കാബൂൾ: താലിബാന്റെ കടുത്ത നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് അഫ്ഗാനിസ്താനിലെ സർവകലാശാലകളിൽ പഠനം പുനരാരംഭിച്ചു. നീണ്ട ഇടവേളയ്ക്കും പ്രതിസന്ധിക്കുമൊടുവിലാണ് ക്ലാസുകൾ തുടങ്ങിയത്. ക്ലാസ്സുകളിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും കർട്ടനിട്ട് വേർതിരിച്ചിരിക്കുന്നതിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. 

ക്ലാസ്സുകൾ ആരംഭിക്കുന്നതിന് മുമ്പ് തന്നെ സർവകലാശാലകൾക്ക് താലിബാൻ കടുത്ത നിർദ്ദേശങ്ങൾ നൽകിയിരുന്നു. പെൺകുട്ടികൾ മുഖം മറക്കണം. ആൺകുട്ടികളുമായി ഇടകലരുന്ന ഒരു സാഹചര്യവും സർവകലാശാലകളിൽ ഉണ്ടാകാൻ പാടില്ല. ഇരുവരുടേയും ഇടയിൽ ഒരു മറ ഉണ്ടായിരിക്കണം.

പെൺകുട്ടികളെ പഠിപ്പിക്കാൻ വനിതാ അദ്ധ്യാപികമാരെ നിയമിക്കണം. അതിന് സാധിച്ചില്ലെങ്കിൽ പ്രായം കൂടുതലുള്ളവരെ അദ്ധ്യാപകരായി നിയനമിക്കണം തുടങ്ങിയ കർശന നിർദ്ദേശങ്ങളായിരുന്നു താലിബാൻ കോളേജുകൾക്ക് നൽകിയത്. വാർത്താ ഏജൻസിയായ എ.എഫ്.പിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു.

അതേ സമയം അഫ്ഗാനിസ്ഥാനിലെ പഞ്ച്ശീർ താഴ്‌വരയിൽ താലിബാൻ സേന നടത്തിയ ആക്രമണത്തെ അപലപിച്ച് ഇറാൻ രംഗത്തെത്തി. പഞ്ച്ശീറിൽ നിന്നുള്ള വാർത്തകൾ ആശങ്കാജനകമാണെന്നും ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും ഇറാൻ വിദേശകാര്യ വക്താവ് സയീദ് ഖത്തീബ്‌സാദെ മാധ്യമങ്ങളോട് പറഞ്ഞു. ഓഗസ്റ്റ് 15ന് കാബൂൾ പിടിച്ചടക്കിയതു മുതൽ താലിബാനെ വിമർശിക്കുന്നതിൽനിന്ന് ഇറാൻ വിട്ടുനിൽക്കുകയായിരുന്നു.

'മുതിർന്ന നേതാക്കന്മാരുടെ സാന്നിധ്യത്തിൽ സംഭാഷണത്തിലൂടെ പഞ്ച്ശീർ പ്രശ്‌നം പരിഹരിക്കപ്പെടണമായിരുന്നു. താലിബാൻ രാജ്യാന്തര നിയമവും പ്രതിബദ്ധതയും ബഹുമാനിക്കണം. എല്ലാ അഫ്ഗാനികൾക്കുമായി ഒരു പ്രതിനിധി സർക്കാർ സ്ഥാപിക്കുന്നതിനും അഫ്ഗാൻ ജനതയുടെ കഷ്ടപ്പാടുകൾ അവസാനിപ്പിക്കാനുമായി ഇറാൻ പ്രവർത്തിക്കും' അദ്ദേഹം കൂട്ടിച്ചേർത്തു. അഫ്ഗാനിസ്ഥാനിലെ എല്ലാ വിദേശ ഇടപെടലുകളെയും ഇറാൻ അപലപിക്കുന്നുവെന്ന് പാക്കിസ്ഥാനെ പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. പഞ്ച്ശീർ പിടിച്ചെടുക്കാൻ പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്‌ഐ, താലിബാനെ സഹായിച്ചെന്ന് സൂചനയുണ്ട്.

രാജ്യം യുദ്ധക്കെടുതിയിൽനിന്ന് പൂർണമായും കരകയറിയിരിക്കുന്നു എന്ന് പ്രഖ്യാപിച്ചുകൊണ്ട് പഞ്ച്ശീർ പിടിച്ചെടുത്തതായി താലിബാൻ അവകാശപ്പെട്ടിരുന്നു. എന്നാൽ, താലിബാൻ വിരുദ്ധ സേനയും മുൻ അഫ്ഗാൻ സുരക്ഷാ സേനയും ചേർന്ന നാഷനൽ റെസിസ്റ്റൻസ് ഫ്രണ്ട് (എൻആർഫ്), തങ്ങളുടെ പോരാളികൾ താഴ്‌വരയിലുടനീളമുണ്ടെന്നും പോരാട്ടം തുടരുകയാണെന്നും വ്യക്തമാക്കി.