ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ചികിത്സയിൽ വീണ്ടും അധികൃതരുടെ ഗുരുതര വീഴ്ച. ചികിൽസയിലുള്ള രോഗി മരിച്ചെന്ന് ബന്ധുക്കൾക്ക് തെറ്റായി വിവരം നൽകി. കോവിഡ് ബാധിച്ച് ചികിൽസയിലിരുന്ന കായംകുളം പള്ളിക്കൽ സ്വദേശി രമണൻ മരിച്ചെന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ നിന്നും രാത്രി ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ശനിയാഴ്ച മൃതദേഹം കൈമാറാമെന്നും, ആംബുലൻസുമായി എത്താനുമായിരുന്നു നിർദ്ദേശം.

ഇതനുസരിച്ച് ബന്ധുക്കൾ സംസ്‌കാരചടങ്ങുകൾക്കുള്ള ക്രമീകരണങ്ങൾ നടത്തി. ആംബുലൻസുമായി എത്തിയപ്പോഴാണ് രമണൻ മരിച്ചിട്ടില്ലെന്നും വെന്റിലേറ്ററിൽ ചികിൽസയിൽ തുടരുകയാണെന്നും അറിയിച്ചു.

മരണ വിവരം ആശുപത്രിയിൽ നിന്നും അറിയിച്ചത് അനുസരിച്ച് ബന്ധുക്കളും നാട്ടുകാരുമെത്തുകയും ആദരാഞ്ജലി പോസ്റ്റട അടക്കം അടിക്കുകയും ചെയ്തിരുന്നു. ആശുപത്രി അധികൃതരുടെ ഗുരുതര വീഴ്ചയ്ക്ക് എതിരെ ബന്ധുക്കൾ രംഗത്തെത്തി. തുടർന്ന് ബന്ധുക്കൾ മെഡിക്കൽ കോളജ് സൂപ്രണ്ടിനെ കണ്ടപ്പോൾ പരാതി എഴുതി നൽകാൻ നിർദേശിച്ചു.

ഇന്നലെയും ആലപ്പുഴ മെഡിക്കൽ കോളജിൽ അധികൃതരുടെ വീഴ്ചയുണ്ടായിരുന്നു. കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാറി നൽകി. ചേർത്തല സ്വദേശി കുമാരന്റെ ബന്ധുക്കൾക്കാണ് മൃതദേഹം മാറി നൽകിയത്.

കുമാരന്റെ മൃതദേഹത്തിന് പകരം കായംകുളം കൃഷ്ണപുരം മുണ്ടകത്തറ തെക്കതിൽ രമണന്റെ (70) മ!ൃതദേഹമാണു നൽകിയത്. ചേർത്തലയിൽ കൊണ്ടുപോയ മൃതദേഹം കുമാരന്റേതല്ലെന്നു തിരിച്ചറിഞ്ഞ് ബന്ധുക്കൾ രാത്രി പത്തു മണിയോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുമാരന്റെ മൃതദേഹം അപ്പോഴും കോവിഡ് വാർഡിൽ ഉണ്ടായിരുന്നു. ഇതേത്തടുർന്ന് രാത്രി മെഡിക്കൽ കോളജിൽ സംഘർഷവും ഉണ്ടായിരുന്നു.

ചികിൽസയിലുള്ള രോഗി മരിച്ചെന്ന് തെറ്റായ വിവരം നൽകിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ആലപ്പുഴ മെഡിക്കൽ കോളജിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് പരിശോധിക്കും. ആശുപത്രിയുടെ വീഴ്ചയിൽ പ്രാഥമിക അന്വേഷണം നടത്തുമെന്നും മന്ത്രി പഅറിയിച്ചു.

ആശുപത്രിയിൽ മൃതദേഹം മാറി നൽകിയത് സംബന്ധിച്ചുള്ള അന്വേഷണവും നടക്കുകയാണ്. ഇത്തരം സംഭവങ്ങൾ ആലപ്പുഴ മെഡിക്കൽ കോളേജിൽ ആവർത്തിക്കുന്നത് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.