തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനുള്ള ശ്രമങ്ങളുടെ ഭാ​ഗമായി എയർ ഇന്ത്യയുടെ തിരുവനന്തപുരം, കോഴിക്കോട് പൈലറ്റ് ബേസുകൾ അടച്ചുപൂട്ടാൻ നീക്കം. ചെലവുചുരുക്കലിന്റെ ഭാഗമായ നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം. ബേസുകൾ ചെന്നൈയിലേക്കു മാറ്റാനാണു ശ്രമം. ഇതോടെ, എയർ ഇന്ത്യയിലെ പൈലറ്റുമാരുടെയും വിമാന ജീവനക്കാരുടെയും തൊഴിൽ ആസ്ഥാനം ചെന്നൈ ആയി മാറും.

തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിൽ ഇത്തിഹാദ്, കുവൈത്ത് എയർലൈൻസ്, ഖത്തർ എയർലൈൻസ് എന്നിവയുടെ അറ്റകുറ്റപ്പണികളും എയർ ഇന്ത്യ എൻജിനീയറിങ് സർവീസ് ആണ് നടത്തുന്നത്. പൈലറ്റ് ബേസ് മാറ്റിയാൽ എൻജിനീയറിങ് സർവീസിനും തിരിച്ചടിയാകും.

തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നുള്ള വിമാനസർവീസുകൾ കുറഞ്ഞതോടെയാണ് എയർ ഇന്ത്യ ചെന്നൈ സതേൺ റീജൻ ജനറൽ മാനേജർ ഇതുസംബന്ധിച്ച് ഓപ്പറേഷൻസ് ഡയറക്ടർക്ക് നിർദ്ദേശം സമർപ്പിച്ചത്. കേരളത്തിലെ എയർ ഇന്ത്യ അധികൃതരുടെ എതിർപ്പ് മറികടന്നാണിത്. എയർ ഇന്ത്യയ്ക്കു നിലവിൽ തിരുവനന്തപുരത്തു നിന്നു ഡൽഹിക്ക് ആഴ്ചയിൽ രണ്ട് സർവീസ് മാത്രമേ ഉള്ളൂ. ചെന്നൈ, ബെംഗളൂരു, മുംബൈ, റിയാദ് ഉൾപ്പെടെയുള്ള സർവീസുകൾ പലപ്പോഴായി പിൻവലിച്ചു.