ചെന്നൈ: പാർട്ടിയിൽനിന്നു പുറത്താക്കപ്പെട്ട നേതാവ് വി.കെ.ശശികലയുമായി ആശയവിനിമയം നടത്തിയാൽ കടുത്ത അച്ചടക്കനടപടി സ്വീകരിക്കുമെന്ന് പ്രവർത്തകർക്കു മുന്നറിയിപ്പ് നൽകി അണ്ണാ ഡിഎംകെ നേതൃത്വം. അച്ചടക്കം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി പാർട്ടി വക്താവ് വി.പുകഴേന്തി ഉൾപ്പെടെ 17 പേരെ പുറത്താക്കുകയും ചെയ്തു. നടപടി നേരിട്ട ഭൂരിഭാഗം നേതാക്കളും മുൻ ഇടക്കാല ജനറൽ സെക്രട്ടറി ശശികലയുമായി സംസാരിച്ചെന്നാണ് ആരോപണം.

ശശികലയുമായി സംസാരിക്കുന്നവർക്ക് എതിരെ കടുത്ത നടപടിയെടുക്കണമെന്ന പ്രമേയം ചെന്നൈയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന എഐഎഡിഎംകെ നിയമസഭാംഗങ്ങളുടെ യോഗത്തിൽ ഏകകണ്ഠമായാണു പാസാക്കിയത്. പാർട്ടിയുടെ കോഓർഡിനേറ്റർ ഒ.പനീർസെൽവത്തെ പ്രതിപക്ഷ ഉപനേതാവായി യോഗം തിരഞ്ഞെടുത്തു. പാർട്ടി കോഓർഡിനേറ്ററും മുൻ മുഖ്യമന്ത്രിയുമായ എടപ്പാടി കെ.പളനിസ്വാമിയെ പ്രതിപക്ഷ നേതാവായി നേരത്തേ തിരഞ്ഞെടുത്തിരുന്നു.

ഉടൻ പാർട്ടിയിലേക്കു തിരിച്ചുവരുമെന്നു പറഞ്ഞു ശശികല പ്രവർത്തകരുമായി നടത്തിയ ഫോൺ സംഭാഷണം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേപ്പറ്റി യോഗം വിശദമായി ചർച്ച ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി രാഷ്ട്രീയത്തിൽനിന്നു വിട്ടുനിൽക്കുകയാണെന്നു പ്രഖ്യാപിച്ച ശശികല, പാർട്ടിയുടെ വളർച്ച കണ്ടാണു മടങ്ങിയെത്താൻ ആഗ്രഹിക്കുന്നതെന്നു യോഗം വിലയിരുത്തി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടിയെടുക്കാനും തീരുമാനിച്ചു. 

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ അണ്ണാ ഡിഎംകെയ്ക്കു ഭരണം നഷ്ടപ്പെട്ടതിനു പിന്നാലെ ശശികല രാഷ്ട്രീയ നീക്കം തുടങ്ങിയിരുന്നു. അന്തരിച്ച മുന്മുഖ്യമന്ത്രി ജെ.ജയലളിതയുടെ ഉറ്റ സുഹൃത്തായ ശശികല, മാർച്ചിൽ രാഷ്ട്രീയത്തിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും തമിഴ്‌നാട് രാഷ്ട്രീയത്തിലേക്കു മടങ്ങിയെത്തുമെന്ന് സൂചന നൽകിയിരുന്നു. പാർട്ടി പ്രവർത്തകനുമായുള്ള ഫോൺ സംഭാഷണത്തിലാണു സജീവ രാഷ്ട്രീയത്തിലേക്കു മടങ്ങുന്നതിന്റെ സൂചനകൾ ചിന്നമ്മ നൽകിയത്. ഇതോടെ ശശികലയെ അകറ്റി നിർത്തുവാൻ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് അണ്ണാ ഡിഎംകെ നേതൃത്വം തീരുമാനിച്ചിരുന്നു.

അനധികൃത സ്വത്തുകേസിൽ നാലുവർഷത്തെ തടവുശിക്ഷ പൂർത്തിയാക്കി ഫെബ്രുവരി എട്ടിനാണു ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽനിന്ന് മോചിതയായത്. നിലവിൽ ചെന്നൈയിലെ ടി നഗറിലാണു ശശികല താമസിക്കുന്നത്. അണ്ണാ ഡിഎംകെയിലും സംസ്ഥാന രാഷ്ട്രീയത്തിലും നിർണായക ഘടകമായി മാറുമെന്നു കരുതിയ വേളയിലാണു പൊടുന്നനെ രാഷ്ട*!*!*!്രീയത്തിൽനിന്നു വിരമിക്കുകയാണെന്നു ശശികല പ്രഖ്യാപിച്ചത്.