തിരുവനന്തപുരം: സാമൂഹ്യമാധ്യമങ്ങളിലും മുഖ്യധാരാ മാധ്യമങ്ങളിലും ഇപ്പോളത്തെ പ്രധാനവാർത്ത പേരൂർക്കടയിലെ കുഞ്ഞും അജിത്തിന്റേയും അനുപമയുടേയും ഡിഎൻഎ ടെസ്റ്റുമാണ്. കുഞ്ഞിനെ എടുത്തുമാറ്റിയ അനുപമയുടെ അച്ഛനെ കുറിച്ചും കുടുംബത്തെ കുറിച്ചും ഏറെക്കുറെ വിവരങ്ങൾ മലയാളികൾക്കറിയാമെങ്കിലും കുട്ടിയുടെ അച്ഛൻ അജിത്തിന്റെ കുടുംബം ഇപ്പോഴും കാണാമറയത്താണ്.

അതിന് പ്രധാനകാരണം അജിത്തിന്റെ കുടുംബവും ഒരു സമ്പൂർണ പാർട്ടി കുടുംബമാണ് എന്നതാണ്. അവർ ഇപ്പോഴും പാർട്ടിക്കെതിരെ രംഗത്ത് വരാൻ ആഗ്രഹിക്കാത്ത അച്ചടക്കമുള്ള പാർട്ടി കുടുംബമാണ്. അജിത്തിന്റെ അച്ഛൻ കെ. ബേബി സിപിഎം പേരൂർക്കട ലോക്കൽ കമ്മിറ്റി അംഗമാണ്. ബിഎസ്എൻഎൽ ജീവനക്കാരനായിരുന്ന ബേബി അക്കാലത്ത് ജീവനക്കാരുടെ സംഘടനയുടെ ജില്ലാ നേതാവായിരുന്നയാളാണ്. അജിത്തിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയിട്ടും ബേബി പാർട്ടിയുടെ അച്ചടക്കമുള്ള പ്രവർത്തകനായി തുടരുന്നു

അജിത്തിന്റെ അമ്മ ശ്യാമളയും പാർട്ടി അനുഭാവിയാണ്. അജിത്തിന്റെ സഹോദരനും അച്ഛന്റെ സഹോദരങ്ങളും അവരുടെ മക്കളുമെല്ലാം പാർട്ടി അംഗങ്ങളാണ്. ഇവരെല്ലാം ബാലസംഘം മുതൽ തന്നെ പാർട്ടി പ്രവർത്തനം ആരംഭിച്ചവരാണ്. സ്‌കൂൾ പഠനം നടത്തിയ പട്ടം സെന്റ് മേരീസിലും ശാസ്തമംഗലം ആർകെഡി എൻഎസ്എസിലും രാഷ്ട്രീയം ഉണ്ടായിരുന്നില്ലെങ്കിലും അക്കാലത്ത് തന്നെ തിരുവനന്തപുരം മോഡൽ സ്‌കൂളിലും എസ്എംവിയിലും പഠിച്ചിരുന്ന സുഹൃത്തുക്കൾക്കൊപ്പം എസ്എഫ്ഐ പ്രവർത്തനത്തിലും സജീവമായിരുന്നു അജിത്ത്.

തിരുവനന്തപുരം ആർട്സ് കോളേജിൽ പഠിക്കുമ്പോൾ എസ്എഫ്ഐയുടെ നേതൃരംഗത്തേയ്ക്ക് അജിത്ത് ഉയർന്നു. അന്ന് തിരുവനന്തപുരത്തെ എസ്എഫ്ഐ അന്തരിച്ച പി ബിജുവിന്റെയും ഇപ്പോഴത്തെ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എഎ റഹീമിന്റെയും നേതൃത്വത്തിൽ രണ്ട് വിഭാഗമായി നിൽക്കുകയായിരുന്നു. പി ബിജുവിന്റെ വിഭാഗത്തെ ഇല്ലായ്മ ചെയ്യാൻ റഹീമിന്റെ ടീം കൊണ്ടുപിടിച്ചുശ്രമിക്കുന്ന കാലത്ത് പി ബിജുവിനൊപ്പമായിരുന്നു അജിത്ത് നിലകൊണ്ടത്. ആ കാലഘട്ടം മുതൽ തന്നെ ഷിജുഖാനുമായും അജിത്തിന് ബന്ധമുണ്ടായിരുന്നു.

അതിന് ശേഷം ബാംഗ്ലൂർ വിജയനഗർ കോളേജ് ഓഫ് നേഴ്സിങിൽ നിന്നും അജിത്ത് നേഴ്സിങ് ബിരുദവും സ്വന്തമാക്കി. ഇതിനിടെ സ്‌കൂൾ പഠനകാലത്ത് തന്നെ അജിത്ത് സിനിമാറ്റിക് ഡാൻസിൽ വൈദഗ്ധ്യം നേടുകയും ഒരു ഡാൻസ് സ്‌കൂൾ ആരംഭിച്ച് ഡാൻസ് മാസ്റ്റർ എന്ന നിലയിൽ പേരെടുക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയപ്രവർത്തനവും നൃത്താധ്യാപനവും ഒന്നിച്ചുകൊണ്ടുപോകുന്ന സമയത്താണ് ഒരു സിനിമയിൽ കൊറിയോഗ്രാഫി ചെയ്യാനുള്ള അവസരം അജിത്തിന് ലഭിക്കുന്നത്.

അന്ന് അവിടെ ഡാൻസറായി എത്തിയതാണ് അജിത്തിന്റെ ആദ്യഭാര്യ നസീമ. അവർ ആദ്യഭർത്താവിന്റെ ഗാർഹികപീഡനത്തെ തുടർന്ന് ഡിവോഴ്സ് കഴിഞ്ഞ് നിൽക്കുകയായിരുന്നു. നസീമയുടെ കഷ്ടപ്പാടുകളിൽ തോന്നിയ സഹാനുഭൂമി ഒടുവിൽ പ്രണയമായി ഇരുവരും സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരാകുകയായിരുന്നു.

അജിത്തിന്റെയും നസീമയുടെയും വിവാഹജീവിതം ഒട്ടും സുഗമമായിരുന്നില്ല. നിരവധി കുടുംബപ്രശ്നങ്ങളിലൂടെ കടന്ന് പോയ ബന്ധം വേർപെടുത്താൻ ഇരുവരും തീരുമാനിക്കുമ്പോഴാണ് അജിത്ത് അനുപമയുമായി പ്രണയത്തിലാകുന്നത്. തുടർന്ന് നസീമയുമായി ഡിവോഴ്സ് കേസ് വേഗത്തിലായി. ഇതിനിടെ അനുപമയുടെ അച്ഛൻ ജയചന്ദ്രൻ അജിത്തിന് ഡിവോഴ്സ് നൽകാതിരുന്നാൽ നസീമയ്ക്ക് ജോലിയും പണവും വാഗ്ദാനം ചെയ്തെങ്കിലും നസീമ അതിന് വഴങ്ങിയില്ല.

ഇതിനിടെ അനുപമ പ്രസവിക്കുകയും ജയചന്ദ്രൻ കുട്ടിയെ എടുത്തുമാറ്റുകയും ചെയ്തു. അനുപമയെ തൊടുപുഴയിൽ അമ്മയുടെ വീട്ടിൽ വീട്ടുതടങ്കലിലാക്കി. അവിടെ നിന്നും രക്ഷപ്പെട്ടാണ് അനുപമ അജിത്തിനൊപ്പം ചേരുന്നത്. അതിന് ശേഷം കുഞ്ഞിന് വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു ഇരുവരും. അവർക്ക് ഒപ്പം പരസ്യമായിറങ്ങുന്നതിന് പരിമിതികളുണ്ടായിരുന്നെങ്കിലും മാനസികപിന്തുണയുമായി വീട്ടുകാരുമുണ്ടായിരുന്നു. പാർട്ടിയിൽ പരാതി നൽകിയാൽ നീതി ലഭിക്കുമെന്ന വിശ്വാസമായിരുന്നു ഇവർക്ക് ആദ്യമുണ്ടായിരുന്നത്.

എന്നാൽ ജില്ലാ സെക്രട്ടറി മുതൽ പിബി അംഗം വരെയുള്ളവർക്ക് പരാതി നൽകിയിട്ടും ഫലം കാണാതെ വന്നപ്പോൾ അവർക്ക് മനസിലായി, പാർട്ടി വേട്ടക്കാർക്കൊപ്പമാണെന്ന്. അങ്ങനെയാണ് ഏപ്രിൽ മാസത്തിൽ ഇവർ പരാതിയുമായി പൊലീസ് സ്റ്റേഷനിലും സിഡബ്ല്യുസിയിലും ശിശുക്ഷേമസമിതിയിലും എത്തുന്നത്. ഒടുവിൽ അവരും കയ്യൊഴിഞ്ഞ കേസാണ് ഒക്ടോബറിൽ മാധ്യമങ്ങൾ ജനങ്ങൾക്ക് മുന്നിലെത്തിക്കുന്നത്.

അനുപമയുടെ ഒറ്റയാൾ പോരാട്ടമാണ് വിജയം കണ്ടെതെന്ന് നമ്മൾ പറയുമ്പോഴും അതിന് പിന്നിൽ ഈ താടിക്കാരന്റെ പിന്തുണ കാണാതിരുന്നുകൂടാ. ഒടുവിൽ പേരൂർക്കട ദത്ത് കേസിൽ നീതി നടപ്പാകുമ്പോൾ ആ വിജയം അമ്മയുടേത് മാത്രമല്ല, ഈ അച്ഛന്റേത് കൂടിയാണ്.