പട്ന: ബിഹാർ സ്വദേശിയായ യൂട്ഊബർക്കെതിരെ 500 കോടിയുടെ മാനനഷ്ടക്കേസ് നൽകി ബോളിവുഡ് നടൻ അക്ഷയ് കുമാർ. സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴച്ച് അപവാദപ്രചരണം നടത്തിയെന്ന് ആരോപിച്ചാണ് നടൻ നിയമ നടപടികളിലേക്ക് നീങ്ങിയിരിക്കുന്നത്. റാഷിദ് സിദ്ദിഖി എന്ന യൂട്ഊബർക്കെതിരെയാണ് വക്കീൽ വഴി താരം നോട്ടിസ് നൽകിയത്.

റാഷിദിന്റെ വ്യാജ പ്രചരണങ്ങൾ തനിക്ക് മാനസികവിഷമം ഉണ്ടാക്കിയെന്നും ഇതുമൂലം ധനനഷ്ടവും മാനഹാനിയും സംഭവിച്ചുവെന്നും അക്ഷയ് നോട്ടിസിൽ പറയുന്നു. സുശാന്ത് സിങ് രജ്പുതിന്റെ മരണശേഷം കേസുമായി ബന്ധപ്പെട്ട വീഡിയോകൾ ചെയ്ത് കഴിഞ്ഞ നാല് മാസത്തിനുള്ളിൽ റാഷിദ് 15 ലക്ഷം രൂപ വരുമാനം നേടിയെന്നാണ് അന്വേഷണങ്ങൾ തെളിയിക്കുന്നത്. റാഷിദിന്റെ എഫ്എഫ് ന്യൂസ് എന്ന യൂട്യൂബ് ചാനലിനെതിരെ ശിവസേന ലീഗൽ സെല്ലും പരാതി നൽകി. അതേസമയം തനിക്കെതിരെ ബോളിവുഡ് താരങ്ങൾ പരാതിയുമായി എത്തിയതോടെ റാഷിദ് മുൻകൂർ ജാമ്യം നേടി.

മഹേന്ദ്രസിങ് ധോണിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ 'എംഎസ് ധോണി; ദ് അൺടോൾഡ് സ്റ്റോറി'യിലെ നായകവേഷം സുശാന്തിന് ലഭിച്ചതിൽ അക്ഷയ് കുമാറിന് അതൃപ്തി ഉണ്ടായിരുന്നുവെന്നായിരുന്നു റാഷിദ് സിദ്ദിഖിയുടെ ഒരു ആരോപണം. കേസുമായി ബന്ധപ്പെട്ട് ആദിത്യ താക്കറെയ്ക്ക് മുംബൈ പൊലീസുമായി രഹസ്യകൂടിക്കാഴ്ച നടത്താനും സുശാന്തിന്റെ കാമുകിയായിരുന്ന റിയ ചക്രവർത്തിക്ക് കാനഡയിലേക്ക് കടക്കാനും അക്ഷയ് കുമാർ സഹായിച്ചെന്നും റാഷിദ് സിദ്ദിഖി തന്റെ യൂട്യൂബ് ചാനലിലൂടെ ആരോപിച്ചു.

സുശാന്ത് സിംഗിന്റെ കേസുമായി ബന്ധപ്പെട്ട് വ്യാജപ്രചരണങ്ങളിലൂടെ പണമുണ്ടാക്കാൻ നിരവധിപേർ ശ്രമിച്ചുവെന്നും ഇവർക്കെതിരേ നടപടി സ്വീകരിക്കുമെന്നും ഒരു ഉയർന്ന പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.