കൊച്ചി: രാജ്യാന്തര യാത്രക്കാർക്കുള്ള കോവിഡ് നിബന്ധനകളിൽ സൗദി അറേബ്യ ഇളവുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ കേരളത്തിൽനിന്ന് ആദ്യമായി ഞായറാഴ്ച സൗദിയ എയർലൈൻസ് സർവീസ് നടത്തും. സൗദിയയുടെ വിമാനം ഞായറാഴ്ച പുലർച്ചെ 395 യാത്രക്കാരുമായി കൊച്ചിയിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെടും.

സൗദി വിമാനത്തിന് പുറമെ 21 രാജ്യാന്തര യാത്രാ സർവീസുകൾ ഞായറാഴ്ച കൊച്ചിയിൽ നിന്നുണ്ടാകും. ഇതിൽ 5 എണ്ണം ദോഹയിലേക്കും 4 വീതം ഷാർജ, ദുബായ് എന്നിവിടങ്ങളിലേക്കും ഒന്ന് ലണ്ടനിലേക്കുമാണ്.

രാജ്യാന്തര തലത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ അനുഭവപ്പെടുന്ന പുരോഗതി സിയാലിൽ പ്രതിഫലിച്ചുതുടങ്ങി. ഞായറാഴ്ച മാത്രം 6069 രാജ്യാന്തര യാത്രക്കാർ കൊച്ചി വിമാനത്താവളത്തിലുടെ കടന്നുപോകും. ഇവരിൽ 4131 പേർ വിദേശത്തേക്കു പോകുന്നവരാണ്. സൗദിയ വിമാനം എസ്വി 3575 ഞായറാഴ്ച പുലർച്ചെ 395 യാത്രക്കാരുമായി പുറപ്പെടും.

ഈ ആഴ്ച മാത്രം സൗദിയ കൊച്ചിയിൽനിന്ന് മൂന്ന് സർവീസുകൾ നടത്തും. സെപ്റ്റംബർ 2 മുതൽ ഇൻഡിഗോ സൗദി വിമാനസർവീസ് നടത്തും. കൂടുതൽ സർവീസുകൾ തുടങ്ങാൻ വിവിധ വിമാനക്കമ്പനികളുമായി സിയാൽ ചർച്ചതുടങ്ങിയെന്ന് സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് ഐഎഎസ് അറിയിച്ചു.

'ഗൾഫ് മേഖലയിലേക്ക് കൊച്ചിയിൽനിന്ന് കൂടുതൽ സർവീസുകൾക്കു ശ്രമം തുടങ്ങിയിട്ടുണ്ട്. നിരവധി വിമാനക്കമ്പനികൾ ഇതിനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. ചെയർമാന്റെയും ബോർഡ് അംഗങ്ങളുടേയും നിർദേശാനുസരണം, യാത്രക്കാർക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സുഗമമായി യാത്രചെയ്യാനുള്ള നടപടികൾ സിയാൽ പൂർത്തിയാക്കിയിട്ടുണ്ട് '-സുഹാസ് പറഞ്ഞു.