ന്യൂഡൽഹി: നോബൽ സമ്മാനജേതാവ് അമർത്യസെന്നിനെതിരെ ഭൂമി തട്ടിയെടുത്തെന്ന് ആരോപണം. അനധികൃതമായി ഭൂമി കൈവശം വെച്ചിരിക്കുകയാണെന്ന് കാണിച്ച് പശ്ചിമബംഗാൾ സർക്കാരിന് വിശ്വഭാരതി സർവകലാശാല കത്തയച്ചതോടെയാണ് വിവാദം കൊഴുക്കുന്നചത്. തങ്ങളുടെ ഡസൻ കണക്കിനുള്ള പ്ളോട്ടുകൾ രേഖകളിൽ സ്വകാര്യ വ്യക്തികളുടെ പേരിൽ തെറ്റായി രേഖപ്പെടുത്തിയിരിക്കുകയാണെന്നാണ് വാദം. ഭൂമി അനധികൃതമായി കൈവശം വെച്ചിരിക്കുന്ന അമർത്ത്യാസെൻ അടക്കമുള്ളവരുടെ പേരുകൾ ഉൾപ്പെട്ട പട്ടികയും കൈമാറിയിട്ടുണ്ട്.

ഗേൾസ് ഹോസ്റ്റൽ, അക്കാദമിക ഡിപ്പാർട്ട്മെന്റുകൾ, വൈസ് ചാൻസലറുടെ ഔദ്യോഗിക വസതി തുടങ്ങി തെറ്റായി രേഖപ്പെടുത്തിയിരിക്കുന്ന പ്ളോട്ടുകളിൽ ഇവയെല്ലാം പെടുന്നു. സർക്കാർ രേഖകളിൽ ഉടമസ്ഥാവകാശം ആരോപിക്കപ്പെട്ടിരിക്കുന്നത് തെറ്റായ റെക്കോഡാണെന്നും പറയുന്നു.

അനധികൃതമായി സ്വകാര്യ വ്യക്തികൾക്ക് റസ്റ്റോറന്റുകളും സ്‌കൂളുകളും മറ്റു ബിസിനസ് കേന്ദ്രങ്ങളും നിർമ്മിക്കാൻ രബീന്ദ്രനാഥ് ടാഗോർ സർവകലാശാല ഭൂമി സ്വമേധയാ നൽകിയിട്ടുള്ളതായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും സർവകലാശാല പറയുന്നു. അമർത്യാസെന്നിനെതിരേ ആരോപിക്കപ്പെട്ടിരിക്കുന്നത് 13 ഡെസിമൽ ഭൂമിയാണ്. ഇവിടെ അനധികൃത ജോലികൾ ചെയ്യുന്നു. സെന്നിന്റെ പിതാവ് സർവകലാശാലയിൽ നിന്നും പാട്ടത്തിനെടുത്ത 125 ഡെസിമലിന് പുറമേയാണിത്.

അതേസമയം തങ്ങളുടെ വീട് ഉൾപ്പെടെയുള്ളവ ഇരിക്കുന്നത് വിശ്വഭാരതിയുമായി ദീർഘകാല പാട്ടക്കരാറിൽ ഉള്ള ഭൂമിയാണെന്നും അത് കാലാവധി കഴിഞ്ഞിട്ടില്ലെന്നും അതുകൊണ്ടു തന്നെ തങ്ങളെ പുറത്താക്കാമെന്നത് വൈസ് ചാൻസലറുടെ സ്വപ്നം മാത്രമാണെന്നാണ് അമർത്യാസെന്നിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്ന മറുപടി. 1980 കൾക്കും 90 കൾക്കും ഇടയിലാണ് വ്യാജരേഖകൾ ചമച്ചതെന്നാണ് വിശ്വഭാരതി എസ്റ്റേറ്റ് ഓഫീസ് പറയുന്നത്. ശാന്തി നികേതന്റെ ഭാഗമായ ആശ്രമത്തിലെ പ്രമുഖരായ ആൾക്കാരുടെ റെസിഡൻഷ്യൽ ഹബ്ബായ പുരവാപള്ളി മേഖലയിലാണ് ഈ പ്ളോട്ടുകളിൽ കൂടുതലും കിടക്കുന്നത്.

1990 അവസാനം മുതൽ സർവകലാശാലയുടെ ഭൂമിയിൽ നടന്ന കയ്യേറ്റം സംബന്ധിച്ച രേഖകൾ വിദ്യാഭ്യാസ മന്ത്രാലയത്തിനും സിഎജിക്കും സർവകലാശാല അയച്ചിട്ടുണ്ട്. 77 പ്ളോട്ടുകളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കാര്യത്തിൽ തെറ്റു തിരുത്തണമെന്ന് ആവശ്യപ്പെട്ട് 2020 ൽ വിശ്വഭാരതി സർവകലാശാല എസ്റ്റേറ്റിലെ വിവിധ ഓഫീസുകൾക്ക് ഒരു ആഭ്യന്തര റിപ്പോർട്ട് നൽകിയിരുന്നു.