കോവിഡ് പ്രതിരോധത്തിൽ വീണ്ടും കേന്ദ്ര സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോവിഡ് വാക്‌സിൻ നൽകുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം ട്വിറ്ററിലൂടെ നാല് ചോദ്യങ്ങളാണ് കേന്ദ്ര സർക്കാരിന് മുന്നിൽ വെച്ചത്.

പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് പറയണം,

1. ലഭ്യമായ കോവിഡ് വാക്‌സിനുകളിൽ നിന്ന് ഏതാണ് കേന്ദ്രസർക്കാർ തെരഞ്ഞെടുക്കാൻ പോകുന്നത്?എന്തുകൊണ്ട്?

2. ആർക്കൊക്കെയാണ് ആദ്യം വാക്‌സിൻ നൽകുക. എന്ത് അടിസ്ഥാനത്തിലായിരിക്കും വാക്‌സിൻ വിതരണം?

3. സൗജന്യ വാക്‌സിനേഷനായി പി.എം കെയേഴ്‌സ് ഫണ്ട് ഉപയോഗിക്കുമോ?

4. രാജ്യത്തെ എല്ലാ പൗരന്മാർക്കും എന്നാണ് വാക്‌സിനേഷൻ ലഭ്യമാകുക?, രാഹുൽ ട്വീറ്റ് ചെയ്തു.

 

രാജ്യത്തെ കോവിഡ്-19 സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലെ മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് മണിക്കൂറുകൾ ബാക്കിനിൽക്കെയാണ് രാഹുലിന്റെ വിമർശനം. കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി നാളെ വീഡിയോ കോൺഫറൻസ് നടത്തും. കോവിഡ് രോഗബാധ രൂക്ഷമായ ഡൽഹി, മഹാരാഷ്ട്ര, കേരളം, പശ്ചിമബംഗാൾ, രാജസ്ഥാൻ എന്നീ സംസ്ഥാനളിലെ സ്ഥിതിഗതികൾ പ്രധാനമന്ത്രി വിലയിരുത്തും.

രാജ്യത്തെ വാക്‌സിൻ പരീക്ഷണങ്ങളിൽ ചിലത് അന്തിമഘട്ടത്തിൽ എത്തിനിൽക്കുന്ന സാഹചര്യത്തിൽ വാക്‌സിൻ വിതരണം സംബന്ധിച്ച കാര്യങ്ങളും യോഗത്തിൽ ചർച്ചചെയ്യും. വാക്‌സിനുകൾക്ക് അടിയന്തിര അംഗീകാരം നൽകുന്നത് സംബന്ധിച്ച കാര്യങ്ങളും ചർച്ചയുടെ ഭാഗമാകും.

നീതി ആയോഗിന്റെ അടുത്തിടെ നടന്ന യോഗത്തിൽ വാക്‌സിനുകൾക്ക് അടിയന്തിര അംഗീകാരം നൽകൽ, വാക്‌സിന്റെ വില, സമ്പാദനം തുടങ്ങിയ കാര്യങ്ങൾ ചർച്ചചെയ്തിരുന്നു. ഫൈസർ, മൊഡേണ എന്നീ അമേരിക്കൻ കമ്പനികളുടെ വാക്‌സിൻ പരീക്ഷണം വിജയകരമാണെന്ന റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിലായിരുന്നു ഇത്.