ചെന്നൈ: രണ്ടില്ല ചിഹ്നത്തിന് വേണ്ടിയുള്ള പോര് കേരളത്തിലുണ്ടാക്കിയ ഓളം ഇതുവരെ അടങ്ങിയിട്ടില്ല.അതിനിടയിൽ ഇപ്പോഴിത തമിഴ്‌നാട് രാഷ്ട്രിയത്തിലും സജീവ ചർച്ചകൾക്ക് വഴിവെക്കുകയാണ് രണ്ടില ചിഹ്നം.രണ്ടില പോര് തമിഴകെ രാഷ്ട്രീയത്തെയും കുലുക്കുമെന്നതിൽ തർക്കമില്ല. അണ്ണാ ഡിഎംകെ പാർട്ടി ചിഹ്നമായ 'രണ്ടില'യ്ക്കു വേണ്ടിയുള്ള കേസ് തുടരാൻ മുൻ ജനറൽ സെക്രട്ടറി വി.കെ.ശശികല തീരുമാനിച്ചു. വരുന്ന 23നു കോടതി കേസ് പരിഗണിച്ചേക്കും.

ഇതിനുപുറമെ തമിഴ്‌നാട്ടിൽ ഉടൻനടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള ചരടുവലികളും ശശികല അണിയറയിൽ തുടങ്ങിക്കഴിഞ്ഞു. പാർട്ടിയിൽ അണികളെ കൂട്ടാനുള്ള പ്രവർത്തനം ശക്തമാക്കുകയാണ് ശശികല. ഇതിനു മുന്നോടിയായി പ്രവർത്തകരെ നേരിട്ടു വിളിക്കുന്നതു തുടരുകയാണ്. തന്റെ മനസ്സിലുള്ള പദ്ധതിയും ലക്ഷ്യവും പാർട്ടി പ്രവർത്തകരോടു പറയുകയാണെന്ന മട്ടിൽ വെളിപ്പെടുത്തുമ്പോഴും കൃത്യമായി ഈ ഓഡിയോ ക്ലിപ്പുകൾ പുറത്തു വിടാനും ശശികലയുടെ അണികൾ ശ്രദ്ധിക്കുന്നുണ്ട്.

ഇതിനൊപ്പം ശശികലയുടെ അനന്തരവൻ ടി.ടി.വി. ദിനകരന്റെ അമ്മ മക്കൾ മുന്നേറ്റ കഴകം, അണ്ണാ ഡിഎംകെ എന്നീ പാർട്ടികളിൽനിന്നു ഡിഎംകെയിലേക്കു ചാടാൻ നിൽക്കുന്നവരെ പിടിച്ചു നിർത്താനുള്ള നീക്കങ്ങളും ശശികല തുടങ്ങിയിട്ടുണ്ട്. ഇതിനായി പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചു. ലോക്ഡൗണിനു ശേഷം എല്ലാ ജില്ലകളിലും റോഡ്‌ഷോ നടത്താനും ശശികല തീരുമാനിച്ചു.