കണ്ണൂർ: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്കും കൂട്ടുകാർക്കും വാഹനാപകടത്തിൽ പരുക്കേറ്റത് ഇന്ന് പുലർച്ചെ ഒരുമണിയോടെയാണെന്ന് പൊലീസ്. കൂത്തുപറമ്പ് നീർവ്വേലി അളകാപുരിക്ക് സമീപമാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച കാർ റോഡരികിൽ അട്ടിയിട്ട സിമന്റെുകട്ടകളിൽ ഇടിക്കുകയായിരുന്നുവെന്നാണ് പൊലീസ് വിശദീകരണം.

കാറിലുണ്ടായിരുന്ന ആകാശ് തില്ലങ്കേരി, അശ്വിൻ, അഖിൽ, ഷിബിൻ എന്നിവർക്കാണ് പരുക്കേറ്റത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. കൂത്തുപറമ്പ് പൊലിസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചിട്ടുണ്ട്. അപകടത്തിൽപ്പെട്ട കാർ പരിശോധിച്ചതിനു ശേഷം മാറ്റി.കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. പരുക്കേറ്റവർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

രണ്ടു പേർ മരിച്ചത് മറ്റൊരിടത്താണെന്നും പൊലീസ് പറയുന്ിനു. കണ്ണൂർ കൂത്തുപറമ്പിനടുത്ത് തേവക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്കിൽ സഞ്ചരിച്ചിരുന്ന അങ്കമാലി പൂതംകുറ്റി സ്വദേശികളായ രണ്ടു യുവാക്കൾ മരിച്ചുവെന്നാണ് അറിയിപ്പ്. കാഞ്ഞിരത്തിങ്കൽ ജോയിയുടെയും ത്രേസ്യാമ്മയുടെയും മകൻ ജീസൻ ജോയി (23), പണിക്കശേരി ഷാജിയുടെയുടെയും ഐഷയുടെയും മകൻ ഗൗതം കൃഷ്ണ ഷാജി (23) എന്നിവരാണ് മരിച്ചത്. രണ്ട് അപകടങ്ങൾക്കും തമ്മിൽ ബന്ധമില്ലെന്നാണ് പൊലീസ് വിശദീകരണം.

ബാർ ഹോട്ടൽ ജീവനക്കാരായ ജീസനും ഗൗതമും ബൈക്കിൽ വീട്ടിലേക്കു വരുമ്പോഴാണ് അപകടം. മൃതദേഹം കണ്ണൂർ എകെജി ഹോസ്പിറ്റൽ മോർച്ചറിയിൽ. ഇരുവരും അവിവാഹിതരാണ്. ജീസൻ ജോയിയുടെ സഹോദരങ്ങൾ: സെബി, സിൻസി. ഗൗതമിന്റെ സഹോദരി: ആതിര. എന്നാൽ ബാർ ഹോട്ടൽ ജീവനക്കാരുടെ ബന്ധങ്ങളിലേക്ക് അന്വേഷണം പോയാലെ സത്യം പുറത്തു വരൂവെന്ന നിഗമനവും സജീവമാണ്. കണ്ണൂരിൽ അടിക്കടി അപകടങ്ങളും മരണവും പതിവാകുകയാണ്. ഇതാണ് സംശയത്തിന് കാരണം.

ഏത് സാഹചര്യത്തിലാണ് തില്ലങ്കേരിയുടെ വാഹനം അപകടത്തിൽ പെട്ടതെന്നും വ്യക്തമല്ല. സിസിടിവി പരിശോധനയിലൂടെ മാത്രമേ സത്യം പുറത്തു വരൂ. എന്നാൽ പാർട്ടി കേന്ദ്രങ്ങളിലാണ് അപകടമുണ്ടായത്. അതുകൊണ്ട് തന്നെ ദൃശ്യങ്ങൾ പുറത്തുവരാനും സാധ്യത കുറവാണ്. കണ്ണൂർ സ്‌കൈപാലസ് ബാറിലെ ജീവനക്കാരാണ് ബൈക്ക് അപകടത്തിൽ മരിച്ചത്.

ഇവരെ ഇടിച്ച കാറിനേയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ട് ദുരൂഹത ഇല്ലെന്ന് പൊലീസ് തീർത്തു പറയാനും കാരണം. അപ്പോഴും കണ്ണൂരിൽ അടിക്കടിയുണ്ടാകുന്ന അപകട മരണങ്ങളും അതിനോടൊപ്പം ഗുണ്ടാ സംഘങ്ങളുടെ പേരുയരുന്നതും ഈ അപകടങ്ങളേയും സംശയത്തിലാക്കുന്നു.

കൂത്തുപറമ്പ് പൊലിസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചിട്ടുണ്ട്. അപകടത്തിൽപ്പെട്ട കാർ പരിശോധിച്ചതിനു ശേഷം മാറ്റി.കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. ഇടിച്ച ബെലോന കാറിൽ വിശദ പരിശോധന നടത്തും. വിവാദം ഒഴിവാക്കാൻ മോട്ടോർ വാഹന വകുപ്പും പരിശോധനകൾ നടത്തും.