കോഴിക്കോട്: വയനാട് മുട്ടിലിൽ നടന്നത് വലിയ വനംകൊള്ളയാണെന്നും നടപടിയുണ്ടാകുമെന്ന് തീർച്ചയാണെന്നും വനം മന്ത്രി എ.കെ. ശശീന്ദ്രൻ. നടപടി വൈകിയെന്നത് യഥാർഥ്യമാണെന്നും മന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു.

ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന തോന്നലുള്ളതുകൊണ്ടാണ് പുറത്തുനിന്നുള്ള അന്വേഷണത്തിന് തയ്യാറെടുക്കുന്നത്. തിരഞ്ഞെുപ്പ് പ്രഖ്യാപിച്ച് പെരുമാറ്റ ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിലാണ് മരം പിടിച്ചെടുത്തതെന്നാണ് അറിയുന്നത്. ഭരണയന്ത്രം മുഴുവനായും ഉദ്യോഗസ്ഥരുടെ കൈയിലായ അവസ്ഥയായിരുന്നു. ഇതാണ് നടപടി വൈകാൻ കാരണമായതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഇതിനിടെ, മുട്ടിൽ മരംമുറിക്കേസുമായി ബന്ധപ്പെട്ട റിപ്പോർട്ട് കളക്ടർ അദീല അബ്ദുള്ള റവന്യൂ മന്ത്രിക്ക് കൈമാറി. മരംമുറിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കണമെന്ന് കളക്ടർക്ക് കഴിഞ്ഞദിവസം റവന്യൂമന്ത്രി കെ. രാജൻ നിർദ്ദേശം നൽകിയിരുന്നു.

ഇതിനുതൊട്ടുപുറകെയാണ് കെ.എൽ.സി. ആക്ട് പ്രകാരം പ്രതികൾക്ക് നോട്ടീസ് അയച്ചു തുടങ്ങിയത്. നാല്പതിലധികം കേസുകളിലാണ് നോട്ടീസ് അയച്ചത്. നോട്ടീസ് കൈപ്പറ്റുന്നവരോട് ഈ മാസം 21 മുതൽ വിവിധ സമയങ്ങളിലായി ഹാജരാവാനും ആവശ്യപ്പെട്ടിട്ടുണ്ട്.