മുംബൈ: മുംബൈ നീലച്ചിത്ര നിർമ്മാണ കേസിൽ അറസ്റ്റിലാ വ്യവസാസി രാജ് കുന്ദ്രക്കെതിരെ മൊഴി നൽകി മറ്റൊരു നടിയും. മുംബൈ മൽവാനി പൊലീസ് സ്റ്റേഷനിലാണ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്. സ്വകാര്യഭാഗങ്ങൾ കാണിക്കില്ല എന്ന ഉറപ്പിൽ ഇന്റിമേറ്റ് രംഗങ്ങൾ ചിത്രീകരിച്ചു എന്ന് യുവതി പൊലീസിനോട് പറഞ്ഞു. ഈ ചിത്രങ്ങൾ ഹോട്ട് ഷോട്ട്‌സ് വഴി പ്രചരിപ്പിച്ചുവെന്നുമാണ് യുവതി മൊഴി നൽകിയിരിക്കുന്നത്.

ഒരു സുഹൃത്ത് പറഞ്ഞാണ് വീഡിയോ പ്രചരിക്കുന്നത് അറിഞ്ഞത്. വീഡിയോയിൽ കട്ടോ, എഡിറ്റിംഗോ നടത്താതെ, തന്റെ സ്വകാര്യഭാഗങ്ങൾ അടക്കം കാണാൻ കഴിയുന്ന തരത്തിലാണ് വീഡിയോ പ്രദർശിപ്പിച്ചതെന്നും യുവതി മൊഴി നൽകി. വീഡിയോ ചിത്രീകരണത്തിന് കുറഞ്ഞ പ്രതിഫലമാണ് നൽകിയത്. ഇന്റിമേറ്റ് രംഗങ്ങൾ വളരെ ഒഴിച്ചു കൂടാനാകാത്തതാണെന്നും, ശരീരഭാഗങ്ങൾ കാണാത്ത തരത്തിൽ ഇത് എഡിറ്റ് ചെയ്തു മാത്രമേ കാണിക്കൂ എന്നും ചിത്രീകരണ വേളയിൽ തനിക്ക് ഉറപ്പു നൽകിയിരുന്നു. എന്നാൽ ഇതു പാലിക്കാൻ രാജ് കുന്ദ്ര തയ്യാറായില്ലെന്നും നടി മൊഴിയിൽ വ്യക്തമാക്കി.

നീലച്ചിത്ര നിർമ്മാണക്കേസിൽ രാജ് കുന്ദ്രയ്ക്കും നടി ഗെഹന വസിഷ്ഠിനുമെതിരെ പുതിയൊരു എഫ്ഐആർ കൂടി രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. അതിനിടെ, നീലച്ചിത്രക്കേസിൽ മജിസ്ട്രേട്ട് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ജാമ്യാപേക്ഷയുമായി കുന്ദ്ര സെഷൻസ് കോടതിയെ സമീപിച്ചു. കേസ് 10 ന് കോടതി പരിഗണിക്കും.

അതേസമയം നീലച്ചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് ഭർത്താവ് രാജ് കുന്ദ്ര അറസ്റ്റിലായതിനെ തുടർന്നുണ്ടായ വിവാദത്തിൽ നിലപാട് വ്യക്തമാക്കി ബോളിവുഡ് താരം ശിൽപ ഷെട്ടിയും കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ആദ്യമായാണ് താരം ഈ വിഷയത്തിൽ പ്രതികരണം അറിയിക്കുന്നത്. വെല്ലുവിളി നിറഞ്ഞ ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നവയിൽ പലതും സത്യമല്ലെന്നും ശിൽപ പറയുന്നു. മാധ്യമ വിചാരണ തങ്ങൾക്ക് ആവശ്യമില്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും ശിൽപ വ്യക്തമാക്കി.