അഹമ്മദാബാദ്: ആർഎസ്എസ് പ്രചാരകനായ നരേന്ദ്ര മോദിയെ തീവ്ര നിലപാടിന്റെ മുഖമായിട്ടായിരുന്നു ഒരു കാലത്ത് ഏവരും വിലയിരുത്തിയിരുന്നത്. ഇത് മാറ്റിയെടുക്കാൻ ചില ശ്രമങ്ങൾ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദി നടത്തി. വികസന മുഖം അവതരിപ്പിച്ചു. മോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ബിജെപി അവതരിപ്പിച്ചു. ഇതോടെ തനിക്ക് ബിജെപിക്ക് പുറത്തും സുഹൃത്തുക്കളുണ്ടെന്ന് സമർത്ഥിക്കാൻ മോദി തന്ത്രപരമായ ഇടപെടലുകൾ തുടങ്ങി.

അതിന് തെരഞ്ഞെടുത്തത് സോണിയാ ഗാന്ധിയുടെ പൊളിററിക്കൽ സെക്രട്ടറിയായിരുന്ന അഹമ്മദ് പട്ടേലിനെയാണ്. ദൂരദർശന്റെ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ. അന്ന് അധികാരത്തിൽ ഇരുന്ന യുപിഎ സർക്കാർ ഇത് വെട്ടിമാറ്റിയാണ് ദൂരദർശനിൽ കൊടുത്തത്. ഇതിനൊപ്പം മോദിയെ കണക്കിന് പരിഹസിക്കുകയും ചെയ്തു അഹമ്മദ് പട്ടേൽ. അന്ന് മുതൽ മോദിയുടെ കണ്ണിലെ കരടായി കോൺഗ്രസ് രാഷ്ട്രീയത്തിലെ ഉരുക്ക് പട്ടേൽ. ഈ നേതാവാണ് ഇന്ന് വിടവാങ്ങുന്നത്. ഒരിക്കലും പരിവാർ രാഷ്ട്രീയത്തിന് പടികൊടുക്കാത്ത നേതാവ്.

ഗുജറാത്തിൽ മോദിക്ക് ഏറെ താൽപ്പര്യമുള്ള നേതാവായിരുന്നു അഹമ്മദ് പട്ടേൽ. പട്ടേലിനെ ഒപ്പം കൂട്ടിയാൽ തനിക്ക് ഗുജറാത്തിൽ എതിരാളികളുണ്ടാകില്ലെന്ന് മോദി തിരിച്ചറിയുകയും ചെയ്തു. ഈ സമയത്താണ് പട്ടേൽ, സോണിയയുടെ വിശ്വസ്തനാകുന്നത്. ഇതോടെ മൻ മോഹൻ സർക്കാരിന്റെ നീക്കങ്ങളെ സ്വാധീനിക്കുന്ന വ്യക്തിയായി മാറി. ഡൽഹിയിലേക്ക് പ്രവർത്തന കേന്ദ്രവും മാറ്റി. പട്ടേലിന്റെ തന്ത്രങ്ങൾ പല ഘട്ടത്തിലും കോൺഗ്രസിനെ തുണച്ചു. യുപിഎ സർക്കാരിനെ വീണ്ടും അധികാരത്തിലെത്തിച്ചതിന് പിന്നിലും പട്ടേലിന്റെ കരങ്ങളുണ്ടായിരുന്നു. ഇതെല്ലാം മനസ്സിലാക്കിയാണ് അഹമ്മദ് പട്ടേലിനെ തന്റെ സുഹൃത്താക്കി മോദി മാറ്റിയത്.

എന്നാൽ ദൂരദർശനിലെ ഈ അഭിമുഖം പട്ടേലും കണ്ടു. മോദിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് നിന്ന് കൊടുക്കാൻ പട്ടേൽ തയ്യാറായിരുന്നില്ല. മോദിയുടെ അവകാശവാദങ്ങളെ പൂർണ്ണമായും തള്ളി. ഇതോടെ മോദി നോട്ടമിട്ട നേതാവായും പട്ടേൽ മാറുകയായിരുന്നു. മോദി അധികാരത്തിൽ എത്തിയ ശേഷം പലവിധ അന്വേഷണങ്ങൾ പട്ടേലിനെതിരെ നടത്തി. എന്നാൽ ഇതൊന്നും പട്ടേലിനെ കുലുക്കിയില്ല. ആവും വിധം മോദിയെ പട്ടേൽ പ്രതിരോധിച്ചു. മഹാരാഷ്ട്രയിൽ ശിവസനേയെ കൂടെ കൂട്ടി പോലും ബിജെപിക്ക് പണികൊടുത്തു.

അഹമ്മദ് പട്ടേൽ തന്റെ സുഹൃത്തും ഭവന സന്ദർശകനുമായിരുന്നു എന്നായിരുന്നു ദൂരദർശൻ അഭിമുഖത്തിൽ മോദി പറഞ്ഞിരുന്നത്. ഈ വിഡിയോയാണ് വെട്ടിമാറ്റിയത്. പിന്നീട് ഇത് മോദി തന്നെ പുറത്തുവിട്ടു. ഇതോടെ ഈ പരാമർശങ്ങൾ വിലയ ചർച്ചയായി. മോദി തന്റെ സുഹൃത്തല്ലെന്നും മോദിയുമായി 2002 നു ശേഷം കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നുമുള്ള വിശദീകരണവുമായി അഹമ്മദ് പട്ടേൽ രംഗത്തെത്തി.

താൻ മോദിയുടെ സുഹൃത്താണെന്ന മോദിയുടെ വാദം തെളിയിക്കാൻ കഴിഞ്ഞാൽ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാമെന്ന് അഹമ്മദ് പട്ടേൽ വെല്ലുവിളിച്ചു. പട്ടേൽ കോൺഗ്രസിലെ തന്റെ നല്ല സുഹൃത്തുകളിൽ ഒരാളാണെന്നായിരുന്നു മോദിയുടെ അവകാശ വാദം. താനുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉണ്ടാകുമ്പോൾ അദ്ദേഹം അകന്നുനിൽക്കും. ഇപ്പോൾ തന്റെ ഫോൺ പോലും പട്ടേൽ എടുക്കാറില്ല. അദ്ദേഹത്തിന്റെ വീട്ടിൽ പോയി ഭക്ഷണം കഴിച്ചിട്ടുണ്ട്. ഞങ്ങൾ തമ്മിൽ നല്ല ബന്ധമാണുണ്ടായിരുന്നു- അഭിമുഖത്തിൽ മോദി പറഞ്ഞിരുന്നു.

അടിസ്ഥാന രഹിതമായ പരാമർശമാണ് മോദി നടത്തുന്നതെന്നും ഇത്തരം പ്രസ്താവനകൾ തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്നുമായിരുന്നു പട്ടേലിന്റെ പ്രതികരണം. ഇതിന് ശേഷം ബിജെപി പ്രധാനമന്ത്രി സഥാനാർത്ഥി മോദിയെ ചായവിൽപ്പനക്കാരൻ എന്ന് വിളിച്ച് പരിഹസിച്ചത് അബന്ധമായിപ്പോയി എന്ന് കോൺഗ്രസിന് മനസ്സിലായത് അതേ നായണത്തിൽ മോദി തിരിച്ചടിച്ചുതുടങ്ങിയപ്പോഴാണ്. പാവപ്പെട്ടവന്റെ മുഖത്തോടെ മോദി അത് തിരഞ്ഞെടുപ്പ് ആയുധമാക്കി.

എന്നാൽ മോദി പാവപ്പെട്ട ചായക്കടക്കാരനല്ല, ചായ കോൺട്രാക്ടറായിരുന്നു എന്ന് തിരുത്തി പറഞ്ഞ് ആക്രമണത്തിന് നേതൃത്വം നൽകിയതും പട്ടേലായിരുന്നു. ദരിദ്രനായ ചായവിൽപ്പനക്കാരനെന്ന നരേന്ദ്ര മോദിയുടെ പ്രചരണം രാഷ്ട്രിയ നാടകമാണെന്ന് അഹമ്മദ് പട്ടേൽ ആരോപിച്ചു. മോദി ഒരിക്കലും ഒരു ചായവിൽപ്പനക്കാരനല്ല, ചായക്കട കോൺട്രാക്ടറായിരുന്നു. ചായവിൽപ്പനക്കാരുടെ അസോസിയേഷൻ പറയുന്നത് മോദി ചായവിൽപ്പനക്കാരനല്ല ചായക്കട നടത്തിപ്പുകാരനാണെന്ന് അഹമ്മദ് പട്ടേൽ കളിയാക്കി.

ദരിദ്ര ചുറ്റുപാടിൽ നിന്നാണ് മോദി വരുന്നതെന്ന ബിജെപിയുടെ പ്രചരണം നാടകമാണ്. ചായാ പെ ചർച്ചകൾ രാഷ്ട്രീയ ഗിമ്മിക്കാണ്. ഇലക്ഷൻ മുന്നിൽക്കണ്ടുള്ള നാടകമാണ് ചായക്കട ചർച്ചയെന്നും അഹമ്മദ് പട്ടേൽ പറഞ്ഞു. സർദാർ വല്ലഭായ് പട്ടേലിന്റെ പാരമ്പര്യം അവകാശപ്പെടുന്ന മോദി അദ്ദേഹത്തിന്റെ പ്രതിമ നിർമ്മാണത്തെ പ്രധാനമന്ത്രി കസേരയിലേക്കുള്ള ഏണിയായാണ് കാണുന്നതെന്നും പട്ടേൽ കുറ്റപ്പെടുത്തിയിരുന്നു. പക്ഷേ പട്ടേലിന്റെ പ്രസ്താവനകളെ അതിജീവിച്ച് മോദി പ്രധാനമന്ത്രിയായി.

് ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദിയുടെ പ്രധാന വിമർശകനായിരുന്നു ഗുജറാത്തിൽ പട്ടേൽ. ഇതോടെയാണ് പട്ടേലും മോദിയും തമ്മിലെ വൈരാഗ്യത്തിൻ കഥ തുടങ്ങുന്നത്. അമിത് ഷായെ കേസിൽ പെടുത്തിയതിന് പിന്നിലും പട്ടേലാണെന്ന് ബിജെപിക്കാർ എന്നും അടക്കം പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് കരുതലോടെ കരുക്കൾ നീക്കി പട്ടേലിനെ രാജ്യസഭയിൽ നിന്ന് അകറ്റാൻ ബിജെപി ശ്രമം തുടങ്ങിയത്. എന്നാൽ സോണിയയുടെ പൊളിട്ടിക്കൽ സെക്രട്ടറിയുടെ കൗശലത്തോടെയുള്ള നീക്കം മോദിയേയും അമിത് ഷായേയും ഞെട്ടിച്ചു.

മോദിയേക്കാൾ ഒരു വയസ്സ് മാത്രമാണ് അഹമ്മദ് പട്ടേലിന് കൂടുതലായുള്ളത്. ഇരുവരും ഗുജറാത്തിൽ പൊതു പ്രവർത്തനം തുടങ്ങുന്നത് ഒരേ കാലഘട്ടത്തിലാണ്. ഈ സാഹചര്യത്തിലാണ് പട്ടേലിനെ തന്റെ അടുത്ത സുഹൃത്തായി മോദി ഉയർത്തിക്കാട്ടിയത്. യുപിഎ സർക്കാരിന്റെ കാലത്ത് സർക്കാരിനെ നിയന്ത്രിച്ചിരുന്നത് പട്ടേലായിരുന്നു. പട്ടേലിനെ ലക്ഷ്യമിട്ട് പല വിമർശനങ്ങളും കോൺഗ്രസിൽ ഉയർന്നിരുന്നു. ഉപജാപകരുടെ പിടിയിലാണ് സോണിയെന്ന കെ കരുണാകരന്റെ പ്രസ്താവന കേരളം പോലും ഏറെ ചർച്ച ചെയ്തു.

അന്നും വില്ലൻ അഹമ്മദ് പട്ടേലായിരുന്നു. അലുമിനീയം പട്ടേലെന്ന കെ മുരളീധരന്റെ കളിയാക്കലാണ് കോൺഗ്രസിലെ കരുണാകര വിഭാഗത്തിന്റെ പിളർപ്പിനും കാരണമായത്. അങ്ങനെ സോണിയയുടെ വലം കൈയയായ തന്റെ എതിരാളിയെ മൂലയ്ക്കിരുത്താനായിരുന്നു ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ മോദിയും അമിത് ഷായും ശ്രമിച്ചത്. അതും തകർത്ത് പട്ടേൽ രാജ്യസഭയിലെത്തി.

പട്ടേലിനോട് ചോദിക്കാതെ സോണിയ ഒരു തീരുമാനവുമെടുക്കാറില്ലെന്നത് പകൽപോലെ പരസ്യമായ രഹസ്യമായിരുന്നു. ഒരു കാലത്ത് കോൺഗ്രസിൽ സോണിയയ്ക്കും രാഹുലിനും ശേഷം ഒരു അധികാരകേന്ദ്രമുണ്ടെങ്കിൽ അത് അഹമ്മദ് പട്ടേൽ തന്നെയായിരുന്നു. സോണിയയുടെ നിഴൽ എന്നറിയപ്പെടാനായിരിന്നു പട്ടേലിന് താൽപര്യം. രണ്ട് യുപിഎ മന്ത്രി സഭകളിലും പട്ടേലിന് സുപ്രധാന മന്ത്രി സ്ഥാനങ്ങൾ ഒരു താലത്തിലെന്ന പോലെ മന്മോഹൻസിങ് വെച്ചു നീട്ടിയതായിരുന്നു. പക്ഷേ, അണിയറയിലെ കളികളിലായിരുന്നു താൽപ്പര്യം. അതുകൊണ്ട് കേന്ദ്ര മന്ത്രിയായില്ല.

എന്നാൽ എല്ലാ വകുപ്പുകളിലും ഇടപെട്ടു. പട്ടേൽ പ്രധാനമന്ത്രി മോദിയുടെ ഹിറ്റ്‌ലിസ്റ്റിലുണ്ടെന്ന് തിരിച്ചറിയാൽ കോൺഗ്രസ് വൈകിപ്പോയി. നാടകീയ നീക്കങ്ങൾക്കൊടുവിലാണ് ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പിൽ അഹമ്മദ് പട്ടേലിനെ കോൺഗ്രസ് ജയിപ്പിച്ചെടുത്തത്.