അലഹാബാദ്: വിവാഹത്തിനായുള്ള മതം മാറ്റത്തെ എതിർത്ത് അലഹാബാദ് ഹൈക്കോടതി. വിവാഹത്തിനായി മാത്രമുള്ള മതംമാറ്റം സ്വീകാര്യമല്ലെന്ന് കോടതി വ്യക്തമാക്കി. പൊലീസ് സംരക്ഷണം തേടി ദമ്പതികൾ നൽകിയ ഹർജി തള്ളിയാണ് ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠി ഇക്കാര്യം വ്യക്തമാക്കിയത്.

ഒരുമാസം മുൻപ് ഹിന്ദു മതത്തിലേക്കു പരിവർത്തനം ചെയ്ത മുസ്‌ലിം യുവതി ഹിന്ദു യുവാവിനെ വിവാഹം ചെയ്തു. വിവാഹത്തിനുവേണ്ടി മാത്രമാണ് മതംമാറ്റമെന്നു നീരീക്ഷിച്ച കോടതി, ഇതേ വിഷയത്തിൽ 2014ൽ ഇതേ കോടതിയിലുണ്ടായ വിധിന്യായം പരാമർശിക്കുകയും ചെയ്തു. ഹിന്ദുമതത്തിൽ നിന്ന് ഇസ്‌ലാം മതം സ്വീകരിച്ചു വിവാഹിതയായ യുവതി സംരക്ഷണം ആവശ്യപ്പെട്ട കേസായിരുന്നു അത്. മതത്തെക്കുറിച്ച് അടിസ്ഥാനപരമായ അറിവോ വിശ്വാസമോ ഇല്ലാതെ വിവാഹത്തിനുവേണ്ടി മാത്രം സ്വീകരിക്കുന്നത് സാധുവല്ലെന്നായിരുന്നു അന്നത്തെ കോടതി വിധി.

ഹിന്ദു മതത്തിൽനിന്ന്‌ ഇസ്ലാമിലേക്കു മതംമാറിയ യുവതിയും ഭർത്താവും സമർപ്പിച്ച റിട്ട്‌ ഹർജികളാണു 2014-ൽ അലഹബാദ്‌ ഹൈക്കോടതി തള്ളിയത്‌. ഇസ്ലാമിനെപ്പറ്റിയോ വിശ്വാസത്തെപ്പറ്റിയോ ഒന്നുമറിയാതെ, വിവാഹത്തിനായി മാത്രം നടത്തിയ മതംമാറ്റം സാധുവാകുമോയെന്നാണു കോടതി അന്നു ചോദിച്ചത്‌. പ്രായപൂർത്തിയായതും മികച്ച മാനസികാരോഗ്യമുള്ളതുമായ സ്‌ത്രീയോ പുരുഷനോ, ഏകദൈവമായ അള്ളാഹുവിലും പ്രവാചകനായ മുഹമ്മദിലും ഉത്തമവിശ്വാസമർപ്പിച്ചുള്ള മതംമാറ്റമേ സാധുവാകൂവെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്‌ ഉപോദ്‌ബലകമായി ലില്ലി തോമസും ഇന്ത്യൻ സർക്കാരുമായുള്ള കേസിലെ സുപ്രീം കോടതി നിലപാടും ചൂണ്ടിക്കാട്ടി.