ന്യൂഡൽഹി : കാർഷികമേഖലയിൽ പരിഷ്‌കരണത്തിനായി മോദി സർക്കാർ കൊണ്ടുവന്ന മൂന്നു ബില്ലുകൾ എൻഡിഎയെ തകർക്കുമെന്ന് സൂചന. പഞ്ചാബിലെ സഖ്യകക്ഷിയായ ശിരോമണി അകാലിദളിനു (എസ്.എ.ഡി.) പിന്നാലെ ഹരിയാണയിലെ ഘടകക്ഷിയായ ജനനായക് ജനതാ പാർട്ടിയും (ജെ.ജെ.പി.) എതിർപ്പുയർത്തിയിട്ടുണ്ട്. ഇവരെ അനുനയിപ്പിക്കാനായില്ലെങ്കിൽ ഹരിയാണയിലെ ഖട്ടാർ മന്ത്രിസഭ നിലംപതിക്കും. ഇത് രാജ്യ വ്യാപക ചർച്ചകൾക്കും വഴിവയ്ക്കും. മോദി സർക്കാരിന്റെ കർഷക വിരുദ്ധത ആളികത്തിക്കാൻ പ്രതിപക്ഷത്തിനും കഴിയും. അങ്ങനെ നിർണ്ണായക വഴിത്തിരിവിലാണ് ദേശീയ രാഷ്ട്രീയം.

ഗ്രാമീണ കാർഷിക വിപണന സംവിധാനത്തെ തകർക്കുന്ന ബില്ലുകൾ പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് പഞ്ചാബ്, ഹരിയാണ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ കർഷക സംഘടനകൾ. പ്രതിഷേധത്തിനിടയിലും ബില്ലുകൾ ലോക്സഭ ശബ്ദവോട്ടോടെ പാസാക്കി. ഇനി രാജ്യസഭ കൂടി പാസാക്കേണ്ടതുണ്ട്. പഞ്ചാബിലും ഹരിയാനയിലും നിന്നു കർഷക സമരം മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുന്നുണ്ട്. അത് ബിഹാറിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഇത് ബിജെപിക്കും നിതീഷ് കുമാറിനും തലവേദനയാകുകയും ചെയ്യും. ഹരിയാണയിലെ കർഷകരും ബില്ലുകൾക്കെതിരേ രംഗത്തെത്തിയതോടെയാണ് ദുഷ്യന്ത് ചൗട്ടാലയുടെ ജെ.ജെ.പി.യും പ്രതിഷേധിക്കുന്നത്. 2 സംസ്ഥാനങ്ങളിലും കർഷക പ്രക്ഷോഭത്തിന് കോൺഗ്രസ് പൂർണ പിന്തുണ നൽകുകയാണ്. ഇതും ബിജെപിയെ വെട്ടിലാക്കുന്നു.

പരമ്പരാഗത ഗ്രാമച്ചന്ത(മണ്ഡി)സംവിധാനത്തെ തകർത്ത്് വൻകിട റീട്ടെയിൽ ശൃംഖലകൾക്ക് വഴിയൊരുക്കാനാണ് ഈ ബില്ലുകൾ കൊണ്ടുവരുന്നതെന്നാണ് കർഷകസംഘടനകളുടെ ആരോപണം. കാർഷികോത്പന്നങ്ങളുടെ താങ്ങുവില സംവിധാനം റദ്ദാക്കപ്പെടുമെന്നും കരാർ കൃഷിക്ക് ബില്ലുകൾ വഴിയൊരുക്കുമെന്നും പാവപ്പെട്ട കർഷകർ ചൂഷണം ചെയ്യപ്പെടുമെന്നും വിമർശനമുണ്ട്. ഇത് ദേശീയ തലത്തിൽ തന്നെ ചർച്ചയായാൽ മോദി സർക്കാരിന് അത് കടുത്ത വെല്ലുവിളിയായി മാറും. ഹരിയാനയിലാണ് പ്രതിസന്ധി രൂക്ഷം. മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിനെ നേരിൽക്കണ്ട് ചൗട്ടാല കഴിഞ്ഞ ദിവസം നിലപാടറിയിച്ചു. ചൗട്ടാലയുടെ പാർട്ടിയായ ജെ.ജെ.പി.യുടെ പത്തംഗങ്ങളുടെ ബലത്തിലാണ് ഹരിയാണയിൽ എൻ.ഡി.എ. സർക്കാർ നിലനിൽക്കുന്നത്. കേന്ദ്രം ഭരിക്കാൻ മോദിക്ക് കേവല ഭൂരിപക്ഷം ഉണ്ട്. അതുകൊണ്ട് തന്നെ ഘടകകക്ഷികളുടെ നിലപാട് വിനയാകില്ല.

കാർഷികോത്പന്നങ്ങളുടെ ഉത്പാദനം, വ്യാപാരം, വാണിജ്യം (പ്രോത്സാഹനവും സംവിധാനമൊരുക്കലും) ബിൽ, വിലസ്ഥിരതയും കൃഷിസേവനങ്ങളും സംബന്ധിച്ച കർഷകരുടെ കരാറുമായി (ശാക്തീകരണവും സംരക്ഷണവും)ബന്ധപ്പെട്ട ബിൽ, അവശ്യവസ്തു നിയമഭേദഗതി ബിൽ എന്നിവയ്‌ക്കെതിരേയാണ് കർഷകർ പ്രതിഷേധം ആരംഭിച്ചിരിക്കുന്നത്. ജൂൺ അഞ്ചിന് ഇറക്കിയ ഓർഡിനൻസുകൾ പിൻവലിച്ചാണ് ബില്ലുകൾ കൊണ്ടുവന്നത്. നേരത്തേ ഓർഡിനൻസുകളെ പിന്തുണച്ചിരുന്ന എസ്.എ.ഡി. എന്ന ശിരോമണ അകാലി ദൾ കാർഷികമേഖലകളിലെ വോട്ട് ബാങ്ക് തകരുമെന്ന ഭയംമൂലം പൊടുന്നനെ നിലപാട് മാറ്റുകയായിരുന്നു. മോദി മന്ത്രിസഭയിൽനിന്ന് സ്വന്തം പ്രതിനിധിയെ പിൻവലിച്ചത് പഞ്ചാബിൽ എൻഡിഎ തകരുമെന്നതിന്റെ സൂചനയാണ്.

ബിജെപി.ക്ക് കേവലഭൂരിപക്ഷമുള്ളതിനാൽ മോദിസർക്കാരിന് സഖ്യകക്ഷികളുടെ വിട്ടുപോക്കോ, പിണക്കമോ തത്കാലം രാഷ്ട്രീയ പ്രതിസന്ധിയല്ല. എങ്കിലും എസ്.എ.ഡി.യെയും ജെ.ജെ.പി.യെയും അനുനയിപ്പിക്കാൻ ബിജെപി. ശ്രമമാരംഭിച്ചിട്ടുണ്ട്. കാർഷിക മേഖല നിർണായകമായ ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ, കൂടുതൽ സഖ്യകക്ഷികളിലേക്ക് എതിർപ്പ് പടരാതിരിക്കാൻ ദേശീയ നേതൃത്വം ശ്രമിക്കും. ബില്ലുകളെ ബിജെപി.യുടെ മുതിർന്ന നേതാവ് ഡോ. സുബ്രഹ്മണ്യൻ സ്വാമി വെള്ളിയാഴ്ച വിമർശിച്ചു. സ്വന്തം നിലയിൽ ഭൂരിപക്ഷമുണ്ടായിട്ടും എൻ.ഡി.എ. എന്ന നിലയിൽ സഖ്യമുണ്ടാക്കിയ പാർട്ടി കർഷകരെ ബാധിക്കുന്ന ബിൽ അവതരിപ്പിക്കുന്നതിനുമുമ്പ് ഘടകകക്ഷികളുമായി ചർച്ച നടത്താതിരുന്നത് എന്തുകൊണ്ടാണെന്ന് സ്വാമി ചോദിച്ചു. ബിൽ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പഞ്ചാബിൽ നിന്നുള്ള അകാലിദൾ മന്ത്രി ഹർസിമ്രത് കൗർ ബാദൽ രാജിവച്ചതിനു പുറമേ അവിടെ എൻഡിഎ വിടാൻ പാർട്ടിയിൽ സമ്മർദം മുറുകുകയാണ്. ഹരിയാനയിലാകട്ടെ ബിജെപിക്ക് ഒറ്റയ്ക്ക് ഭരിക്കാൻ ഭൂരിപക്ഷമില്ല. ദുഷ്യന്ത് സിങ് ചൗട്ടാലയുടെ ജനനായക് ജനതാപാർട്ടിയുടെ 10 എംഎൽഎമാരുടെ പിന്തുണ നിർണായകമാണ്. കർഷക ബില്ലുകളുടെ പേരിൽ എൻഡിഎ വിടാനും ഉപമുഖ്യമന്ത്രി പദം രാജി വയ്ക്കാനും ദുഷ്യന്തിനു മേലും സമ്മർദമുണ്ട്. കർഷകരുടെ പിന്തുണയാണ് ജനനായക് ജനതാ പാർട്ടിയുടെ അടിത്തറ. ഹരിയാനയിൽ 90 അംഗ സഭയിൽ ബിജെപിക്ക് 40 എംഎൽഎമാരേയുള്ളൂ. ദുഷ്യന്തിന്റെ പാർട്ടിക്ക് 10 അംഗങ്ങളുണ്ട്. പ്രതിപക്ഷത്ത് കോൺഗ്രസിന് 31 എംഎൽഎമാർ. 7 സ്വതന്ത്രരുമുണ്ട്.

അകാലിദളുമായും ബാദൽ കുടുംബവുമായും ചൗട്ടാല കുടുംബത്തിന് ഏറെ അടുപ്പമുണ്ട്. ദേവിലാലിന്റെ കാലം മുതലുള്ള ബന്ധമാണത്. ഹർസിമ്രത് കൗർ രാജി വയ്ക്കുന്നതിനു മുൻപ് സുഖ്ബീർ സിങ് ബാദൽ ചണ്ഡിഗഡിൽ എത്തി അജയ് ചൗട്ടാലയെയും ദുഷ്യന്ത് ചൗട്ടാലയെയും കണ്ടിരുന്നു. ഹരിയാനയിൽ ബിജെപി ജനനായക് ജനതാ പാർട്ടി സഖ്യമുണ്ടാക്കുന്നതിൽ ബാദലിന് വലിയ പങ്കുണ്ട്. പഞ്ചാബിൽ 2022ൽ നിയമസഭാ തിരഞ്ഞെടുപ്പാണ്. അകാലി ദളിനേക്കാൾ കൂടുതൽ സീറ്റിൽ മത്സരിക്കാനാണ് ബിജെപി ശ്രമം. എന്നാൽ സഖ്യം തകർന്നാൽ ഇരുവരും വെവ്വേറെ മത്സരിക്കേണ്ടി വരും.

ബിഹാറിലും എൻഡിഎയിൽ പ്രതിസന്ധിയുണ്ട്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പല നീക്കങ്ങളോടും ലോക് ജനശക്തി പാർട്ടിയുടെ റാം വിലാസ് പാസ്വാനും മകൻ ചിരാഗ് പാസ്വാനും യോജിപ്പില്ല. ഇതും പ്രശ്‌നങ്ങളുണ്ടാക്കും.