ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന സൂചന നൽകി ധനമന്ത്രി നിർമ്മലാ സീതാരാമൻ. കേന്ദ്രം കൊണ്ടു വന്ന പുതിയ നിയമങ്ങൾ കർഷകർക്ക് ഗുണകരമാണെന്ന് പറയുകയും ചെയ്തു. ഇതോടെ നിയമകൾ പിൻവലിക്കില്ലെന്ന് പറയുകയാണ്. കാർഷിക മേഖലയ്ക്കായുള്ള പദ്ധതികൾ പ്രഖ്യാപിച്ചപ്പോൾ ലോക്‌സഭയിൽ പ്രതിപക്ഷ ബഹളവും ഉണ്ടായി. ഇത് ധനമന്ത്രി വകവച്ചില്ല.

കർഷകർക്ക് മിനിമം താങ്ങുവിലയിൽ ഉറപ്പു നൽകി എന്നതു മാത്രമാണ് ശ്രദ്ധേയം. 16.5 ലക്ഷം കോടി രൂപ കർഷകർക്ക് നൽകാൻ ലക്ഷ്യമിടുന്നുവെന്നും പറഞ്ഞു. കർഷകരുടെ ക്ഷേമം ഉറപ്പുവരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് ധനമന്ത്രി കൂട്ടിച്ചേർത്തു. ഇതോടെയാണ് പ്രതിപക്ഷ ബഹളം തുടർന്നത്. കർഷക ഭാഗം വായിച്ചു തീരും വരെ പ്രതിഷേധം തുടർന്നു. നടപ്പ് സാമ്പത്തിക വർഷം കർഷകർക്ക് ഗോതമ്പിന് താങ്ങുവിലയായി 75000 കോടി രൂപ നൽകിയെന്നും പ്രഖ്യാപിച്ചു. സംഭരണത്തിന്റെ പ്രയോജനം 43 ലക്ഷം കർഷകർക്ക് പ്രയോജനപ്പെട്ടു. വിവിധ കാർഷിക ഉത്പന്നങ്ങളുടെ താങ്ങുവിലയായി 2021 ൽ 1.72 ലക്ഷം കോടി ചെലവഴിക്കും

2020-ൽ 75,020 കോടി കർഷകർക്ക് വിതരണം ചെയ്തുവെന്ന് ധനമന്ത്രി പറഞ്ഞു. കാർഷിക വായ്പകൾ വർധിപ്പിക്കും. വരുന്ന സാമ്പത്തിക വർഷം 16.50 ലക്ഷം കോടി രൂപയുടെ കാർഷിക വായ്പ ലക്ഷ്യമിടുന്നുവെന്നും കൂട്ടിച്ചേർത്തു. സൗരോർജ്ജ കോർപ്പറേഷന് 1,000 കോടി രൂപയും പുനരുപയോഗ ഊർജ്ജ വികസന ഏജൻസിക്ക് 1,500 കോടി രൂപയും വകയിരുത്തി. ഇതിനൊപ്പം തമിഴ്‌നാട്ടിൽ കടൽ പായൽ പാർക്കും മത്സ്യ കൃഷി പ്രോത്സാഹനത്തിനുണ്ട്. കർഷക നിയമങ്ങൾ ഗുണകരമായെന്ന് കണക്ക് നിരത്തി സമർത്ഥിക്കാനും ധനമന്ത്രി ശ്രമിച്ചു. ഈ സമയം പ്രതിപക്ഷം ബഹളമുണ്ടാക്കുകയും ചെയ്തു.

ഗ്യാസ് വിതരണ ശൃംഖലയിലേക്ക് നൂറ് നഗരങ്ങളെ കൂടി ഉൾപ്പെടുത്തും ഊർജ്ജമേഖലയ്ക്ക് 3.05 ലക്ഷം കോടി വകയിരുത്തി യൂറോപ്പിൽ നിന്നും ജപ്പാനിൽ നിന്നും കൂടുതൽ കപ്പലുകളെ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ നടപടിയെടുക്കും. റെയിൽവേയ്ക്ക് 1.10 കോടി രൂപ വികസനപദ്ധതികൾക്കും.1.7 ലക്ഷം കോടി വികസനപ്രവർത്തനങ്ങൾക്കുമായി അനുവദിച്ചു ചെറുകിട കമ്പനികളുടെ നിർവചനം നിലവിലെ പരിധി 50 ലക്ഷത്തിൽ നിന്ന് മൂലധന അടിത്തറ 2 കോടി രൂപയായി ഉയർത്തിയെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

കേന്ദ്ര സർക്കാരിന്റെ ബജറ്റ് ആറ് മേഖലകളെ മുൻനിർത്തിയുള്ളതായിരിക്കുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞിരുന്നു. ആരോഗ്യം, അടിസ്ഥാനസൗകര്യം, സമഗ്രവികസനം, മാനവിക മൂലധന വികസനം, ഗവേഷണവും വികസനവും, മിനിമം ഗവൺമെന്റ് മാക്സിമം ഗവേർണൻസ് എന്നിവയായിരിക്കും ബജറ്റിന്റെ ആറ് തൂണുകൾ എന്ന് മന്ത്രി ബജറ്റ് അവതരണത്തിന് ആമുഖമായി മന്ത്രി പറഞ്ഞിരുന്നു. ഇതിൽ കൃഷി ഉൾപ്പെട്ടിരുന്നില്ല. ഇതും നിരാശയാണ്. പ്രതിഷേധിക്കുന്നവരെ പറ്റി പ്രതികരിക്കാനും മന്ത്രി തയ്യാറായില്ല. കണക്കുകളിലൂടെ സമരം അനാവശ്യമാണെന്ന് പറയാതെ പറയുകയും ചെയ്യും.

ആസ്ത്രേലിയയ്ക്കെതിരായ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിജയത്തെ പരാമർശിച്ചുകൊണ്ടാണ് മന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്. ആത്മനിർഭർ ഭാരതിന് പ്രാമുഖ്യം നൽകിക്കൊണ്ടായിരിക്കും ബജറ്റ്. ആരോഗ്യമേഖലയ്ക്ക് 64180 കോടിയുടെ പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു. കർഷക സമരത്തിനോടുള്ള നിലപാട് ബജറ്റിൽ പ്രതീക്ഷിച്ചതുമാണ്. ഇതിൽ കർഷകാനുകൂല മനസ്സില്ലെന്ന് തെളിയുകയാണ് ബജറ്റിൽ.