തിരുവനന്തപുരം: സംവിധായകനും ഛായാഗ്രാഹകനുമായ വേണുവും നടൻ അലൻസിയറുമായുള്ള പ്രശ്‌നം പറഞ്ഞു തീർത്തുവെന്ന് സൂചന. വേണുവിന്റെ പരാതി ഫെഫ്ക താര സംഘടനയായ അമ്മയ്ക്ക് കൈമാറിയിരുന്നു. എക്‌സിക്യൂട്ടീവ് കമ്മറ്റി കൂടി ഈ വിഷയം 'അമ്മ' ചർച്ച ചെയ്യാനിരിക്കെയാണ് പ്രശ്‌നം പറഞ്ഞു തീർക്കുന്നത്. ഈ സാഹചര്യത്തിൽ അലൻസിയറിനെതിരെ നടപടിയുണ്ടാകില്ല. ഈ തർക്കത്തിന് ആധാരമായ കഥ പറച്ചിൽ സംഭവത്തിന്റെ വിശദാംശങ്ങൾ മറുനാടന് കിട്ടി. വേണുവിന്റെ ഫ്‌ളാറ്റിലാണ് സംഭവം നടന്നത്.

'ഫെഫ്ക റൈറ്റേഴ്‌സ് യൂണിയൻ അസോസിയേഷൻ ഒരുക്കുന്ന സിനിമയിലെ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കാനാണ് അലൻസിയർ, വേണുവിന്റെ വീട്ടിലെത്തുന്നത്. വന്നപ്പോൾ അദ്ദേഹം അൽപം മദ്യപിച്ചിട്ടുണ്ടായിരുന്നു എന്നാണ് മനസ്സിലാകുന്നത്. വേണുവിനെപ്പോലെ വളരെ സീനിയറായ, ബഹുമാനിക്കപ്പെടുന്ന ഒരാളോട് മോശമായാണ് അദ്ദേഹം പെരുമാറിയതെന്നാണ് പരാതിയിൽനിന്ന് അറിയാൻ കഴിഞ്ഞത്. മദ്യപിച്ചതുകൊണ്ടാണ് ഇങ്ങനെ പെരുമാറിയതെന്ന് അലൻസിയർ പിന്നീട് പറഞ്ഞു. പക്ഷേ അതൊരു കാരണമല്ലല്ലോ' എന്നായിരുന്നു സംഭവത്തോട് ഫെഫ്ക ഭാരവാഹിയായ എസ് എൻ സ്വാമി പ്രതികരിച്ചത്. എന്നാൽ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ വേണുവിനോട് അലൻസിയർ മാപ്പു പറഞ്ഞുവെന്നാണ് സൂചന.

നെടുമുടി വേണുവിന്റെ വീട്ടിൽ നിന്നാണ് പ്രശ്‌നങ്ങളുടെ തുടക്കം. നെടുമുടിയുടെ മരണം അറിഞ്ഞാണ് അലൻസിയർ ആ വീട്ടിലെത്തിയത്. അവിടെ വച്ച് വേണുവിനെ അലൻസിയർ കണ്ടു. സിനിമയുടെ കഥാ ചർച്ച വേണെന്നും ആവശ്യപ്പെട്ടു. മരണ വീട്ടിൽ വച്ച് കഥ പറയാൻ വേണു തയ്യാറായില്ല. പിറ്റേ ദിവസം കോളിങ് ബെൽ കേട്ട് സ്വന്തം വീട്ടിന്റെ വാതിൽ തുറന്നിറങ്ങിയ വേണു കണ്ടത് അലൻസിയറെയാണ്. വീട്ടിനുള്ളിൽ കയറ്റി കഥ പറയാനും തയ്യാറായി. ഇതിനിടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. പ്രകോപിതനായി സ്വന്തം അച്ഛനെ പോലും അപമാനിക്കുന്ന തരത്തിൽ അലൻസിയർ പെരുമാറിയെന്നാണ് വേണുവിന്റെ പരാതി. സ്വന്തം വീട്ടിലെ ചർച്ചയ്ക്കിടെ ഇറങ്ങി പോകോണ്ട അവസ്ഥ പോലും വേണുവിന് ഉണ്ടായി എന്നതാണ് വസ്തുത.

കഥാ ചർച്ചയ്ക്കിടെ സംസാരം പരിധി വിട്ടു. പല കോണിലേക്ക് ചർച്ച നീങ്ങി. ഇതിനിടെ ചാടി എഴുന്നേറ്റ് തന്റെ പതിവ് ശൈലിയിൽ വേണുവിനെ കൈകൾ ഉയർത്തി പ്രതികാത്മക വെടിവയ്‌പ്പും അലൻസിയർ നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അലൻസിയറിനെതിരായ ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ പരാതി 'അമ്മ' സംഘടനയ്ക്കു കൈമാറിയത്. 'അലൻസിയറിനെതിരായ പരാതി റൈറ്റേഴ്‌സ് യൂണിയൻ, ഫെഫ്ക ഫെഡറേഷന് കൈമാറി. ഈ വിഷയത്തിൽ 'അമ്മ' സംഘടനയുടെ മറുപടി കിട്ടാനാണ് ഞങ്ങൾ കാത്തിരിക്കുന്നത്. അയാൾ 'അമ്മ'യുടെ അംഗമാണല്ലോ. നടന്ന സംഭവത്തിൽ കൃത്യമായ മറുപടി കിട്ടണം എന്നതാണ് ഞങ്ങളുടെ ആവശ്യം. എന്നാൽ മാത്രമേ ഇത് ഒത്തുതീർപ്പാക്കാൻ പറ്റുമോ എന്നുപോലും പറയാനാകൂ. പ്രോട്ടോക്കോൾ അനുസരിച്ച് സംഘടനകൾ വഴിയാണ് ഇത്തരം പരാതികളും പരിഹാരങ്ങളും മുന്നോട്ടുപോകുന്നത്.

വ്യക്തികൾ അല്ലല്ലോ തീരുമാനങ്ങൾ എടുക്കുന്നത്. 'അമ്മ'യിൽ എക്‌സിക്യൂട്ടിവ് കമ്മിറ്റി ചേർന്ന ശേഷമാകും തീരുമാനമുണ്ടാകുക. അതിന് സമയമെടുക്കും. മദ്യപിച്ച് അസഭ്യമായല്ല അദ്ദേഹം സംസാരിച്ചത്. എന്നാൽ ഒരുതരത്തിലും നിലവാരത്തിന് യോജിക്കാത്ത ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ മറുപടി റൈറ്റേഴ്‌സ് യൂണിയന് നൽകിയിട്ടുമുണ്ട്.' എസ്.എൻ. സ്വാമി വ്യക്തമാക്കിയിരുന്നു. അംഗങ്ങളുടെ ക്ഷേമ പ്രവർത്തനത്തിനുള്ള ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായി റൈറ്റേഴ്സ് യൂണിയൻ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വേണുവാണ്. കാപ്പ എന്നാണ് ചിത്രത്തിന്റെ പേര്.

പൃഥ്വിരാജും ആസിഫ് അലിയും മഞ്ജു വാരിയരും അന്നാ ബെന്നുമാണ് താരനിരയിൽ. ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ അലൻസിയറെയും പരിഗണിച്ചിരുന്നു. കഥാപാത്രത്തെക്കുറിച്ച് സംസാരിക്കാൻ വേണു ക്ഷണിച്ചതിനാലാണ് അലൻസിയർ വേണുവിന്റെ വീട്ടിലെത്തിയത്. അലൻസിയർ മദ്യപിച്ചിരുന്നെന്നും തന്നോട് മോശമായി പെരുമാറിയെന്നുമാണ് വേണുവിന്റെ പരാതി. ആദ്യമല്ല അലൻസിയറിനെതിരെ സഹപ്രവർത്തകർ പരാതിപ്പെടുന്നത്. മുൻപ് അലൻസിയർ അപമര്യാദയായി പെരുമാറിയെന്ന് ഒരു നടി മീ ടൂ വെളിപ്പെടുത്തൽ നടത്തുകയും പരാതിപ്പെടുകയും ചെയ്തിരുന്നു.

അന്ന് നടിയോട് പരസ്യമായി മാപ്പുപറഞ്ഞാണ് പ്രശ്‌നം പരിഹരിച്ചത്. പിന്നീട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമർപ്പണച്ചടങ്ങിൽ വേദിയിലുണ്ടായിരുന്ന മോഹൻലാലിനെതിരെ വെടിയുതിർക്കുന്നതു പോലെ വിരൽ ചൂണ്ടി അലൻസിയർ പ്രതിഷേധിച്ചതും വിവാദമായിരുന്നു.