ന്യൂഡൽഹി: കേന്ദ്രമന്ത്രി റാവു സാഹിബ് ദാൻവെയുടെ പ്രസ്താവനക്കെതിരെ വിമർശനവുമായി അഖിലേന്ത്യ കിസാൻസഭ രംഗത്ത്. കർഷകസമരത്തിന് പിന്നിൽ പാക്-ചൈനീസ് ഗൂഢാലോചനയാണെന്ന ദാൻവേയുടെ പ്രസ്താവനക്കെതിരായാണ് കർഷക സംഘടന രംഗത്തുവന്നത്. പ്രസ്താവന കർഷകരെ അപമാനിക്കുന്നതാണെന്നും കർഷകർ പറഞ്ഞു. കേന്ദ്ര സർക്കാറിന്റെ കാർഷിക വിരുദ്ധബില്ലിനെതിരെ സമരമുഖത്തുള്ള തങ്ങൾ ആരുടെയും താത്പര്യങ്ങൾ അനുസരിച്ചല്ല സമരം ചെയ്യുന്നത്. കർഷക ദ്രോഹ ബില്ലിനെതിരെ സ്വന്തം താത്പര്യ പ്രകാരമാണ് സമരമുഖത്തുള്ളതെന്നും അവർ പറഞ്ഞു.

പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട സർക്കാർ നിയമങ്ങളിൽ രാജ്യത്തെ മുസ് ലിംകൾ തെറ്റിദ്ധരിപ്പിക്കപ്പെട്ടു. പക്ഷേ അത് വിലപ്പോവാത്തതിനാലാണ് കർഷകരെ അവർ (പാക്കിസ്ഥാനും ചൈനയും) രംഗത്തിറക്കിയത്. പുതിയ നിയമങ്ങൾ മൂലം കർഷകർക്ക് നഷ്ടമുണ്ടാകുമെന്ന് അവരെ പറഞ്ഞ് വിശ്വസിപ്പിച്ചിരിക്കുകയാണെന്നും ദാൻവെ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി കർഷകരുടെ പ്രധാനമന്ത്രിയാണ്. അദ്ദേഹത്തിന്റെ തീരുമാനങ്ങൾ കർഷകർക്ക് എതിരായിരിക്കില്ല.കേന്ദ്രം പണം ചെലവിടുന്നത് കർഷകരുടെ ക്ഷേമത്തിലാണ്. അത് മറ്റുള്ളവർക്ക് ഇഷ്ടപ്പെടുന്നില്ലെന്നും റാവു സാഹിബ് ദാൻവെ പറഞ്ഞിരുന്നു.

അതേസമയം കർഷക സമരം പതിനഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഗ്രാന്റ് ട്രങ്ക് റോഡിൽ നിരന്നു കിടക്കുന്ന വാഹനങ്ങൾക്കിടയിൽ തമ്പുകളുയർന്നിട്ടുണ്ട്. ഒന്നും രണ്ടും പേർക്ക് താമസിക്കാവുന്ന എളുപ്പത്തിൽ കൊണ്ടുനടക്കാവുന്ന കൊച്ചു തമ്പുകൾ മുതൽ നടുറോഡിൽ ഇരുമ്പുകാലുകൾ സ്ഥാപിച്ചുറപ്പിച്ച കൂറ്റൻ തമ്പുകൾ വരെ ഉയർന്നുകഴിഞ്ഞു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കർഷകരെ വിളിച്ച് നടത്തിയ ചർച്ച പരാജയപ്പെടുകയും സർക്കാർനിലപാട് മാറ്റാതെ ഇനിയൊരു ചർച്ച വേണ്ടെന്ന് വെക്കുകയും ചെയ്തതിനു പിറ്റേന്ന് കൂടുതൽ തമ്പുകളും പന്തലുകളുമുയർത്തുന്ന തിരക്കിലാണ് കർഷകർ. വളന്റിയർമാർക്കും സേവനത്തിനായി വരുന്ന വിവിധ സംഘടനകൾക്കും ആരോഗ്യ പ്രവർത്തകർക്കുമുള്ള പന്തലുകളുമുയർന്നതോടെ സിംഘു പതിനായിരങ്ങൾ സംഗമിക്കുന്ന സമര നഗരിയായി മാറിയിരിക്കുന്നു. സിംഘുവിനെ നഗരിയാക്കി കർഷകരുടെ ദീർഘകാലവാസത്തിനുള്ള ഒരുക്കങ്ങൾ കണ്ട ഡൽഹി സർക്കാർ 150ഓളം ടോയ്‌ലറ്റുകൾ കൊണ്ടു വന്ന് സ്ഥാപിച്ചിട്ടുണ്ട്.

കൈയും വീശി വരുന്നവർക്കും ലങ്കറുകൾ ഇടതടവില്ലാതെ വിളമ്പുന്ന ഭക്ഷണങ്ങൾക്കു പുറമെ സമരസ്ഥലത്ത് രാപ്പാർക്കുന്നവർക്കുള്ള ടൂത്ത് ബ്രഷ് മുതൽ തണുപ്പുമാറ്റുന്നതിനുള്ള സോക്‌സും മഫ്‌ളറും കമ്പിളിപ്പുതപ്പും വരെ സന്നദ്ധ സംഘടനകളും വ്യക്തികളും വിതരണം ചെയ്യുന്നുണ്ട്. കർഷകസമരം അവസാനിപ്പിക്കാനുള്ള പോംവഴി തേടി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അയച്ച ഭേദഗതി നിർദേശങ്ങളടങ്ങിയ രേഖ ഐകകണ്‌ഠ്യേന തള്ളിയ കർഷക സംഘടനകൾ സമരം ശക്തമാക്കാൻ തീരുമാനിച്ചു. ഡൽഹി - ജയ്പുർ ഹൈവേ അടപ്പിക്കുക, റിലയൻസ് മാളുകൾ ബഹിഷ്‌കരിക്കുക, ടോൾ പ്ലാസകൾ പിടിച്ചടക്കുക തുടങ്ങി പ്രക്ഷോഭം ശക്തമാക്കുന്നതിനുള്ള നിരവധി പരിപാടികളും നേതാക്കൾ വാർത്തസമ്മേളനത്തിൽ പ്രഖ്യാപിച്ചു.

ഡിസംബർ 14ന് രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തും. ഭാരത് ബന്ദ് രാജ്യവ്യാപകമായി കർഷകർക്ക് അനുകൂലമായി സൃഷ്ടിച്ച വികാരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അമിത് ഷാ ചൊവ്വാഴ്ച രാത്രി എട്ടുമണിക്ക് ഡൽഹിയിലെ 'പുസ ഇൻസ്റ്റിറ്റ്യൂട്ടി'ൽ കർഷക നേതാക്കളെ വിളിച്ച് ചർച്ച നടത്തിയത്. നിയമം പിൻവലിക്കാൻ സർക്കാർ തയാറാകാത്തതിനാൽ പരാജയപ്പെടുകയായിരുന്നു.