അഞ്ചൽ: കൊല്ലം അഞ്ചൽ തടിക്കാട് കാഞ്ഞിരത്തറയിൽ കഴിഞ്ഞ ദിവസം രണ്ടര വയസുള്ള കുട്ടിയെ കാണാതായതിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. വീടിന്റെ മുക്കാൽ കിലോമീറ്ററിനപ്പുറത്ത് രണ്ടര വയസുകാരൻ അഫ്രാനെ കണ്ടെത്തിയെങ്കിലും എങ്ങനെ ഇവിടെയെത്തി എന്നതിലാണ് അന്വേഷണം. സംഭവത്തിൽ അടിമുടി ദുരൂഹത ഇപ്പോഴും നിലനിൽക്കുകയാണ്. അതു കൊണ്ട് തന്നെയാണ് അന്വേഷണം ഊർജ്ജിതമാക്കാൻ പൊലീസ് ഒരുങ്ങുന്നതും.

രണ്ടര വയസുള്ള കുട്ടി മുക്കാൽ കിലോമീറ്റർ അകലെയുള്ള റബർ തോട്ടത്തിൽ എങ്ങനെയെത്തി, രാത്രി കനത്ത മഴയായിരുന്നിട്ടും പരിശോധന നടത്തിയ ഫയർഫോഴ്‌സ്, പൊലീസ് എന്നിവരുടെ കണ്ണിൽപ്പെടാതെ എങ്ങനെ കുട്ടി മാറി നിന്നു, മഴ പെയ്തിട്ടും കുട്ടി കരയാത്തത് എന്ത് തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്. കേൾക്കുമ്പോൾ തന്നെ അസ്വാഭിക തോന്നുന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തുകയെന്നതും ആവശ്യമായി പൊലീസ് കരുതുന്നു. എങ്ങനെ ഇത്രയും ദൂരം കുട്ടിയെത്തിയെന്നറിയേണ്ടതുണ്ടെന്നു ബന്ധുക്കളും പറയുന്നു

കൊടിഞ്ഞമല പുത്തൻ വീട്ടിൽ അൻസാരിയുടെയും ഫാത്തിമയുടെയും മകനാണു കുട്ടി. കഴിഞ്ഞ വെള്ളി വൈകിട്ട് ആറോടെയാണു കാണാതായത്. അമ്മയോടൊപ്പം വീടിനു പിന്നിൽ ഉയരത്തിലുള്ള പുരയിടത്തിൽ നിന്ന കുട്ടിയെ പെട്ടെന്നു കാണാതായി എന്നാണു വീട്ടുകാരുടെ മൊഴി. എന്നാൽ അമ്മ മൊബൈൽ ഫോണിൽ സംസാരിച്ചു നിന്ന സമയം കുട്ടി കൈവിട്ടു പോയെന്നാണു പൊലീസ് പറയുന്നത്. പൊലീസും നാട്ടുകാരും രാത്രി മുഴുവൻ അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. പിറ്റേ ദിവസം രാവിലെ ഏഴോടെ വീടിനു മുക്കാൽ കിലോമീറ്ററോളം അകലെയുള്ള റബർ എസ്റ്റേറ്റിൽ കണ്ടെത്തുകയായിരുന്നു. റബർ ടാപ്പിങ് തൊഴിലാളിയാണു കുട്ടിയെ കണ്ടത്.

കാര്യമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നില്ലെങ്കിലും വിശദമായ പരിശോധനയ്ക്കായി പൊലീസ് കുട്ടിയെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇതേ സമയം സംഭവത്തിലെ ദുരൂഹതയുടെ ചുരുളഴിഞ്ഞില്ല. വീടിനു പിന്നിൽ 300 മീറ്റർ ദൂരത്തുള്ള സ്ഥലം വരെ കുട്ടി അമ്മയോടൊപ്പം മുൻപു പോയിട്ടുണ്ട്. അവിടെനിന്നു ചെങ്കുത്തായി കിടക്കുന്ന ഏകദേശം 400 മീറ്റർ ദൂരെയുള്ള സ്ഥലത്താണു കുട്ടിയെ കണ്ടെത്തിയത്. ഇത്ര ദൂരം കൊച്ചുകുട്ടിക്കു രാത്രി ഒറ്റയ്ക്കു പോകാൻ കഴിയില്ല എന്നതാണ് അന്വേഷണ ഉദ്യോഗസ്ഥരെ കുഴപ്പിക്കുന്നത്.

മഴ നനഞ്ഞ ലക്ഷണമില്ല, മുറിവുകളോ പാടുകളോ ഇല്ല; ആ രാത്രി അഫ്രാൻ എവിടെയായിരുന്നു?

വെള്ളിയാഴ്ച വൈകീട്ട് വീട്ടിൽനിന്നു കാണാതായ രണ്ടുവയസ്സുകാരനെ പതിമൂന്നരമണിക്കൂറിനുശേഷം കണ്ടെത്തി. തടിക്കാട് കൊടിഞ്ഞിമൂല പുത്തൻവീട്ടിൽ അൻസാരി-ഫാത്തിമ ദമ്പതിമാരുടെ മകൻ മുഹമ്മദ് അഫ്രാനെയാണ് കഴിഞ്ഞദിവസം വൈകീട്ട് ആറുമണിയോടെ കാണാതാകുന്നത്. ശനിയാഴ്ച രാവിലെ ഏഴരയോടെ വീടിന് ഒരുകിലോമീറ്റർ അകലെ റബ്ബർ തോട്ടത്തിൽനിന്ന് കുട്ടിയെ കണ്ടെത്തി.

മാതാവും മൂത്തമകനും അടുത്തവീട്ടിലേക്ക് പോയപ്പോൾ മുഹമ്മദ് അഫ്രാൻ കാർപോർച്ചിൽ കളിക്കുകയായിരുന്നു. കുട്ടിയുടെ മുത്തശ്ശി ആസമയം വീട്ടിലുണ്ടായിരുന്നു. കുഞ്ഞിന്റെ കരച്ചിൽ കേട്ട് മാതാവ് തിരികയെത്തിയപ്പോൾ അഫ്രാനെ കാണാനില്ലായിരുന്നു. അഫ്രാനെ തിരികെ കിട്ടിയെങ്കിലും സംഭവത്തിൽ ദുരൂഹത നിലനിൽക്കുകയാണ്.

ടാപ്പിങ് തൊഴിലാളി സുനിലും സുഹൃത്തുമാണ് ശനിയാഴ്ച പുലർച്ചെ റബ്ബർ ടാപ്പ് ചെയ്തുകൊണ്ടിരിക്കുമ്പോൾ മരത്തിന്റെ ചുവട്ടിൽ കുട്ടി നിൽക്കുന്നതായി കണ്ടത്. വെള്ളിയാഴ്ച രാത്രിമുഴുവൻ കുഞ്ഞിനായി തടിക്കാട് ഗ്രാമത്തിൽ മുഴുവൻ പൊലീസും അഗ്നിരക്ഷാസേനയും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തിയിട്ടും കണ്ടെത്താനായിരുന്നില്ല. എന്നാൽ ശനിയാഴ്ച രാവിലെ എല്ലാവരും പരിശോധന നടത്തിയ റബ്ബർ തോട്ടത്തിൽനിന്നുതന്നെ കുട്ടിയെ കണ്ടെത്തിയതാണ് ദുരൂഹതയ്ക്കു കാരണം. ശനിയാഴ്ച പുലർച്ചെവരെ ശക്തമായ മഴപെയ്തിട്ടും അഫ്രാന്റെ ദേഹത്ത് മഴനനഞ്ഞ ലക്ഷണമൊന്നുമില്ലായിരുന്നു.

അഫ്രാന്റെ വീടിനുപുറകിൽ കുന്നാണ്. അതു കഴിഞ്ഞാണ് കാടും പുല്ലും വളർന്നുനിൽക്കുന്ന റബ്ബർ തോട്ടം. അവിടെ ടാപ്പിങ് തൊഴിലാളികൾക്കുപോലും ചെന്നത്താൻ ബുദ്ധിമുട്ടാണ്. അവിടെനിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ മഴയത്തും നാട്ടുകാർ തിരച്ചിൽ തുടർന്നെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ടാപ്പിങ് തൊഴിലാളി സുനിലും സുഹൃത്തും ശനിയാഴ്ച പുലർച്ചെ റബ്ബർ വെട്ടിക്കൊണ്ടിരിക്കുമ്പോൾ സമീപത്തെ പുരയിടത്തിൽ കുഞ്ഞിനെ കണ്ടു. ദൂരെ മരത്തിന്റെ ചുവട്ടിൽ നിൽക്കുകയായിരുന്നു കുട്ടി. പെട്ടെന്നുതന്നെ സുനിൽ ഓടി കുട്ടിയുടെ സമീപത്തെത്തി. കുട്ടിയെ വാരിയെടുത്തു. 'ഉമ്മ... ഉമ്മ...' എന്നുവിളിച്ച് അവൻ കരഞ്ഞു. കണ്ടെത്തിയ സ്ഥലത്തിനു തൊട്ടടുത്തുതന്നെ പൊട്ടക്കിണറുണ്ടായിരുന്നു. കുഞ്ഞ് അങ്ങോട്ടൊന്നും പോകാതിരുന്നത് ഭാഗ്യമായി.

സുനിൽ ഉടൻതന്നെ കുട്ടിയെ എടുത്ത് കൈയും കാലും ദേഹവും തടവി. മുറിവുകളോ പാടുകളോ ഒന്നുംതന്നെ കണ്ടില്ല. തലയുടെ ഭാഗത്ത് മണ്ണിന്റെ പൊടി പറ്റിയിരുന്നു. കുട്ടിയെ എടുത്ത് താഴേക്കോടി പൊലീസുകാരെ ഏൽപ്പിക്കുകയായിരുന്നു. പൊലീസ് കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. പരിശോധനകൾക്കുശേഷം മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കുകയാിരുന്നു,.