തിരുവനന്തപുരം: ചലച്ചിത്ര താരവും ബിജെപി സ്ഥാനാർത്ഥിയുമായ കൃഷ്ണകുമാറിന്റെയും മകൾ അഹാന കൃഷ്ണകുമാറിന്റെയും പ്രതികരണങ്ങൾ എപ്പോഴും സോഷ്യൽ മീഡിയയിൽ സജീവചർച്ചയ്്ക്ക് വഴിവെക്കാറുണ്ട്.കഴിഞ്ഞ ദിവസം ബിഫീനെക്കുറിച്ച് രണ്ടുപേരും നടത്തിയ പരാമർശങ്ങൾ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. ഇപ്പോഴിത വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മകൾ അഹാന കൃഷ്ണകുമാർ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടി പ്രതികരിച്ചിരിക്കുന്നത്.

തന്റെ പിതാവ് സെൻസിബളായ ആളാണ്. എന്നാൽ വിടുവായത്തം പറയുന്ന ആളല്ലെന്ന് നടി കുറിച്ചു.'ഞാനും അച്ഛനും രണ്ട് വ്യക്തികളാണ്. വ്യത്യസ്തമായ അഭിപ്രായങ്ങൾ വച്ചുപുലർത്താൻ അവകാശമുണ്ട്. കുറച്ചു കാലമായി ഞാനെന്തു പറഞ്ഞാലും അതെന്റെ കുടുംബത്തിന്റെ അഭിപ്രായമാക്കി മാറ്റുന്നു. എന്റെ പിതാവ് എന്ത് അഭിപ്രായം പറഞ്ഞാലും അത് എന്റെ അഭിപ്രായമാക്കി മാറ്റുന്നു.' അഹാന മറ്റൊരു ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പറയുന്നു.

'മീമും വാർത്തയും ഒക്കെ നല്ലതാ, പക്ഷെ ഒരൽപം മര്യാദ? പ്‌ളീസ് ഡാ' എന്ന് അഹാന. പിന്നെ തന്റെ അച്ഛൻ നൽകിയ മാധ്യമ അഭിമുഖങ്ങളിൽ പറഞ്ഞ വീഡിയോ ശകലങ്ങളും, അത് വളച്ചൊടിച്ചു കൊണ്ട് വന്ന വാർത്തകളും അഹാന പോസ്റ്റ് ചെയ്യുന്നു. യഥാർത്ഥത്തിൽ കൃഷ്ണകുമാർ പറഞ്ഞ കാര്യം മറ്റൊന്നാണ്. കൃഷ്ണകുമാറിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് അഹാനയുടെ പ്രതികരണം. വീട്ടിൽ പശുവളർത്തൽ ഉണ്ടായിരുന്നു. ഏറിയാൽ അഞ്ചു വയസ്സുവരെ മാത്രമേ ഒരാൾ അമ്മയുടെ പാൽ കുടിക്കൂ. ശേഷം പശുവിൻ പാൽ കുടിക്കുന്നു. അതാണ് ഗോമാതാവ് എന്ന സങ്കൽപ്പത്തിന് പിന്നിൽ എന്ന് ഒരു ചാനൽ അഭിമുഖത്തിൽ കൃഷ്ണകുമാർ പറയുന്നു.ചില ആരോഗ്യപ്രശ്‌നങ്ങൾ കാരണം പന്നിയിറച്ചി കഴിക്കാൻ സാധിക്കില്ല. അല്ലെങ്കിൽ കഴിക്കാത്തതായി ഒന്നുമില്ല എന്നും കൃഷ്ണകുമാർ അഭിമുഖത്തിൽ പറയുന്നു.

ഇ വീഡിയോയെത്തുടർന്ന് ഇപ്പോൾ ചർച്ചയാകുന്ന അഹാനയുടെ ബീഫ് പോസ്റ്റും താരം ഷെയർ ചെയ്തിട്ടുണ്ട്. 2020 ഡിസംബർ മാസം മൂന്നിനാണ് ഈ പോസ്റ്റ് ഇട്ടതെന്ന് അഹാന പറയുന്നു.നല്ല ഭക്ഷണം കാണുമ്പോൾ അമ്മ മകളെപ്പറ്റിയും, നല്ല ഭക്ഷണം കണ്ടാൽ താൻ അമ്മയെപ്പറ്റിയും ചിന്തിക്കുമെന്നു അഹാന പറഞ്ഞിരുന്നു. മീൻ പൊള്ളിച്ചത്, ബീഫ് കറി, ഞണ്ടു റോസ്റ്റ്, മീൻ കറി ഒക്കെയാണ് സെറ്റിൽ അഹാനയ്ക്ക് വേണ്ടി വിളമ്പിയ വിഭവങ്ങൾ. എന്തിനാ തന്നെയിങ്ങനെ 'നിറയെ ഭക്ഷണം തന്നു വഷളാക്കുന്നത്' എന്നും അഹാന പ്രൊഡക്ഷൻ ടീമിനോട് ക്യാപ്ഷനിൽ ചോദിച്ചിരുന്നു.പോസ്റ്റ് ചെയ്ത ബീഫ് സിനിമ പ്രൊഡക്ഷൻ ടീമിൽ പാകം ചെയ്തതാണെന്ന് നടി പറയുന്നു. അമ്മ തനിക്ക് ബീഫ് ഉണ്ടാക്കി തരാറുണ്ടെന്ന തരത്തിലായിരുന്നു വാർത്ത പ്രചരിച്ചത്. എന്നാൽ അങ്ങനെ താൻ പോസ്റ്റിൽ എഴുതിയിട്ടില്ലെന്നും അമ്മ ബീഫ് വെക്കാറില്ലെന്നും നടി വ്യക്തമാക്കി.

അച്ഛനും താനും അഭിപ്രായ സ്വാതന്ത്ര്യമുള്ള രണ്ടു വ്യക്തികളാണ്. കുറേക്കാലമായി ഞാൻ പറയുന്നത് എന്റെ കുടുംബത്തിന്റേതായി വ്യാഖ്യാനിക്കപ്പെടുകയാണ്. ശേഷം അവരെയും എന്നെയും ട്രോൾ ചെയ്യും. അച്ഛൻ എന്തെങ്കിലും പറഞ്ഞാൽ അതെന്റേതായും വ്യാഖ്യാനിക്കപ്പെടുന്നു, അഹാന പറയുന്നു. രാഷ്ട്രീയം മാറ്റി വച്ച്, ചെയ്യുന്ന കാര്യം ഒരു മനുഷ്യജീവിയെന്ന നിലയിൽ നിങ്ങൾ സ്വയം ആത്മപരിശോധന നടത്തൂ എന്നും അഹാന ഈ വാർത്തകൾ പടച്ചുവിടുന്നവരോട് പറയുന്നുണ്ട്