കൊല്ലം: അലക്‌സ് കെ.മാത്യുസിന്റെ മരണത്തോടെ നഷ്ടമാകുന്നത് ഓഹരി വിപണിയിലെ പ്രമുഖ അനലിസ്റ്റിനെ. ഓഹരി വിപണയിലെ ചലനങ്ങൾ സസുക്ഷ്മം വീക്ഷിച്ചിരുന്ന വിദഗ്ധനായിരുന്നു അദ്ദേഹം. കൊല്ലം മുളങ്കാടകം മനയിൽകുളങ്ങര മണത്തറയിൽ കുടുംബാഗമായ അലക്‌സ് കെ.മാത്യുസിന്റെ മരണം ഇന്നലെയാണ് സംഭവിച്ചത്. കൊല്ലം ട്രാവൻകൂർ മെഡിസിറ്റി മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

വിടപറഞ്ഞത് ഓഹരി വിപണി സംബന്ധിച്ച് ശ്രദ്ധേയമായ പുസ്തകങ്ങളുടെ ഗ്രന്ഥകർത്താവാണ്. ദീർഘകാലം ജിയോജിത് റിസർച്ച് ഹെഡ് ആയിരുന്നു. മികച്ച സ്റ്റോക്ക് മാർക്കറ്റ് അനലിസ്റ്റിനുള്ള പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽനിന്ന് ഏറ്റുവാങ്ങി. ഭാര്യ: കൊട്ടാരക്കര കിഴക്കേ വീട്ടിൽ ആനി അലക്‌സ്. മക്കൾ: അഞ്ജു (ജർമനി), സൂസൻ (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ). മരുമകൻ: ജോൺ കെവിൻ ലോപ്പസ് (ഇൻഫോസിസ്, ജർമനി).

സാമ്പത്തിക ശാസ്ത്രവുമായി ബന്ധപ്പെട്ട് വിദേശത്ത് അടക്കം നിരവധി പ്രബന്ധങ്ങൾ അലക്‌സിന്റേതായുണ്ട്. ദേശീയ ചാനലുകളിൽ അടക്കം സാമ്പത്തിക വിശകലനത്തിലൂടെ ശ്രദ്ധ നേടുകയും ചെയ്തു. റോയിട്ടേഴുസും ഡൗ ജോൺസ് വയറും ന്യൂസ് വയർ 18 അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളും നിരന്തരമായി അലക്‌സിന്റെ ആശയങ്ങളും വിശകലനങ്ങളും വാർത്തയായി നൽകാറുണ്ടായിരുന്നു. അങ്ങനെ ഓഹരി വിപണിയിൽ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ട മലയാളിയായിരുന്നു അലക്‌സ് കെ മാത്യൂസ്.

ഇരുപത് വർഷമായി ഓഹരി വിശകലനത്തിൽ ശ്രദ്ധേയനായി നിലകൊണ്ട അലക്‌സ് എട്ട് പുസ്തകങ്ങളും രചിച്ചു. ഇതെല്ലാം നല്ല വായനക്കാരേയും നേടിയ പുസ്തകങ്ങളാണ്.