ന്യൂഡൽഹി: ഒറ്റരാത്രികൊണ്ട് 48 പൈലറ്റുമാരെ പുറത്താക്കിയ ഉത്തരവ് എയർ ഇന്ത്യ പുറത്തിറക്കുമ്പോൾ പുറത്താക്കപ്പെട്ട പല പൈലറ്റുമാരും ആ സമയത്തും വിമാനം പറത്തുകയായിരുന്നു. അടിയന്തിര പ്രാധാന്യത്തോടെ പുറത്താക്കൽ നടപടി പ്രാബല്യത്തിലായെന്നാണ് എയർ ഇന്ത്യ വിശദമാക്കുന്നത്. കഴിഞ്ഞ വർഷം കമ്പനിക്ക് രാജിക്കത്ത് നൽകിയവരെയാണ് ഇപ്പോൾ എയർ ഇന്ത്യ പിരിച്ചുവിട്ടിരിക്കുന്നത്. രാജി പിൻവലിച്ച് ജോലിയിൽ പ്രവേശിച്ചിരുന്ന ഇവരെ സാമ്പത്തിക പ്രതിസന്ധി മൂലമാണ് പിരിച്ചുവിടുന്നത് എന്നാണ് കമ്പനി വ്യക്തമാക്കുന്നത്. അതേസമയം പുറത്താക്കൽ നടപടി നിയമവിരുദ്ധമാണെന്ന് ഇന്ത്യൻ കൊമേഷ്യൽ പൈലറ്റ് അസോസിയേഷൻ ആരോപിക്കുന്നു. സംഭവത്തിൽ അന്വേഷണം വേണമെന്ന് ഇവർ ആവശ്യപ്പെടുന്നു. വിഷയത്തിൽ കേന്ദ്ര വ്യോമയാന മന്ത്രാലയത്തെ സമീപിക്കാനാണ് സംഘടനയുടെ തീരുമാനം.

കഴിഞ്ഞ 13ന് രാത്രി 10 മണിക്കാണ് 48 പൈലറ്റുമാരെ കമ്പനി പുറത്താക്കിയത്. എയർ ബസ് 320 വിമാനങ്ങൾ പറത്തുന്ന പൈലറ്റുമാരായിരുന്നു ഇവർ. കഴിഞ്ഞ വർഷം എയർ ഇന്ത്യയിൽ നിന്ന് രാജിവെക്കാൻ കത്ത് നൽകുകയും പിന്നീട് നിയമപ്രകാരമുള്ള നടപടികളിലൂടെ രാജിക്കത്ത് പിൻവലിക്കുകയും ചെയ്ത പൈലറ്റുമാരെയാണ് പിരിച്ചുവിട്ടത്. രാജിക്കത്ത് പിൻവലിച്ച തീരുമാനം എയർ ഇന്ത്യ അംഗീകരിച്ചിരുന്നതാണ്. എന്നാൽ വളരെ പെട്ടെന്നാണ് ഇവരെ പുറത്താക്കാനുള്ള തീരുമാനം വന്നത്.

സാമ്പത്തിക പ്രതിസന്ധിയും കോവിഡ് വ്യാപനം മൂലം വ്യോമയാന മേഖലയ്ക്കുണ്ടായ പ്രശ്‌നങ്ങളും മൂലമാണ് നടപടിയെന്ന് പുറത്താക്കിക്കൊണ്ടുള്ള ഉത്തരവിൽ പറയുന്നു. കോവിഡിന് മുമ്പുള്ളതിനേക്കാൾ വളരെ കുറഞ്ഞ സർവീസുകൾ മാത്രമാണ്‌ എയർ ഇന്ത്യ നടത്തുന്നത്. സമീപകാലത്തെങ്ങും വിമാന സർവീസുകൾ സാധാരണഗതിയിലാകുമെന്ന് കരുതുന്നുമില്ല. ഇതുമൂലം കമ്പനിക്ക് വലിയ നഷ്ടമാണ് നേരിടേണ്ടിവരുന്നതെന്നും ശമ്പളം നൽകാൻ സാധിക്കാത്ത അവസ്ഥയിലാണ് കമ്പനിയെന്നും പുറത്താക്കിക്കൊണ്ടുള്ള ഉത്തരവിൽ പറയുന്നുണ്ട്.