ആലപ്പുഴ: അനാഥമായതു രണ്ടുകുടുംബങ്ങൾ. രണ്ടിടത്തും കണ്ടത് കരളലിയിക്കുന്ന കാഴ്ചകൾ. പ്രിയപ്പെട്ടവരുടെ വേർപാടിൽ ഉറ്റവർ നെഞ്ചുപൊട്ടിക്കരയുമ്പോൾ ആശ്വസിപ്പിക്കാൻ ആർക്കും വാക്കുകളില്ലായിരുന്നു. നാല് പെൺകുട്ടികൾക്കാണ് രണ്ട് കൊലപാതകങ്ങളിലൂടെ അച്ഛൻ ഇല്ലാതായത്.

എന്റിക്ക പാവമായിരുന്നു; എന്നിട്ടും കൊന്നുകളഞ്ഞില്ലേ... 'എന്റിക്ക ഇല്ലാത്തവീട്ടിൽ ഞാനിനി എന്തിനാ. ഇക്ക പാവമായിരുന്നില്ലേ. എന്നിട്ടും വെട്ടിക്കൊന്നുകളഞ്ഞില്ലേ...'. എസ്.ഡി.പി.ഐ. സംസ്ഥാനസെക്രട്ടറി കെ.എസ്. ഷാന്റെ മൃതദേഹം മണ്ണഞ്ചേരി പൊന്നാട്ടുള്ള 'അൽഷ' വീട്ടിലെത്തിച്ചപ്പോൾ ഭാര്യ ഫൻസിലയ്ക്ക് സങ്കടംസഹിക്കാനായില്ല. മക്കളായ ഹിബാ ഫാത്തിമയുടെയും ഫിദ ഫാത്തിമയുടെയും നിലവിളി ഉച്ചത്തിലായി. ഇതോടെ കണ്ടുനിന്നസ്ത്രീകളും പൊട്ടിക്കരഞ്ഞു. 'ശനിയാഴ്ച ഉച്ചയ്ക്ക് ചോറുണ്ട് വീട്ടിൽ നിന്നിറങ്ങിയതായിരുന്നു ഇക്ക. വൈകുന്നേരം ഏഴോടെ വീട്ടിലേക്കു വരികയാണെന്നുപറഞ്ഞു വിളിച്ചു'. മൃതദേഹം പൊതുദർശനത്തിനായി പൊന്നാടുള്ള മൈതാനിയിലേക്ക് കൊണ്ടുപോകുമ്പോഴും ഫൻസില വാവിട്ടുകരയുകയായിരുന്നു.

ആറാംക്ലാസിലും യു.കെ.ജി.യിലും പഠിക്കുന്ന രണ്ടുപെൺകുട്ടികളുടെ പഠനവും ഉത്തരവാദിത്വവുമെല്ലാം ഇനി ഫൻസിലയിലാണ്. കളമശ്ശേരി മെഡിക്കൽകോളേജ് ആശുപത്രിയിൽനിന്നു പോസ്റ്റ്മോർട്ടം കഴിഞ്ഞ് ഞായറാഴ്ച വൈകുന്നേരം 4.50-ഓടെയാണ് ഷാന്റെ മൃതദേഹം വീട്ടിലെത്തിച്ചത്. വൻജനാവലി ഷാന് അന്തിമോപചാരമർപ്പിക്കാനെത്തിയിരുന്നു. പിന്നീട് ഒരുമണിക്കൂറോളം പൊന്നാട് മുഹിയിദ്ദീൻ പള്ളിക്കു സമീപമുള്ള മൈതാനിയിൽ പൊതുദർശനത്തിനുവെച്ചു. മയ്യത്ത് നമസ്‌കാരത്തിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്തു. പിന്നീട് മൃതദേഹം മുഹിയിദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

'എനിക്ക് മകനെ നഷ്ടപ്പെട്ടു. ഇതുപോലെ ഇനിയും കൊലപാതകങ്ങളുണ്ടായാൽ ഇനിയും കുഞ്ഞുങ്ങൾ വഴിയാധാരമാകും. രാഷ്ട്രീയം രാഷ്ട്രീയമായിത്തന്നെ കാണാനുള്ള മനഃസ്ഥിതി പ്രബുദ്ധ കേരളത്തിനുണ്ടാകണം. എന്നെപ്പോലെ കഷ്ടപ്പെട്ട് അച്ഛന്മാർ കുട്ടികളെ വളർത്തിക്കൊണ്ടുവന്ന്, അവർ ഒരു ആശയത്തിൽ വിശ്വസിക്കുമ്പോൾ അതിന്റെ പേരിൽ അവരെ കൊലപ്പെടുത്തുക എന്നതു വേദനാജനകമാണ്. ഇവിടെ രണ്ടു പെൺകുഞ്ഞുങ്ങളാണു വഴിയാധാരമായത്' കൊല്ലപ്പെട്ട എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാനിന്റെ പിതാവ് സലീം പറയുന്നു.

'എനിക്ക് എത്രകാലം ഈ ചെറിയ മക്കളെ സഹായിക്കാനോ വളർത്താനോ പറ്റും. ഈ ക്രൂരത കാണിക്കുവാൻ അവർക്കുണ്ടായ മനസ്സുപോലും എന്തിനാണെന്ന് അറിയാതെയിരിക്കുകയാണ് ഞാനും എന്റെ കുടുംബവും. ഷാൻ രാഷ്ട്രീയമായി വിശ്വസിച്ച പ്രസ്ഥാനത്തിനു വേണ്ടി പ്രവർത്തിച്ചു എന്നതൊഴിച്ചാൽ മറ്റാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ പ്രവർത്തിച്ചവനല്ല. ആരെയെങ്കിലും സഹായിക്കുകയല്ലാതെ ഉപദ്രവിക്കാൻ അവന് ആവില്ല' സലിം പറഞ്ഞു.

ഇന്നലെ രാവിലെയോടെ വീട്ടിലേക്ക് ആളുകൾ കൂട്ടമായെത്തിയതോടെ ഫൻസില തളർന്നു വീണു. മുഹമ്മ കെഇ കാർമൽ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി ഫിബ ഫാത്തിമയും നഴ്‌സറി വിദ്യാർത്ഥിനി ഫിദ ഫാത്തിമയും ഉമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു. വീട്ടിൽ അടുത്ത ബന്ധുക്കൾക്കും കുടുംബാംഗങ്ങൾക്കുമാണ് അന്തിമോപചാരം അർപ്പിക്കുവാൻ സൗകര്യം ഒരുക്കിയിരുന്നത്. പ്രവർത്തകർക്കും നാട്ടുകാർക്കുമായി പൊന്നാട് പള്ളിക്ക് മുന്നിലെ മൈതാനിയിൽ തയാറാക്കിയ പന്തലിൽ മയ്യത്ത് നിസ്‌കാരത്തിന് അവസരമൊരുക്കി. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി നേതൃത്വം നൽകി. തുടർന്നാണ് പള്ളിയിൽ ഖബറടക്കം നടത്തിയത്.

എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയാണ് മണ്ണഞ്ചേരിക്കു കൊണ്ടുവന്നത്. ദേശീയപാതയിൽ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തകർ അന്തിമോപചാരം അർപ്പിച്ചു. എ.എം.ആരിഫ് എംപി, എംഎൽഎമാരായ പി. പി.ചിത്തരഞ്ജൻ, എച്ച്.സലാം എന്നിവർ ആദരാഞ്ജലിയർപ്പിക്കാനെത്തി. ക്യാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ ഷാൻ പ്രവർത്തിച്ചിട്ടുണ്ട്. 2016ൽ അമ്പലപ്പുഴയിൽ നിന്ന് നിയമസഭയിലേക്ക് എസ്ഡിപിഐ സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്. അന്ന് 1622 വോട്ടുകളും പിന്നീട് 2019ൽ ആലപ്പുഴ ലോക്‌സഭ മണ്ഡലത്തിൽ നിന്നു മത്സരിച്ചപ്പോൾ 3593 വോട്ടുകളും ലഭിച്ചു. മണ്ണഞ്ചേരിയിൽ കർട്ടൻ ജോലികൾ ചെയ്തുകൊടുക്കുന്ന സ്ഥാപനം നടത്തിയിരുന്ന ഷാൻ കട പൂട്ടി വീട്ടിലേക്കു മടങ്ങുമ്പോഴാണ് ആക്രമിക്കപ്പെട്ടത്.

അമ്മ പ്രാർത്ഥിച്ചെത്തുമ്പോൾ കേട്ടത് മകന്റെ നിലവിളി

സമീപത്തെ അമ്മൻകോവിലിൽ രഞ്ജിത്ത് ശ്രീനിവാസന് പാലഭിഷേകം നടത്തിയെത്തുമ്പോൾ അമ്മ പി.വി. വിനോദിനി കേട്ടത് മകന്റെ നിലവിളി. പെട്ടെന്ന് അകത്തേക്കുവന്നപ്പോൾ മകനെ ഒരുസംഘം കൂടംകൊണ്ടടിക്കുന്നതാണു കണ്ടത്. എതിർക്കാൻനോക്കിയപ്പോൾ വിനോദിനിയുടെ കഴുത്തിൽ അക്രമികൾ വടിവാളമർത്തി. രഞ്ജിത്തിന്റെ ഇളയമകൾ ഹൃദ്യയും ഭാര്യ അഡ്വ. ലിഷയും ഓടിയെത്തിയപ്പോൾ വടിവാൾവീശി ഓടിച്ചു.

ശബരിമലയിൽ പോയിവന്ന അനുജൻ അഭിജിത്ത് ശ്രീനിവാസൻ ഉണർന്നെത്തുമ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന ജ്യേഷ്ഠനെയാണു കണ്ടത്. ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി എടുക്കുമ്പോഴേക്കും ജീവൻനഷ്ടപ്പെട്ടിരുന്നു. ഇടവഴിയിലെങ്ങും രക്തം തളംകെട്ടിയിരുന്നു. രഞ്ജിത്തിന്റെ മൂത്തമകൾ ഒൻപതാംക്ലാസുകാരി ഭാഗ്യയ്ക്കു ട്യൂഷൻതുടങ്ങുന്നത് ആറരയ്ക്കായിരുന്നു. അടുത്തുള്ള വീട്ടിലേക്ക് ട്യൂഷനുപോയപ്പോൾ തുറന്നവാതിൽ പൂട്ടിയിരുന്നില്ല. അത് അനായാസം അകത്തുകടക്കാൻ അക്രമികൾക്കു സഹായമായി.

എല്ലാവരോടും സൗഹൃദംപുലർത്തിയിരുന്ന രഞ്ജിത്തിന്റെ വീട്ടിലേക്ക് ആർക്കും കടന്നുവരാമായിരുന്നു. ബിജെപി.യിലെ സൗമ്യമുഖമായിരുന്നു രഞ്ജിത്ത്. 2016 നിയമസഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ മത്സരിച്ചിരുന്നു. ആരോടും വഴക്കിനു പോയിട്ടില്ല. പിന്നെയെന്തിനാണ് കൊലപാതകമെന്ന് ഇപ്പോഴും ആർക്കും അറിയില്ല. ശത്രുക്കളില്ലാതിരുന്ന അദ്ദേഹത്തെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്താൻ പരിചയമുള്ള ആർക്കും കഴിയുമായിരുന്നില്ലെന്ന് സമീപവാസികളും പറഞ്ഞു.