കണ്ണൂർ: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്കും കൂട്ടുകാർക്കും ഉണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ട് ദുരൂഹത നീക്കി പൊലീസ്. രണ്ടു പേരുടെ മരണവുമായി ബന്ധപ്പെട്ട അപകടവുമായി ഇതിന് ബന്ധമില്ലെന്ന് പൊലീസ് പറയുന്നു. അപ്പോഴും തില്ലങ്കേരിയുടെ അപകടത്തിലെ ദുരൂഹ മാറുന്നില്ല. കണ്ണൂരിലെ കലുഷിതമായ രാഷ്ട്രീയമാണ് ഇതിന് കാരണം. സിപിഎമ്മിന് പോലും ഇടക്കാലത്ത് താൽപ്പര്യം നഷ്ടപ്പെട്ട നേതാവാണ് തില്ലങ്കേരി. കൊടി സുനിയും സിപിഎമ്മും തമ്മിൽ അകന്നതും തില്ലങ്കേരിയെ പോലുള്ളവരെ ഒതുക്കുന്നതിന്റെ ഭാഗമായിരുന്നു.

കണ്ണൂർ നഗരത്തിൽ ശനിയാഴ്ച അർധരാത്രിയുണ്ടായ വാഹനാപകടത്തിലാണ് ബൈക്ക് യാത്രക്കാരായ രണ്ടുപേർ മരിച്ചത്. അങ്കമാലി സ്വദേശികളായ ഗൗതം കൃഷ്ണ (23), ജിസ് ജോയ് (23) എന്നിവരാണ് മരിച്ചത്. ഇരുവരും കണ്ണൂരിലെ ഹോട്ടൽ സ്‌കൈ പാലസിലെ ജീവനക്കാരാണ്. ശനിയാഴ്ച രാത്രി 11.30-ഓടെ താവക്കര റോഡിലാണ് അപകടം. ഭക്ഷണം കഴിച്ച് ബൈക്കിൽ മടങ്ങുകയായിരുന്നു ഇരുവരും. എതിർദിശയിൽനിന്നെത്തിയ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റു. ഉടൻ എ.കെ.ജി. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഗൗതം കൃഷ്ണ ആശുപത്രിയിലെത്തുംമുമ്പുതന്നെ മരിച്ചു. ജിസ്ജോയിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഈ അപകടത്തിന്റെ ഫോട്ടോയും പുറത്തു വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ അപകടവുമായി തില്ലങ്കേരിയുടെ അപകടത്തിന് ബന്ധമില്ലെന്ന് വ്യക്തമായി.

ആകാശ് തില്ലങ്കേരിയുടെ കാർ അപകടത്തിൽ പെട്ടത് ഇന്ന് പുലർച്ചെ ഒരുമണിയോടെയാണെന്ന് പൊലീസ് പറയുന്നു. കൂത്തുപറമ്പ് നീർവ്വേലി അളകാപുരിക്ക് സമീപമാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച കാർ റോഡരികിൽ അട്ടിയിട്ട സിമന്റെുകട്ടകളിൽ ഇടിക്കുകയായിരുന്നുവെന്നാണ് പൊലീസ് വിശദീകരണം. ആകാശ് തില്ലങ്കേരിയുടെ കാർ അപകടത്തിൽ ദുരൂഹത ഉണ്ടോ എന്ന് പൊലീസ് പ്രത്യേകം പരിശോധിക്കും. ഏതായാലും രണ്ട് അപകവുമായി ഒരു ബന്ധവുമില്ലെന്നാണ് സൂചന.

കാറിലുണ്ടായിരുന്ന ആകാശ് തില്ലങ്കേരി, അശ്വിൻ, അഖിൽ, ഷിബിൻ എന്നിവർക്കാണ് പരുക്കേറ്റത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. കൂത്തുപറമ്പ് പൊലിസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചിട്ടുണ്ട്. അപകടത്തിൽപ്പെട്ട കാർ പരിശോധിച്ചതിനു ശേഷം മാറ്റി.കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. പരുക്കേറ്റവർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ മൊഴി രേഖപ്പെടുത്തും. അതിന് ശേഷം അപകടത്തിൽ നിഗമനത്തിൽ എത്തും.

ഏത് സാഹചര്യത്തിലാണ് തില്ലങ്കേരിയുടെ വാഹനം അപകടത്തിൽ പെട്ടതെന്നും വ്യക്തമല്ല. സിസിടിവി പരിശോധനയിലൂടെ മാത്രമേ സത്യം പുറത്തു വരൂ. എന്നാൽ പാർട്ടി കേന്ദ്രത്തിലാണ് അപകടമുണ്ടായത്. സിപിഎമ്മിന്റെ കണ്ണിലെ കരടാണ് തില്ലങ്കേരി ഇന്ന്. അർജുൻ ആയങ്ക സ്വർണ്ണ കടത്തു കേസിൽ പെട്ടതോടെയാണ് വിവാദങ്ങളുടെ തുടക്കം. അർജുൻ ആയങ്കിയുടെ കൂട്ടുകാരൻ റമീസ് അപകടത്തിൽ കൊല്ലപ്പെട്ടു. ഇതിന് പിന്നിലും ഗൂഢാലോചനയുണ്ടെന്ന് വ്യക്തമായിരുന്നു. പക്ഷേ അന്വേഷണത്തിൽ ഒന്നും കണ്ടെത്തിയില്ല.

പി ജെ ആർമിയുടെ ഭാഗമായിരുന്നു ആകാശ് തില്ലങ്കേരി എന്നാണ് വിലയിരുത്തൽ. പിന്നീട് പാർട്ടിയിൽ നിന്നും ഒഴിവാക്കി. പിജെ ആർമിയെ ഒറ്റപ്പെടുത്തുകയും ചെയ്തു. കണ്ണൂരിലെ സമ്മേളനങ്ങളിൽ സിപിഎമ്മിന് ഇതെല്ലാം തലവേദനയാകുന്നുണ്ട്. ഇതിനിടെയാണ് ഈ സംഘത്തിലെ പ്രധാനിയുടെ കാർ അപകടത്തിൽ പെടുന്നത്. ടിപി കേസ് പ്രതി കൊടി സുനിയുമായി തില്ലങ്കേരിക്ക് അടുത്ത ബന്ധമുണ്ട്. ഈ സൗഹൃദങ്ങളെ എല്ലാം സിപിഎം പരസ്യമായി തള്ളി പറഞ്ഞു കഴിഞ്ഞു.