ബർത്താന: കോവിഡ് കാലത്ത് വേറിട്ട ഒട്ടനവധി കല്യാണക്കഥകൾ നാം കേട്ടിട്ടുണ്ട്. പിപികിറ്റ് വിവാഹം കഴിച്ചും ഓൺലൈനായി ചടങ്ങുകൾ നടത്തിയതുമൊക്കെയായി ഒട്ടനവധി പുതുമകൾ.എന്നാൽ വിവാഹച്ചടങ്ങിനിടെ വധുവിന്റെ മരണത്തെത്തുടർന്ന് നിമിഷങ്ങളുടെ ഇടവേളക്ക് ശേഷം സഹോദരിയെ വിവാഹം ചെയ്ത വാർത്തയാണ് ഉത്തർപ്രദേശിൽ നിന്നും പുറത്ത് വരുന്നത്.ഉത്തർപ്രദേശിലെ ഇത്വ ജില്ലയിലെ ബർത്താനയിലെ സംസപൂരിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്.

സംഭവം ഇങ്ങനെ; ഉത്തർപ്രദേശിലെ സുരഭി എന്ന പെൺകുട്ടിയുമായുള്ള മനോജ് കുമാറിന്റെ വിവാഹ ചടങ്ങിന്റെ അവസാന ഘട്ടത്തിലാണ് വധു കുഴഞ്ഞുവീണത്.അഗ്‌നിയെ വലംവെക്കുമ്പോൾ കുഴഞ്ഞുവീണ സുരഭിയെ ഡോക്ടറെത്തി പരിശോധിച്ചു. പരിശോധനയിൽ പെൺകുട്ടി മരിച്ചുവെന്ന് കണ്ടെത്തി. ഗുരുതരമായ ഹൃദയാഘാതം ഉണ്ടയതിനെ തുടർന്നാണ് സുരഭിയുടെ മരണമെന്നാണ് റിപ്പോർട്ട്.എന്നാൽ വിവാഹം മാറ്റിവെക്കാൻ ഇരു കുടുംബക്കാരും തയ്യാറായില്ല.

തുടർന്ന് ഇരുവീട്ടുകാരും തമ്മിൽ നടത്തിയ ചർച്ചയിലാണ് സുരഭിയുടെ ഇളയ സഹോദരി നിഷയെക്കൊണ്ട് മനോജ് കുമാറുമായി വിവാഹം നടത്താമെന്ന് തീരുമാനിച്ചത്. ചടങ്ങുകൾ സുഗമമായി നടക്കുന്നതിന് സുരഭിയുടെ മൃതദേഹംഒരു മുറിയിൽ സൂക്ഷിച്ചു. ഇതിനു ശേഷമായിരുന്നു വിവാഹം നടത്തിയത്.

വിവാഹത്തിനുശേഷമാണ് ഇരുവീട്ടുകാരുടെയും സാന്നിദ്ധ്യത്തിൽ തന്നെ സുരഭിയുടെ അന്ത്യകർമങ്ങളും നടത്തി.