തിരുവനന്തപുരം: പെൻഷൻ പ്രായം വർധിപ്പിക്കാനുള്ള ശമ്പള കമ്മീഷൻ ശുപാർശ യുവജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഇത് തള്ളിക്കളയണമെന്നും എഐവൈഎഫ് സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു. അഭ്യസ്തവിദ്യരായ ലക്ഷകണക്കിന് യുവജനങ്ങൾ തൊഴിൽ രഹിതരായുള്ള ഒരു സമൂഹത്തിൽ പെൻഷൻ പ്രായം വർധിപ്പിക്കുന്നത് വലിയ സാമൂഹ്യ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് എഐവൈഎഫ് അഭിപ്രായപ്പെട്ടു.

സർക്കാർ സർവ്വീസിൽ ഉണ്ടാവുന്ന ഓരോ ഒഴിവുകളിലേക്കും ആയിരകണക്കിന് യുവജനങ്ങൾ അപേക്ഷ നൽകുകയും മത്സര പരീക്ഷകൾ എഴുതുകയും ചെയ്യുന്ന സംസ്ഥാനമാണ് കേരളം. ഈ യാഥാർത്ഥ്യത്തിന് നേരെ ആർക്കും കണ്ണടയ്ക്കാൻ കഴിയില്ല. മുൻപ് പല ഘട്ടങ്ങളിലും പെൻഷൻ പ്രായം വർദ്ധിപ്പിക്കാനുള്ള നീക്കം ഉണ്ടായപ്പോൾ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്.

പെൻഷൻ പ്രായം 57 വയസ്സാക്കി ഉയർത്തണമെന്ന ശമ്പള കമ്മിഷന്റെ ശുപാർശ ഒരു തരത്തിലും സർക്കാർ അംഗീകരിക്കരുതെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ആർ സജിലാലും സെക്രട്ടറി മഹേഷ് കക്കത്തും ആവശ്യപ്പെട്ടു.