ന്യൂഡൽഹി: രാജ്യത്തിന്റെ പ്രതിരോധ രംഗത്തിന് കരുത്ത് പകർന്ന് അഗ്‌നി-പ്രൈം മിസൈൽ ഡി.ആർ.ഡി.ഒ വിജയകരമായി പരീക്ഷിച്ചു. ആണവ പോർമുന വഹിക്കാൻ ശേഷിയുള്ള അഗ്‌നി പ്രൈം ബാലിസ്റ്റിക് മിസൈൽ ഒഡീഷ തീരത്താണു തിങ്കളാഴ്ച രാവിലെ പരീക്ഷിച്ചത്. അഗ്‌നി ശ്രേണിയിലുള്ള മിസൈലുകളുടെ അത്യാധുനിക പതിപ്പായ അഗ്‌നി പ്രൈം ഭുവനേശ്വറിനു 150 കിലോമീറ്റർ കിഴക്ക് ഡോ. എ.പി.ജെ. അബ്ദുൽ കലാം ദ്വീപിലെ വിക്ഷേപണത്തറയിൽനിന്നാണു മിസൈൽ തൊടുത്തത്.

ആണവ പോർമുന ഘടിപ്പിക്കാവുന്ന മിസൈൽ 2000 കി.മീ ലക്ഷ്യം ഭേദിക്കുമെന്ന് ഡി.ആർ.ഡി.ഒ അറിയിച്ചു. കൃത്യമായ പാത പിന്തുടർന്ന് എല്ലാ ദൗത്യലക്ഷ്യങ്ങളും കൃത്യതയോടെ അഗ്‌നി പ്രൈം പാലിച്ചെന്നു ഡിആർഡിഒ വ്യക്തമാക്കി. 1000 മുതൽ 2000 കിലോമീറ്റർ വരെയാണ് മിസൈലിന്റെ പ്രഹരശേഷി. രണ്ട് ദിവസം മുൻപ് ഒഡീഷയിലെ ചാന്ദിപുരിൽ 'പിനാക' റോക്കറ്റ് ഡിആർഡിഒ വിജയകരമായി പരീക്ഷിച്ചിരുന്നു.

'ഇന്ത്യ വിജയകരമായി അഗ്‌നി-പ്രൈം മിസൈൽ പരീക്ഷിച്ചു. അഗ്‌നി പരമ്പരയിൽപ്പെട്ട ആണവ വാഹക ശേഷിയുള്ളതാണ് മിസൈൽ. ഇന്നു രാവിലെ ഒഡീഷ തീരത്ത് രാവിലെ 10.55ന് പരീക്ഷണം നടത്തിയത്. സൈനിക ആവശ്യത്തിനുള്ള മിസൈൽ നിർമ്മിക്കുന്നതിന് മുന്നോടിയായുള്ള പരീക്ഷണ ഘട്ടമാണ് പൂർത്തിയായത്' ഡി.ആർ.ഡി.ഒ അറിയിച്ചു.

അഗ്‌നി മിസൈൽ ശൃംഖലയിലെ ഏറ്റവും മികച്ച ഘട്ടമാണ് നിലവിൽ പൂർത്തിയായത്. 1000 മുതൽ 2000 കിലോമീറ്റർ ദൂരപരിധി പിന്നിടാൻ ശേഷിയുള്ളതാണ് അഗ്‌നി പ്രൈം മിസൈ ലുകൾ. മികച്ച കൃത്യതയോടെയാണ് പരീക്ഷണ ഘട്ടത്തിൽ മിസൈൽ പ്രവർത്തിച്ചതെന്നും ഡി.ആർ.ഡി.ഒ അറിയിച്ചു. തീരത്ത് സ്ഥിതിചെയ്യുന്ന വിവിധ ടെലിമെട്രി, റഡാർ സ്റ്റേഷനുകൾ മിസൈലിനെ നിരീക്ഷിച്ചു.

ആത്മനിർഭർ ഭാരതിന്റെ ഭാഗമായി തദ്ദേശീയമായി വികസിപ്പിച്ച മിസൈൽ 122എംഎം കാലിബർ റോക്കറ്റാണ്. മൾട്ടിബാരൽ റോക്കറ്റ് വിക്ഷേപണിയിൽ നിന്നാണ് അഗ്‌നി പ്രൈം തൊടുത്തത്.അഗ്നി ക്ലാസ് മിസൈലുകളുടെ പുതുതലമുറ വിപുലമായ വേരിയന്റാണ് അഗ്നി-പ്രൈം.

ഏറ്റവും പുതിയ തലമുറയിൽപെട്ട ബാലിസ്റ്റിക് മിസൈലായ അഗ്‌നി പിക്ക് അഗ്‌നി 3 മിസൈലിന്റെ പകുതി മാത്രം ഭാരമാണുള്ളത്. അഗ്‌നി പി റോഡിൽ നിന്നും റെയിലിൽ നിന്നും വിക്ഷേപിക്കാൻ സാധിക്കുന്നതാണ്. ഇതിന്റെ നിർമ്മാണ പ്രത്യേകതകൾ കാരണം മറ്റ് മിസൈലുകളെ അപേക്ഷിച്ച് കൂടുതൽ നാൾ സൂക്ഷിച്ചു വയ്ക്കാനും രാജ്യത്തിന്റെ ഏതു ഭാഗത്തേക്കും വളരെ എളുപ്പം കൊണ്ടുപോകാനും സാധിക്കും.

പ്രധാനമായും ഇന്ത്യൻ മഹാസമുദ്രത്തിലെ ശത്രു രാജ്യങ്ങളുടെ പടക്കപ്പലുകൾക്കു നേരെ ആയിരിക്കും അഗ്‌നി പി പ്രയോഗിക്കുക എന്ന് അറിയുന്നു.ഇന്ത്യൻ മഹാസമുദ്രം ലക്ഷ്യമിട്ട് ചൈന പുത്തൻ പദ്ധതികൾ മെനയുമ്പോൾ, അഗ്‌നി പിയുടെ പരീക്ഷണ വിജയം ഇന്ത്യയ്ക്ക് ഈ പ്രദേശത്തെ മേധാവിത്വം കൂട്ടാൻ സഹായിക്കും.