കോഴിക്കോട് വിമാനത്താവളത്തിൽ 2.33 കിലോഗ്രാം സ്വർണവുമായി പിടിയിലായ മുഹമ്മദ് ഷഫീഖിനെ ദുബായിലെ കാരിയർ ഏജന്റിനു പരിചയപ്പെടുത്തിയതു അജ്മൽ ആണെന്നു കസ്റ്റംസ് കണ്ടെത്തിയിരുന്നു. മുഹമ്മദ് ഷാഫിയുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് അജ്മലെന്നും കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്.

അജ്മലും അർജുൻ ആയങ്കിയും തമ്മിൽ അടുത്ത ബന്ധമുണ്ട്. മുഹമ്മദ് ഷഫീഖുമായും അർജുന് നേരത്തെ പരിചയമുണ്ടെന്നും വ്യക്തമായിട്ടുണ്ട്. ഷഫീഖിനെ അജ്മലിനു പരിചയപ്പെടുത്തിയത് അർജുൻ ആയങ്കിയാണ്. ഷഫീഖിനെ ദുബായിലെ കാരിയർ ഏജന്റിനു പരിചയപ്പെടുത്തിയതിനു കമ്മീഷൻ പറ്റിയിട്ടുണ്ട്.

24 വയസ്സുള്ള അജ്മൽ ഒരു വർഷത്തോളം ദുബായിലുണ്ടായിരുന്നു. അമ്മ സക്കീനയുടെ പേരിലുള്ള 3 സിം കാർഡുകളാണ് ഇടപാടുകൾക്കായി അജ്മൽ ഉപയോഗിച്ചത്. മുഹമ്മദ് എന്ന പേരിലാണ് ആശയ വിനിമയങ്ങളിൽ അജ്മലും ഷഫീഖും ഉപയോഗിച്ചത്. അതേസമയം കസ്റ്റംസ് തിരയുന്ന യൂസഫുമായി അജ്മലിനു ബന്ധമുണ്ടോയെന്നു വ്യക്തമായിട്ടില്ല.

അതേ സമയം ടിപി കേസ് പ്രതി മുഹമ്മദ് ഷാഫിയെയും സുഹൃത്ത് ആഷിഖിനെയും ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. മുഹമ്മദ് ഷാഫിയെ ചോദ്യം ചെയ്യലിനായി വീണ്ടും വിളിപ്പിക്കും.

അജ്മലിനേയും ആഷിഖിനേയും ഇന്നലെയാണ് കസ്റ്റഡിയിലെടുത്തത്. മുഹമ്മദ് ഷാഫി, അർജുൻ ആയങ്കി എന്നിവർക്ക് സിംകാർഡ് എടുത്തുനൽകിയത് ഇവരാണ്.

പാനൂരിലെ സക്കീനയുടെ മകനാണ് അജ്മൽ. സ്വർണക്കടത്ത് സംഘത്തിൽ ഉൾപ്പെട്ട അർജുൻ ആയങ്കിയും കൂട്ടാളികളും ഉപയോഗിച്ചത് സക്കീനയുടെ പേരിലെടുത്ത നാല് സിം കാർഡുകളാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സക്കീനയെ ഇന്നലെ കസ്റ്റംസ് സംഘം ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തത്.

നിലവിൽ പരോളിൽ കഴിയുന്ന ഷാഫിക്ക് പ്രധാന പ്രതി അർജുൻ ആയങ്കിയെ ഒളിവിൽ പാർപ്പിച്ചതിലും പങ്കുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്.