ വൃത്തിയാക്കാൻ വരുന്ന ശുചീകരണ തൊഴിലാളികൾ ഒഴികെ ഒരു സർക്കാർ ഉദ്യോഗസ്ഥരെയും കാണാനില്ല.

താലിബാൻ കോടതികളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. താലിബാൻ വ്യാഖ്യാനിക്കുന്ന നിയമങ്ങളാണ് ഇവിടെ നടപ്പാക്കുന്നത്. സ്വത്ത് തർക്കങ്ങളിലും ക്രിമിനൽ കേസുകളിലുമെല്ലാം താലിബാൻ ജഡ്ജുമാർ വിധി പറയുന്നുണ്ട്. നാലു മാസമായി താൻ കേസുകളിൽ വിധി പറയുന്നതായി താലിബാൻ കോടതി ജഡ്ജ് ഹാജി ബദറുദ്ദീൻ പറഞ്ഞു. കടുപ്പമുള്ള വിധികളൊന്നും ഇക്കാലയളവിൽ തന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും കീഴ്കോടതി വിധികൾക്കെതിരെ അപ്പീൽ പോവാനുള്ള സൗകര്യം ഉണ്ടെന്നും അയാൾ പറഞ്ഞു. എന്നാൽ, താലിബാന്റെ വിധികൾക്കെതിരെ അപ്പീൽ പോവുക എന്നതൊന്നും നടക്കാറില്ലെന്നാണ് വാസ്തവം.

ശരീഅത്ത് പ്രകാരമുള്ളതെന്ന് താലിബാൻ വ്യാഖ്യാനിക്കുന്ന കടുത്ത നിയമങ്ങൾ തന്നെയാണ് നടപ്പിലുള്ളതെന്ന് ജഡ്ജ് പറയുന്നു. അവിവാഹിതരായ സ്ത്രീപുരുഷന്മാർ ഇണ ചേർന്നാൽ അത് വ്യഭിചാരമായി കണ്ട് 100 ചാട്ടയടികളാണ് ശിക്ഷ വിധിക്കുന്നത്. സെക്സ് നടത്തിയത് വിവാഹിതരെങ്കിൽ കല്ലെറിഞ്ഞു കൊല്ലലാണ് ശിക്ഷ. മോഷണകുറ്റം തെളിഞ്ഞാൽ കൈവെട്ടും. കുട്ടികളെ തട്ടിക്കൊണ്ടുപോവുന്ന കേസുകളിൽ ഇരുകൈകളും വെട്ടും. ഇതാണ് തങ്ങളുടെ ശിക്ഷ രീതികളെന്ന് ജഡ്ജ് വിശദീകരിക്കുന്നു.

സമാധാന ശ്രമങ്ങൾ പരാജയപ്പെട്ടാൽ, സൈനിക മാർഗത്തിലൂടെ ഭരണം പിടിക്കുക തന്നെ ചെയ്യും. വിദേശികളെയും സ്വദേശത്തെ ശത്രുക്കളെയും തങ്ങൾ പരാജയപ്പെടുത്തിയതായി താലിബാൻ ഭീകരർ അവകാശപ്പെടുന്നു. കാര്യം എന്തായാലും അഫ്ഗാനിൽ വീണ്ടും ചോരപ്പുഴ ഒഴുകുമെന്ന സാദ്ധ്യതകളാണ് താലിബാൻ ഭീകരർ മുന്നോട്ടുവെക്കുന്നത്. തങ്ങളുടെ ഭരണം കൊണ്ടുവരുന്നതിന് ഏത് പരിധി വരെ പോവുമെന്നും അവർ പറയുന്നു. അഫ്ഗാനിസ്താനിൽ ഇനിയുള്ള കാലം അക്രമങ്ങളുടെയും ചോരയുടേതാവുമെന്ന സൂചനകളാണ് നിലനിൽക്കുന്നതെന്ന് താലിബാൻ കേന്ദ്രങ്ങൾ സന്ദർശിച്ച ബിബിസി സംഘം റിപ്പോർട്ട് ചെയ്യുന്നത്.