തിരുവനന്തപുരം: അഖില ഭാരത ഹിന്ദു മഹാസഭയുടെ കേരള അധ്യക്ഷൻ സ്വാമി ദത്താത്രേയ സായ് സ്വരൂപ്നാഥിനെ തോക്കിന്മുനയിൽ നിർത്തി സംഘടനാ നേതൃത്വം തട്ടിയെടുക്കാൻ ശ്രമം. സ്വാമി താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ കയറിച്ചെന്ന നാലംഗസംഘം തോക്കുചൂണ്ടിയും കത്തികാട്ടിയും ഭീഷണിപ്പെടുത്തി സ്വാമിയിൽ നിന്ന് മുദ്രപത്രങ്ങളും സംഘടനാ ലെറ്റർഹെഡും ഒപ്പിട്ടുവാങ്ങുകയും പണം അപഹരിക്കുകയും ചെയ്തു. സംഘടന ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുന്ന ചിലരാണ് സംഭവത്തിന് പിന്നിലെന്ന് സ്വാമി ദത്താത്രേയ മറുനാടൻ മലയാളിയോട് പറഞ്ഞു. നാലംഗ സംഘം ഹോട്ടൽ മുറി വിട്ട ശേഷം സ്വാമി പറഞ്ഞതനുസരിച്ച് ഹോട്ടൽ ജീവനക്കാർ വിവരം പൊലീസിൽ അറിയിച്ചു. സ്വാമിയുടെ പരാതി പ്രകാരം കേസെടുത്ത പൊലീസ് സംഘത്തിലെ രണ്ടുപേരെ അറസ്റ്റുചെയ്തു. രണ്ടുപേർ ഒളിവിലാണെന്ന് പൊലീസ് മറുനാടനോട് പറഞ്ഞു.

ഇക്കഴിഞ്ഞ എട്ടാംതീയതി വരാപ്പുഴയിലെ ഗോപിക റീജൻസിയിൽ വച്ചാണ് സംഭവം ഉണ്ടായത്. ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തി ഹോട്ടലിൽ തങ്ങിയ സ്വാമി ദത്താത്രേയയെ നാലംഗ സംഘം മുറിയിൽ കയറിച്ചെന്ന് തോക്കുചൂണ്ടിയും കത്തികാട്ടിയും ഭീഷണിപ്പെടുത്തി സംഘടനാ നേതൃസ്ഥാനം ഒഴിയാൻ ആവശ്യപ്പെടുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മൂന്ന് മുദ്രപത്രങ്ങളിലും പത്തിലേറെ സ്റ്റാമ്പൊട്ടിച്ച പേപ്പറുകളിലും സംഘടനയുടെ ലെറ്റർഹെഡുകളിലും ഒപ്പിട്ടുവാങ്ങുകയുമായിരുന്നു. പിന്നീട് കൈവശമിരുന്ന 5000 രൂപ തട്ടിയെടുത്തു.

അതിലും തീരാതെ എടിഎം കാർഡ് വാങ്ങിച്ച് ഒരാൾ പുറത്തുപോയി 30000 രൂപ എടിഎമ്മിൽ നിന്ന് എടുക്കുകയും ചെയ്തുവെന്ന് സ്വാമി പറയുന്നു. ഉടൻ സംഘടനാ സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് മാറിയില്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം മുറിവിട്ടത്. ഇതിന് പിന്നാലെ സ്വാമി ഹോട്ടൽ അധികൃതരെ വിവരം അറിയിച്ചു. അവരാണ് വരാപ്പുഴ പൊലീസിനെ വിളിച്ചുവരുത്തിയത്. സ്വാമിയിൽ നിന്ന് പരാതി എഴുതിവാങ്ങിയ പൊലീസ് കേസുമായി ബന്ധപ്പെട്ട രണ്ടും മൂന്നും പ്രതികളായ സുമേഷ് കൃഷ്ണ, ബൈജു എന്നിവരെ അറസ്റ്റു ചെയ്തിട്ടുണ്ട്. രണ്ടുപേരും എറണാകുളം സ്വദേശികളാണെന്നും ഇരുവരും റിമാൻഡിലാണെന്നും പൊലീസ് മറുനാടനോട് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് സന്തോഷ് സൗഭാഗ് എന്നിവരെ പൊലീസ് തിരയുകയാണ്.

തനിക്ക് നേരത്തെ പരിചയമുള്ളവർ തന്നെയാണ് ഈ അക്രമത്തിന് എത്തിയതെന്ന് സ്വാമി ദത്താത്രേയ മറുനാടനോട് പറഞ്ഞു. ഹൈക്കോടതിയിൽ ലീഗൽ കോർട്ട് ഓഫീസറാണെന്ന് പറഞ്ഞ് തന്നെ വന്ന് മുമ്പ് പരിചയപ്പെട്ടിരുന്ന ആളാണ് സന്തോഷ്. സുമേഷ് കൃഷ്ണ് ഹൈക്കോടതിയിൽ അഡ്വക്കേറ്റ് ആണെന്നാണ് പറഞ്ഞിരുന്നത്. ഇവർ ലീഗൽ വെൽഫെയർ ഫോറമെന്ന സംഘടനയും നടത്തുന്നുണ്ട്. ബൈജുവും സൗഭാഗുമെല്ലാം ഇവരുമായി ചേർന്ന് പ്രവർത്തിക്കുന്നവരാണ്. സന്തോഷിന് സംഘടനയുടെ കൊച്ചിയിലെ ഘടകത്തിൽ പ്രവർത്തിക്കാൻ മുമ്പ് അവസരം നൽകിയിരുന്നെങ്കിലും അവർ പലരേയും ഭീഷണിപ്പെടുത്തി പണം തട്ടുന്നതായി പരാതി ലഭിച്ചതിനെ തുടർന്ന് സംഘടനയിൽ നിന്ന് പുറത്താക്കി.

ഇതിന് പിന്നാലെ കഴിഞ്ഞവർഷം ഹിന്ദുമഹാസഭയുടെ സംസ്ഥാന വൈസ് പ്രസിഡന്റാണെന്ന് പറഞ്ഞ് സന്തോഷ് കുമാർ സ്വയം പ്രചരണം നടത്തുന്നത് ശ്രദ്ധയിൽ പെട്ടതോടെ ഇതിനെതിരെ സംഘടനാ നേതൃത്വം മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. കഴിഞ്ഞ പന്ത്രണ്ടുവർഷമായി സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുള്ള തന്നെ അടുത്തിടെ നാഗർകോവിലിൽ നടന്ന നാഷണൽ കമ്മിറ്റിയിലും സംസ്ഥാന പ്രസിഡന്റായും സൗത്ത് സോൺ ഓർഗനൈസിങ് സെക്രട്ടറിയായും തിരഞ്ഞെടുത്തിരുന്നു. അങ്ങിനെയിരിക്കെയാണ് സംഘടന പിടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഏറ്റവുമൊടുവിൽ ഇങ്ങനെയൊരു അക്രമം നടന്നതെന്ന് സ്വാമ ദത്താത്രേയ പറയുന്നു.

അഡ്വക്കേറ്റുമാരാണെന്ന് പരിചയപ്പെടുത്തി ലീഗൽ വെൽഫെയർ ഫോറത്തിന്റെ പേരിൽ നിരവധി തട്ടിപ്പുകൾ നടത്തുന്നവരാണ് തന്നെ ആക്രമിച്ചതിന് പിന്നിലുമെന്നാണ് സ്വാമിയുടെ പക്ഷം. ഇതിനായി പലതവണയും തന്നെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നേരത്തെയും പൊലീസിന് പരാതി നൽകിയിരുന്നെങ്കിലും യാതൊരു അന്വേഷണവും നടപടിയും ഉണ്ടായിരുന്നില്ല. ഇതിന് പിന്നാലെയാണ് ഫോൺവഴിയുള്ള ഭീഷണിക്ക് പുറമെ ഇത്തരത്തിൽ നേരിട്ടുള്ള ആക്രമണം ഉണ്ടായത്.

അതേസമയം, പൊലീസ് ഈ സംഭവത്തിൽ കേസെടുത്ത് രണ്ടുപേരെ അറസ്റ്റു ചെയ്തെങ്കിലും പ്രതികളെ പറ്റി കൂടുതൽ അറിയില്ലെന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും സ്വാമി പറയുന്നു. അവരെപ്പറ്റി വ്യക്തമായ വിവരം നൽകിയിട്ടും രണ്ടുപേരെ ഇനിയും പിടികൂടിയിട്ടില്ല. കേസുമായി ബന്ധപ്പെട്ട ഒരു എയർ പിസ്റ്റളാണ് പിടികൂടിയതെന്നാണ് പൊലീസ് മറുനാടനോട് വ്യക്തമാക്കിയത്. പിടിയിലാകാനള്ള സന്തോഷ്, സൗഭാഗ് എന്നിവർക്കായി തിരച്ചിൽ നടത്തിവരികയാണെന്നും പൊലീസ് പറഞ്ഞു. പ്രതികൾ നേരത്തേയും തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി സന്ദേശങ്ങൾ നിരന്തരം അയച്ചിരുന്നതായി സ്വാമി ദത്താത്രേയ മറുനാടനോട് പറഞ്ഞു.

സന്തോഷും ബിജുവും ചേർന്ന് തോക്ക് കയ്യിൽ പിടിച്ച പടമുൾപ്പെടെ അയച്ചാണ് ഭീഷണിപ്പെടുത്തിയിരുന്നത്. ഹോട്ടൽ മുറിയിൽവച്ച് സൗഭാഗ് എന്നയാളാണ് കത്തിചൂണ്ടി ഭീഷണിപ്പെടുത്തിയതെന്ന് സ്വാമി പറഞ്ഞു. സംഘടനയെ അട്ടിമറിക്കാനുള്ള എല്ലാ നീക്കങ്ങൾക്കെതിരെയും ശക്തമായ നിലപാട് സ്വീകരിക്കുമെന്നും സ്വാമി ദത്താത്രേയ വ്യക്തമാക്കി.