ലണ്ടൻ: മാമ്പഴകൂട്ടത്തിൽ മൽഗോവയാണു നീ... എന്നാണ് പി . ഭാസ്‌കരൻ തന്റെ ഗാനത്തിൽ പറഞ്ഞത്. എന്നാൽ, അതുക്കും മേലെയാണ് അൽഫോൻസോ എന്ന് സായിപ്പന്മാർ പറയുന്നു. ലോകത്തിൽ ഒരുപക്ഷെ ഇത്രയധികം പേർ കാത്തിരിക്കാനുണ്ടെങ്കിൽ അത് അൽഫോൻസോ മാമ്പഴത്തിനു മാത്രമായിരിക്കുമെന്നാണ്ബ്രിട്ടനിലെ ഒരു പഴക്കച്ചവടക്കാരൻ പറയുന്നത്. സീസണിൽ ഒരിക്കൽ മാത്രം എത്തുന്ന ഈ ഇന്ത്യൻ പഴരാജാവിനായി ബ്രിട്ടനിലാകമാനം 1000-ൽ അധികം പേരാണത്രെ ബുക്ക് ചെയ്ത് കാത്തിരിക്കുന്നത്.

തനത് രുചിയും മണവും ഒപ്പം അതീവ ഗുണമേന്മയുമുള്ള ഈ മാമ്പഴത്തിനായി കാത്തിരിക്കുന്നവരൊക്കെയും സാധാരണക്കാരല്ല, സെലിബ്രിറ്റി ഷെഫുകളായ റേയ്മൊണ്ഡ് ബ്ലാങ്ക്, ജേസൺ ആതെർട്ടൺ എന്നിവർ പോലും ഈ മാമ്പഴ രാജാവിന്റെ മഹത്വം പാടി നടക്കുകയാണ്. അധികമായി പടിഞ്ഞാറൻ ഇന്ത്യയിൽ കൃഷിചെയ്യപ്പെടുന്ന ഈ ഇനം പക്ഷെ വർഷത്തിൽ മൂന്നു മാസം മാത്രമേ ലഭ്യമാവുകയുള്ളു എന്നതാണ് ബ്രിട്ടീഷുകാരുടെ സങ്കടം.

മാർച്ച് മുതൽ ജൂലായ് വരെ നീണ്ടു നിൽക്കുന്നതാണ് ബ്രിട്ടനിലെ അൽഫോൻസൊ മാമ്പഴക്കാലം. ഈ 12 ആഴ്‌ച്ചകൾകൊണ്ട് 5 ലക്ഷം മാമ്പഴങ്ങൾ വിറ്റുപോകും എന്നാണ് പ്രതീക്ഷിക്കുന്നത്. പശ്ചിമ ഇന്ത്യയിലെ കൃഷിപ്പാടങ്ങളിൽ നിന്നും ആരംഭിക്കുന്ന അൽഫോൻസോയുടെ യാത്ര പലപ്പോഴും ബ്രിട്ടനിലെ വൻ റെസ്റ്റോറന്റുകളിലും സമ്പന്നരുടെ തീൻ മേശയിലുമൊക്കെയായിരിക്കും അവസാനിക്കുക.

ഗോവൻ അധിനിവേശം നടത്തിയ അൽഫോൻസോ ആൽബൂക്കർക്ക് എന്ന പോർച്ചുഗീസ് സൈനികത്തലവനിൽ നിന്നാണ് ഈ മാമ്പഴത്തിന് അൽഫോൻസോ എന്ന പേര് ലഭിക്കുന്നത്. ഇന്ത്യ ആക്രമിക്കാൻ പോർച്ചുഗലിന്റെ ബ്രസീലിയൻ കോളനികളിൽ നിന്നെത്തിയ ആൽബൂക്കർക്കും സംഘവും ബ്രസീലിൽ നിന്നും കൊണ്ടുവന്ന മാമ്പഴത്തിന്റെ വിത്തുകൾ ഇന്ത്യൻ മണ്ണിൽ മുളപ്പിക്കുകയായിരുന്നു. എന്നാൽ, ഇന്ത്യൻ മണ്ണിന്റെ ജൈവവും രാസപരവുമായ വ്യത്യസ്തത കൊണ്ട് ഒരു സങ്കരയിനത്തെ പോലെ തീർത്തും വ്യത്യസ്തമായ രുചിയും ഗന്ധവുമിതിനുണ്ടായി.

മറ്റു പഴങ്ങളോക്കെ പാകമാകുന്നതിനു മുൻപ് തന്നെ പറിച്ചെടുത്ത് വിപണിയിൽ എത്തിക്കുമെങ്കിലും അൽഫോൻസോ അപ്രകാരം ചെയ്യാൻ സാധിക്കുകയില്ല . ഭക്ഷ്യയോഗ്യമാകുമ്പോൾ മാത്രമേ ഇത് പറിച്ചെടുക്കാൻ കഴിയുകയുള്ളു. അതായത്, ഇത് പെട്ടെന്ന് കേടാകാനുള്ള സാധ്യതയുണ്ടെന്നർത്ഥം. അതുകൊണ്ടു തന്നെ ഇത് വിലക്കൂടുതലുള്ള ഇനം കൂടിയാണ്. മാത്രമല്ല, ഇത് ഇന്ത്യയിൽ നിന്നും എത്തിക്കുന്നത് വ്യോമമാർഗ്ഗമാണ്. കാലതാമസം ഒഴിവാക്കുവാനാണ് ഇപ്രകാരം ചെയ്യുന്നത്.