മുംബൈ: തന്നിൽ പോരായ്മകൾ ഉള്ളതുകൊണ്ടല്ല ഇന്ത്യൻ ടീമിൽ ഇടംനേടാൻ പ്രയാസപ്പെട്ടിരുന്നതെന്ന് ഇന്ത്യൻ സ്പിന്നർ അക്ഷർ പട്ടേൽ. രവീന്ദ്ര ജഡേജ മികവ് കാണിച്ചതോടെ കാര്യങ്ങൾ തനിക്ക് കൂടുതൽ പ്രയാസമായെന്ന് അക്ഷർ പറഞ്ഞു.

എന്നിൽ എന്തെങ്കിലും പോരായ്മയുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. നിർഭാഗ്യം കൊണ്ട് എനിക്ക് പരിക്ക് സംഭവിക്കുകയും ഏകദിന ടീമിൽ സ്ഥാനം നഷ്ടപ്പെടുകയും ചെയ്തു. ടെസ്റ്റിൽ അശ്വിനും ജഡേജയും മികവ് കാണിച്ച് വന്നു. രവീന്ദ്ര ജഡേജ പുറത്തെടുത്ത പ്രകടനം വെച്ച് മറ്റ് ഏതൊരു ലെഗ് സ്പിന്നർ ഓൾ റൗണ്ടർക്കും ടീമിൽ ഇടം നേടാൻ പ്രയാസമായി, അക്ഷർ പറയുന്നു.

റിസ്റ്റ് സ്പിന്നർമാരായ കുൽദീപും ചഹലും മികച്ച് നിന്നു. ടീം കോമ്പിനേഷൻ നോക്കിയപ്പോഴാണ് ഞാൻ പുറത്തായത്. എനിക്ക് അവസരം ലഭിച്ചപ്പോൾ എന്റെ മികവ് ഞാൻ കാണിച്ചുകൊടുക്കാൻ ശ്രമിച്ചു, അക്ഷർ പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലാണ് അക്ഷർ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. അരങ്ങേറ്റ ടെസ്റ്റിൽ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച് ഒൻപതാമത്തെ ബൗളറാണ് അക്ഷർ. ദിലീപ് ജോഷിക്ക് ശേഷം ഈ നേട്ടത്തിലേക്ക് എത്തുന്ന രണ്ടാമത്തെ മാത്രം ലെഗ് സ്പിന്നറും.

റെഡ് ബോൾ ക്രിക്കറ്റിൽ രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ഫസ്റ്റ് ചോയിസ് ലെഗ് സ്പിൻ ഓൾറൗണ്ടർ. ഓസ്‌ട്രേലിയൻ പര്യടനത്തിൽ വെച്ച് വിരലിന് പരിക്കേറ്റ ജഡേജ മാറി നിന്നതോടെയാണ് അക്ഷർ പട്ടേലിന് വിളിയെത്തിയത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ഇന്ത്യ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചുകൾ ഒരുക്കിയപ്പോൾ അക്ഷറായിരുന്നു ഇന്ത്യയുടെ വജ്രായുധം. ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച പരമ്പരയിൽ തന്നെ അക്ഷർ പിഴുതത് 27 വിക്കറ്റുകൾ.