തിരുവനന്തപുരം: ആറ്റിങ്ങൽ അവനവഞ്ചേരിയിൽ വഴിയോരത്ത് മീൻ വിൽക്കുകയായിരുന്ന  അൽഫോൻസിയയെ കൈയേറ്റം ചെയ്ത സംഭവം മനുഷ്യാവകാശ ലംഘനമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ. വിഷയത്തിൽ കമ്മീഷൻ അതിശക്തമായ ഇടപെടൽ നടത്തും. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

 സംഭവത്തെ കുറിച്ച് സത്യസന്ധമായ അന്വേഷണം നടത്തി സെപ്റ്റംബർ 10 നകം ആറ്റിങ്ങൽ നഗരസഭാ സെക്രട്ടറി  റിപ്പോർട്ട് ഫയൽ ചെയ്യണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. കേസ് സെപ്റ്റംബർ 15 ന് പരിഗണിക്കും. ശക്തമായ തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് സൂചന.

ജനങ്ങൾ പലതരത്തിലുള്ള പ്രയാസങ്ങൾ അനുഭവിക്കുന്ന കോവിഡ് കാലത്ത് കുടുംബം പുലർത്താൻ മീൻ വിൽപ്പന നടത്തിയിരുന്ന സ്ത്രീയുടെ ജീവിത മാർഗ്ഗം നഗരസഭ ഉദ്യോഗസ്ഥർ  തടസ്സപ്പെടുത്തിയതായി ഉത്തരവിൽ പറയുന്നു. അവർക്ക് ഭീമമായ സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടുണ്ട്. കുടുംബത്തിലെ ഏക വരുമാനക്കാരിയായ അൽഫോൻസിയയുടെ ശരീരത്തിന് പരിക്കേറ്റതായി മനസിലാക്കുന്നതായി ഉത്തരവിൽ പറയുന്നു.

ആറ്റിങ്ങൽ നഗരസഭാ ജീവനക്കാർ പൊതുസ്ഥലത്ത് മീൻ വിൽപ്പന നടത്താൻ ശ്രമിച്ച അൽഫോൻസിയ എന്ന 56കാരിയോട് കാട്ടിയ ക്രൂരതയുടെ വീഡിയോ സോഷ്യൽ മീഡിയയിലും നിയമസഭയിലും ചർച്ചയായിരുന്നു. മുമ്പും പല തവണ നഗരസഭയിൽ നിന്ന് ജീവനക്കാരെത്തി നല്ല മീൻ എടുത്തുകൊണ്ടുപോയിട്ടുണ്ടെന്ന് അൽഫോൻസിയ. പിടിവലിയിൽ ചെരുവത്തിനിടിച്ച് നിലത്ത് വീണപ്പോൾ സഹായിക്കാനെത്തിയവരെ ജീവനക്കാർ തടഞ്ഞതായും അൽഫോൻസിയ ആരോപിച്ചിരുന്നു.
 
മകളെ വിവാഹം ചെയ്തയച്ചതിന്റെ കടംവീട്ടാനാണ് സർജറിക്ക് ശേഷമുള്ള രോഗാവശത വകവെക്കാതെ റോഡുവക്കിൽ മീൻ കുട്ടയുമായി വരുന്നതെന്നും അൽഫോൻസിയ വിശദീകരിച്ചു. അവര് മൂന്ന് പേരും കൂടി ഓടിയിരച്ചു വന്നു. അമ്മേടെ(എന്റെ)തലയിലിരുന്ന ചെരുവം മീന് അവര് പിടിച്ചുവലിച്ചു. ഒരാളാണ് പിടിച്ചുവലിച്ചത്. ചെരുവം ഞാൻ കൊടുത്തില്ല. ഞാൻ ഈ കൈ കൊണ്ട് വലിച്ചപ്പോൾ കൈ പൊട്ടി. എന്റെ കൊഞ്ച് എടുക്കല്ലേ പത്ത് ഇരുപതിനായിരത്തിന്റെ മീനാണെന്ന് പറഞ്ഞു.

വലിയ വിലക്ക് എടുത്ത മീനാണെന്ന് പറഞ്ഞു. കേട്ടില്ല. നമ്മള് വെളിയിൽ ഇറങ്ങിപ്പോയില്ലേ അഞ്ച് പേർക്ക് ആഹാരം കിട്ടില്ല. നമ്മടെ വീട് പട്ടിണിയാണ്. മുട്ടിന് നീരാണ്. അവര് മൂന്ന് പേരും കൂടെ എന്നെയും ചെരുവവും വലിച്ചു. മീൻ ചിതറിച്ച് റോഡിൽ കളഞ്ഞു. അത് ചവറ് കുപ്പയിൽ വാരിക്കളഞ്ഞു. അവരെന്നെ പങ്കപ്പാട് വരുത്തി. വേറെ ആളുകളാണ് എന്നെ ആശുപത്രിയിൽ കൊണ്ടുപോയത്. ഞാൻ റോട്ടീ കിടന്നപ്പോ അവര് പറഞ്ഞു പൊലീസിൽ പിടിച്ചുകൊടുക്കുമെന്ന്. അതാണ് വിഷമം-എന്നായിരുന്നു അവരുടെ വേദന. ഇതാണ് കമ്മീഷനും തിരിച്ചറിയുന്നത്.

മുമ്പും പല തവണയും ആറ്റിങ്ങൽ നഗരസഭാ ജീവനക്കാർ മീനെടുത്തുകൊണ്ട് പോയിട്ടുണ്ടെന്ന് അൽഫോൻസിയ ആരോപിച്ചിരുന്നു. നല്ല മീനൊക്കെ വരുമ്പോൾ അവർ എടുത്തോണ്ടുപോകും. എന്റെ മീൻ മാത്രം കൊണ്ടുപോകും. ഞാനൊരു പാവപ്പെട്ടവളായോണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. ഞാൻ അതോടഎ തകർന്നു. ചരുവം വാങ്ങാൻ പോയില്ല. ഇനീം മീനെടുത്താൽ ഞാൻ ചത്തുകിടക്കും എന്ന് പറഞ്ഞു-അൽഫോൻസിയ വിശദീകരിച്ചത് ഇങ്ങനെയാണ്.

മീൻ വലിച്ചെറിഞ്ഞതിൽ ന്യയീകരണവുമായി ആറ്റിങ്ങൽ നഗരസഭ രംഗത്ത് വന്നിരുന്നു. റോഡരികിലെ മീൻവിൽപനയ്ക്കെതിരെ പരാതി ഉണ്ടെന്നായിരുന്നു നഗരസഭ അധ്യക്ഷയുടെ വിശദീകരണം. നഗരസഭ കച്ചവട സ്ഥലങ്ങൾ ഒരുക്കിയിട്ടുണ്ട്, അത് ഉപയോഗിക്കുകയാണ് വേണ്ടതെന്നും മാർക്കറ്റിലല്ലാതെ മൽസ്യവിൽപന അനുവദിക്കാനാവില്ലെന്നും നഗരസഭാ അധ്യക്ഷ വിശദീകരിച്ചിരുന്നു.