ജയ്പൂർ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരിൽ കോടികളുടെ ഭൂമി തട്ടിപ്പ് ആരോപണത്തിൽ കേന്ദ്ര സർക്കാർ അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് നേതാവും രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ഗെഹ് ലോട്ട്. കുറ്റക്കാരെ ശിക്ഷിക്കണമെന്നം അദ്ദേഹം ആവശ്യപ്പെട്ടു. ക്ഷേത്ര നിർമ്മാണത്തിന് രാജസ്ഥാനിലെ ജനങ്ങൾ ഏറ്റവും കൂടുതൽ സംഭാവന നൽകിയിരുന്നു. എന്നാൽ, കേന്ദ്ര നിർമ്മാണത്തിനായി രൂപീകരിച്ച ട്രസ്റ്റിന്റെ സാമ്പത്തിക ക്രമക്കേട് രാജ്യമെമ്പാടുമുള്ള ഭക്തരെ വല്ലാതെ വേദനിപ്പിച്ചു. നിർമ്മാണ തുടക്കത്തിൽ തന്നെ സംഭാവനകൾ തട്ടിയെടുത്ത വാർത്ത സാധാരണക്കാരുടെ വിശ്വാസത്തെയാണ് തകർത്തതെന്നും ഗെലോട്ട് ട്വീറ്റ് ചെയ്തു.

വിഷയത്തിൽ കേന്ദ്രസർക്കാറിന് മേൽ സമ്മർദ്ദം വർധിപ്പിക്കുന്നതാണ് പ്രതിപക്ഷ നേതാക്കളുടെ ആരോപണം. രാമക്ഷേത്രത്തിനായി ഭൂമി വാങ്ങിയതിൽ വൻക്രമക്കേട് നടന്നുവെന്ന ആരോപണത്തിൽ ശക്തമായ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. ശ്രീരാമന്റെ പേരിൽ ചതി നടത്തുന്നത് അനീതിയാണെന്ന് രാഹുൽ പ്രതികരിച്ചു. 'ശ്രീരാമനെന്നാൽ നീതിയും സത്യവും മതവുമാണ്. അദ്ദേഹത്തിന്റെ പേരിൽ ചതി നടത്തുന്നത് അനീതിയും'' -രാഹുൽ ട്വീറ്റ് ചെയ്തു.

നേരത്തെ, ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധിയും രംഗത്തെത്തിയിരുന്നു. കോടിക്കണക്കിനു വരുന്ന ജനങ്ങൾ ഭഗവാന്റെ കാൽക്കൽ കാണിക്കയായി പണം നൽകിയത് അവരുടെ വിശ്വാസവും ഭക്തിയും കൊണ്ടാണ്. ആ പണം തെറ്റായ രീതിയിൽ ചെലവഴിക്കപ്പെട്ടത് പാപമാണെന്ന് മാത്രമല്ല, വിശ്വാസികളെ അപമാനിക്കുന്നതിന് തുല്യമാണ് -പ്രിയങ്ക പറഞ്ഞിരുന്നു.

കേന്ദ്രസർക്കാർ കഴിഞ്ഞ വർഷം രൂപീകരിച്ച രാമക്ഷേത്ര ട്രസ്റ്റ് ക്ഷേത്രത്തിനായി ഭൂമി വാങ്ങിയതിൽ വൻ തട്ടിപ്പ് നടത്തിയെന്നാണ് എസ്‌പിയും എ.എ.പിയും ആരോപിക്കുന്നത്. മാർച്ച് 18ന് ഒരു വ്യക്തിയിൽ നിന്ന് രണ്ട് കോടി രൂപക്ക് വാങ്ങിയ 1.208 ഹെക്ടർ ഭൂമി റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർ രാമജന്മഭൂമി ട്രസ്റ്റിന് 18.5 കോടിക്ക് മറിച്ചുവിറ്റെന്നാണ് ആരോപണം.

രണ്ട് ഇടപാടുകൾക്കിടയിലെ സമയം 10 മിനിറ്റിൽ താഴെയാണ്. ഈ കുറഞ്ഞ സമയത്തിനിടെ ഭൂമിയുടെ വില എങ്ങനെയാണ് അനേകം ഇരട്ടിയായി വർധിച്ചതെന്ന് ട്രസ്റ്റ് ഭാരവാഹികൾ വിശദീകരിക്കണമെന്ന് മുൻ മന്ത്രിയും സമാജ്വാദി പാർട്ടി നേതാവുമായ പവൻ പാണ്ഡെ ആവശ്യപ്പെട്ടു. ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിങ്ങും ട്രസ്റ്റിനെതിരെ അഴിമാതിയാരോപണം ഉന്നയിച്ചു. കള്ളപ്പണം വെളുപ്പിക്കൽ ഇടപാട് ഉൾപ്പെടെ സംശയിക്കണമെന്നും സംഭവം സിബിഐയും ഇ.ഡിയും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.