മുംബൈ: ബോളിവുഡ് താരം സോനം കപൂറിനെ കാണാനില്ല. കൃത്യമായ നിബന്ധനകളോടെ സൂര്യനുദിക്കുന്നതിന് മുമ്പ് മകളെ കണ്ടെത്താനാണ് അച്ഛനും നടനുമായ അനിൽ കപൂറിന് ലഭിച്ച സന്ദേശം.ഒന്ന് പൊലീസിനെ വിളിക്കാനാവില്ല. പുറത്ത് നിന്നുള്ള ആരെയും അന്വേഷമത്തിന് കൂട്ടാനാവില്ല, ഒരു ക്യാമറ ഇതെല്ലാം ചിത്രീകരിച്ചു കൊണ്ടേയിരിക്കും ഇതാണ് അനിൽകപൂറിന് ലഭിച്ച മൂന്ന് നിബന്ധനകൾ. സോനത്തിന്റെ തിരോധാനത്തിന് പിന്നിൽ സംവിധായകൻ അനുരാഗ് കശ്യപോ?

ഇക്കാര്യങ്ങളെല്ലാം യഥാർഥത്തിൽ സംഭവിക്കുന്നതോ അതോ മുൻകൂട്ടി തയ്യാറാക്കിയ നാടകമോ? ഇങ്ങനെ പ്രേക്ഷരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുകയാണ് എകെ വേർസസ് എകെ (അനിൽ കപൂർ വേർസസ് അനുരാഗ് കശ്യപ്) എന്ന സിനിമയുടെ ട്രെയ്‌ലർ. കഴിഞ്ഞ ദിവസം പുറത്ത് വിട്ട ട്രെയ്‌ലർ ഇതിനോടകം ശ്രദ്ധേയമായി കഴിഞ്ഞു.ബോളിവുഡിൽ ഇതിനു മുമ്പ് ആരും ചിന്തിക്കാത്തൊരു പ്രമേയവുമായാണ് ചിത്രത്തിന്റെ വരവ്.

ഒരു പത്രസമ്മേളനത്തിനിടെ അനിൽ കപൂറും അനുരാ?ഗും തമ്മിൽ വാക്കേറ്റമുണ്ടാകുന്നതും അനിലിന്റെ മുഖത്തേയ്ക്ക് അനുരാഗ് ദേഷ്യത്തോടെ വെള്ളമൊഴിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളോടെയാണ് ട്രെയിലർ ആരംഭിക്കുന്നത്. വിക്രമാദിത്യ മോട്വാനെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് ചിത്രം പ്രേക്ഷകന് മുന്നിലേക്കെത്തുക.