ചേർത്തല:ആലപ്പുഴ ബൈപാസ് ഉദ്ഘാടനത്തിനു പ്രധാനമന്ത്രി എത്തിയേക്കും. ഉദ്ഘാടനത്തിന് എത്താൻ പ്രധാനമന്ത്രിക്കു താൽപര്യമുണ്ടെന്ന് അറിയിച്ച് പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്ന് ഇ- മെയിൽ ലഭിച്ചെന്ന് മന്ത്രി ജി.സുധാകരൻ അറിയിച്ചു. കഴിഞ്ഞ 20നാണ് സന്ദേശം ലഭിച്ചത്. പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യുന്നതായി തിരികെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര സർക്കാരിന് കീഴിലുള്ളതാണ് ബൈപാസ് പദ്ധതി. അതിന്റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തുന്നത് സന്തോഷമുള്ള കാര്യമാണ്. പദ്ധതിക്ക് അതിലൂടെ കൂടുതൽ പ്രാധാന്യം ലഭിക്കുകയും ചെയ്യും. ബൈപാസിന്റെ പണി അവസാന ഘട്ടത്തിലാണ്. അവ പൂർത്തിയാക്കി ഈ മാസം അവസാനമോ ജനുവരിയിലോ കമ്മിഷൻ ചെയ്യാമെന്നാണ് ആലോചിക്കുന്നത്.

ആദ്യ പദ്ധതിയിൽ അപ്രോച്ച് റോഡുകൾ വിഭാവനം ചെയ്തിരുന്നില്ല. എൽഡിഎഫ് സർക്കാർ വന്ന ശേഷമാണ് അത്തരം പ്രശ്നങ്ങൾ പലതും പരിഹരിച്ചത്. ചെലവിന്റെ ഭൂരിഭാഗവും സംസ്ഥാന സർക്കാരാണ് വഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.