കാബൂൾ: അഫ്ഗാനിസ്ഥാൻ പൂർണ്ണമായും താലിബാൻ കീഴടക്കിയതോടെ ജനങ്ങളുടെ സുരക്ഷ ആവശ്യപ്പെട്ട് മുൻപ്രസിഡന്റ് ഹമീദ് കർസായി രംഗത്ത്. വീഡിയോ സന്ദേശത്തിലുടെയാണ് മുൻപ്രസിഡന്റിന്റെ അപേക്ഷ.എന്റെ പെൺകുട്ടികളോടൊപ്പം ഞാൻ കാബൂളിലുണ്ട്. ജനങ്ങൾക്ക് സംരക്ഷണം നൽകണമെന്നും അവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും താലിബാനോട് അഭ്യർത്ഥിക്കുന്നു. വീഡിയോ സന്ദേശത്തിൽ ഹമീദ് കർസായി വ്യക്തമാക്കി.തന്റെ മൂന്നു പെൺമക്കളെയും ചേർത്ത് പിടിച്ചാണ് കർസായിയുടെ വീഡിയോ.

ജനങ്ങളോട് സംയമനം പാലിച്ച് വീടുകളിൽ തന്നെ കഴിയണമെന്ന് അഭ്യർത്ഥിച്ച കർസായി രാഷ്ട്രീയ നേതൃത്വത്തോട് പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്നും അഭ്യർത്ഥിച്ചു. 2001 മുതൽ 2014 വരെ അഫ്ഗാൻ പ്രസിഡന്റ് ആയിരുന്നു കർസായി.

അഫ്ഗാനിസ്താന്റെ അധികാരം പൂർണമായും പിടിച്ചെടുത്തെന്നും രാജ്യം ഇനി ഇസ്ലാമിക് എമിറേറ്റ്സ് ഓഫ് അഫ്ഗാനിസ്താൻ എന്നറിയപ്പെടുമെന്നും താലിബാൻ അവകാശപ്പെട്ടു. താലിബാൻ കമാൻഡർ മുല്ല അബ്ദുൾഗനി ബറാദർ ആയിരിക്കും പുതിയ പ്രസിഡന്റ് എന്നാണ് സൂചന. താലിബാൻ കാബൂൾ കയ്യടക്കിയതോടെ നിലവിലെ പ്രസിഡന്റ് അഷ്റഫ് ഗനിയും അദ്ദേഹത്തിന്റെ സംഘവും രാജ്യം വിട്ടു.

അതേസമയം താലിബാനുമായി ഒരിക്കലും സന്ധിയുണ്ടാകില്ലെന്ന് വ്യക്തമാക്കി അഫ്ഗാനിസ്താൻ വൈസ് പ്രസിഡന്റ് അമറുള്ള സലേഹ് രംഗത്തെത്തി. ഞാൻ ഒരിക്കലും, ഒരു സാഹചര്യത്തിലും താലിബാൻ ഭീകരർക്ക് മുന്നിൽ തലകുനിക്കില്ല. കമാൻഡറും, മാർഗദർശിയും എന്റെ നായകനുമായ അഹമ്മദ് ഷാ മസൂദിന്റെ ആത്മാവിനെയും പാരമ്പര്യത്തെയും ഞാൻ ഒരിക്കലും ഒറ്റുകൊടുക്കില്ല. എന്നെ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളെ ഞാൻ നിരാശരാക്കില്ല. ഞാൻ ഒരിക്കലും താലിബാനുമായി ഒരു കുടക്കീഴിൽ ഒന്നിക്കില്ല- അമറുള്ള ട്വീറ്റ് ചെയ്തു.